ADVERTISEMENT

കൊല്ലം∙ പൊലീസിൽ ജോലിക്ക് അപേക്ഷിച്ച ഒളിംപ്യൻ അനിൽ കുമാറിനു പ്രായപരിധി കഴിഞ്ഞതിനാൽ ജോലി നൽകാൻ കഴിയില്ലെന്ന് 7 വർഷങ്ങൾക്കു ശേഷം പൊലീസിന്റെ മറുപടി. 2013 ൽ സമർപ്പിച്ച അപേക്ഷയ്ക്കാണ് ഇന്നലെ രേഖാമൂലം മറുപടി ലഭിച്ചത്. കേരള പൊലീസിൽ സ്പോർട്സ് ക്വോട്ട നിയമനങ്ങൾ നടത്തുന്നത് 25 വയസ്സ് വരെയാണെന്നും രാജ്യാന്തര താരങ്ങൾക്ക് വയസ്സിളവ് നൽകാറുണ്ടെങ്കിലും നിലവിൽ കേരള പൊലീസിൽ യോഗ്യതയുള്ള കോച്ചുമാർ ഉള്ളതിനാൽ താങ്കൾക്ക് അനുയോജ്യമായ ജോലികൾ ഒന്നും തന്നെയില്ല എന്നുമാണ് മറുപടി.‌

ഒഴിവുകൾ ഉള്ളതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ നൽകിയതെന്നും മറുപടി തരാൻ 7 വർഷം വൈകിപ്പിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്നും അനിൽ കുമാർ പറയുന്നു. നേരിട്ടുള്ള നിയമനം വഴി രാജ്യാന്തര താരങ്ങൾക്ക് പൊലീസിൽ ജോലി ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ നൽകിയത്.

രാജ്യാന്തര റെക്കോർഡുകൾ ഉണ്ടായിട്ടും ധ്യാൻചന്ദ് അവാർഡിനുൾപ്പെടെ തന്നെ പരിഗണിക്കാത്തതിലും അനിൽകുമാറിന് പരാതിയുണ്ട്. പറക്കും സിങ് എന്നറിയപ്പെട്ടിരുന്ന മിൽഖാ സിങിന്റെ 39 വർഷം പഴക്കമുണ്ടായിരുന്ന 200 മീറ്ററിലെ ദേശീയ റെക്കോർഡ് തിരുത്തിയാണ് അനിൽ കുമാറിന്റെ തുടക്കം. പിന്നീട് അതേ റെക്കോർഡ് തന്നെ അനിൽകുമാർ പലതവണ തിരുത്തി.

സിഡ്നി ഒളിംപിക്സിൽ രാജ്യത്തെ പ്രതീനിധീകരിച്ചു. സാഫ് ഗെയിംസിലും ഏഷ്യൻ ഗ്രാൻഡ് പ്രീയിലും ഉൾപ്പെടെ സ്വന്തം റെക്കോർഡുകൾ 22 തവണ ഓടിത്തിരുത്തിയ ചരിത്രവുമുണ്ട് ‘ഹരിപ്പാട് എക്സ്പ്രസ്’ എന്നറിയപ്പെട്ടിരുന്ന അനിൽകുമാറിന്. സൈന്യത്തിലായിരുന്ന സമയത്ത് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ തേടിയെത്തിയതൊഴിച്ചാൽ പറയത്തക്ക പുരസ്കാരങ്ങളൊന്നും അനിലിന് കിട്ടിയിട്ടില്ല. വിരമിച്ച ശേഷം 7 വർഷമായി കൊല്ലം സായിയിൽ പരിശീലകനാണ്.

English Summary: Olympian Anil Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com