ADVERTISEMENT

മലപ്പുറം ∙ സംസ്ഥാനത്തെ കായിക താരങ്ങൾക്കുള്ള ട്രാക്ക് സ്യൂട്ടുകൾ വിതരണം ചെയ്ത സ്ഥാപനം പണം തേടി ഹൈക്കോടതിയിൽ. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിലെ 9500 കായിക താരങ്ങൾക്കുള്ള ട്രാക്ക് സ്യൂട്ടുകൾ വിതരണം ചെയ്ത പെരിന്തൽമണ്ണയിലെ സ്ഥാപനത്തിനു 79.32 ലക്ഷം രൂപയാണ് സ്പോർട്സ് കൗൺസിലിൽ നിന്നു ലഭിക്കാനുള്ളത്. എന്നാൽ ബിൽ സമർപ്പിച്ച് 10 മാസം പിന്നിട്ടും ഒരു ഗഡുപോലും ലഭിച്ചില്ലെന്നു ഹർജിയിൽ പറയുന്നു. ഇതിനായുള്ള പണം പൊതുഭരണ വകുപ്പിൽ നിന്നു സ്പോർട്സ് കൗൺസിലിനു കൈമാറിയതായി വിവരം ലഭിച്ചിട്ടുണ്ട്.

ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കേരള ടീം അംഗങ്ങൾക്കും സ്പോർട്സ് ഹോസ്റ്റലുകളിലെ അംഗങ്ങൾക്കും കൗൺസിലിന്റെ വിവിധ പരിശീലന പദ്ധതികളിൽ ഉൾപ്പെട്ടവർക്കുമാണ് സ്പോർട്സ് കൗൺസിൽ ഔദ്യോഗിക ട്രാക്ക് സ്യൂട്ട് നൽ‌കാറുള്ളത്. ഇതിന്റെ കരാർ ആദ്യമായി സ്വന്തമാക്കിയ കേരള കമ്പനിയാണു പെരിന്തൽമണ്ണയിലെ സ്ഥാപനം. കഴിഞ്ഞവർഷം മാർച്ചിൽ നടന്ന ടെൻഡറിൽ ഉൽപന്നത്തിന്റെ ഗുണനിലവാരം പരിശോധിച്ചശേഷമാണു കരാർ അനുവദിച്ചത്.

കഴിഞ്ഞ ഡിസംബറിനു മുൻപായി കരാർ പ്രകാരമുള്ള ട്രാക്ക് സ്യൂട്ടുകൾ കൗൺസിലിനു കൈമാറിയതായി സ്ഥാപന ഉടമ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. എന്നാൽ‌ സാമ്പത്തിക വർഷം അവസാനിക്കും മുൻപ് പണം നൽകുമെന്ന കരാർ കൗൺസിൽ പാലിച്ചില്ല. ഇതിനെതിരെ മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും പരാതി നൽകിയതിനു പിന്നാലെ ധനകാര്യ വകുപ്പിൽ നിന്നു പണം സ്പോർട്സ് കൗൺസിലിനു കൈമാറിയിരുന്നു. പക്ഷേ ആ പണം ഇതുവരെ സ്ഥാപനത്തിനു നൽകിയിട്ടില്ല.

ഭക്ഷണ അലവൻസ്: കുടിശിക 3.5 കോടി

സ്പോർട്സ് കൗൺസിൽ സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകൾക്കു നൽകാനുള്ള ഭക്ഷണ അലവൻസ് മാസങ്ങളായി മുടങ്ങിയതിനിടെയാണു പുതിയ വിവാദം. താരങ്ങളുടെ ഭക്ഷണത്തിനു സർക്കാർ നൽകുന്ന 200 രൂപയുടെ പ്രതിദിന അലവൻസ് കേരള സ്പോർട്സ് കൗൺസിലിനു കീഴിലുള്ള 108 ഹോസ്റ്റലുകൾക്കു 3 മാസമായി ലഭിച്ചിട്ടില്ല. ജനുവരി മുതൽ മാർച്ച് വരെ മൂന്നരക്കോടി രൂപയുടെ കുടിശ്ശികയുണ്ട്. ഹോസ്റ്റലുകളുടെ ചുമതലയുള്ള പരിശീലകർ പലിശയ്ക്കു പണം കടം വാങ്ങിയാണ്  കായിക താരങ്ങളെ പട്ടിണിയിൽനിന്നു രക്ഷിച്ചത്.

∙ ട്രാക്ക് സ്യൂട്ട് നിർമിച്ച സ്ഥാപനത്തിനു നൽകുന്നതിനുള്ള പണം സ്പോർട്സ് കൗൺസിലിൽ ലഭിച്ചിട്ടുണ്ട്. വൈകാതെ വിതരണം ചെയ്യും. കൗൺസിൽ‌ സെക്രട്ടറിമാർ കൂടെക്കൂടെ മാറിയതിനാൽ‌ ബില്ലുകളും ഓർഡറും പരിശോധിക്കുന്നതിൽ കാലതാമസമുണ്ടായതാണ് കാരണം

ഒ.കെ.വിനീഷ്, വൈസ് പ്രസിഡന്റ്, കേരള സ്പോർട്സ് കൗൺസിൽ‌

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com