ADVERTISEMENT

ന്യൂഡൽഹി∙ ടോക്യോ ഒളിംപിക്സ് സാധ്യതാ ടീമിൽ നിന്ന് തന്റെ ഭർത്താവും ബാഡ്മിന്റൺ താരവുമായ പി. കശ്യപിനെ ഒഴിവാക്കിയതിൽ ഇടഞ്ഞ് സൈന നെഹ്‌വാൾ. കശ്യപിനെ ഒഴിവാക്കിയ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ബാഡ്മിന്റൺ അതോറിറ്റി ഓഫ് ഇന്ത്യയുടെയും തീരുമാനത്തിൽ സൈന അതൃപ്തയാണെന്നാണ് വിവരം. 

ഒളിംപിക്സിന്റെ സാധ്യതാ ടീമിലേക്ക് പരിഗണിച്ചവർ ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് ദേശീയ അക്കാദമിയിൽ പരീശീലനം പുനഃരാരംഭിച്ചു. എന്നാൽ ഓഗസ്റ്റ് 7 തുടങ്ങിയ പരിശീലന ക്യാംപിലേക്ക് ഇതുവരെ സൈന എത്തിയിട്ടില്ല. അതിനു പകരം കശ്യപിനൊപ്പം ഗോപീചന്ദിന്റെ അക്കാദമിയ്ക്കു സമീപമുള്ള മറ്റൊരിടത്ത് ചില ദേശീയ താരങ്ങൾക്കൊപ്പമാണ് സൈന പരീശീലനം നടത്തുന്നത്. 

കശ്യപിന് ടോക്യോ ഒളിംപിക്സിലേക്ക് യോഗ്യത നേടാനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്നും ദേശീയ അക്കാദമിലെ ക്യാംപിൽ പരിശീലനത്തിനായി ചേരാനാകുമെന്നുമാണ് ഇരുവരും പ്രതീക്ഷിക്കുന്നത്. ക്യാംപിൽ പരിശീലിക്കാൻ കശ്യപിനെ അനുവദിക്കണമെന്ന് സൈന അഭ്യർഥിച്ചിരുന്നുവെന്നും എന്നാൽ അതിന് അനുകൂലമായ ഒരു മറുപടിയല്ല ലഭിച്ചതെന്നുമാണ് ദേശീയ മാധ്യമം റിപ്പോർ‌ട്ട് ചെയ്യുന്നത്. 

ഒളിംപിക്സിന്റെ സാധ്യതാ പട്ടികയിൽ നിന്നു തന്നെ ഒഴിവാക്കിയതിന്റെ കാരണം ആരാഞ്ഞ് സ്പോർട്സ് അതോറിറ്റിക്കും ബാഡ്മിന്റൺ അതോറിറ്റിക്കും കശ്യപ് കത്ത് അയച്ചിട്ടുണ്ടെന്നുമാണ് വിവരം. ടോക്കിയോ ഗെയിംസിനു യോഗ്യത നേടാനുള്ള സാധ്യത തനിക്കുണ്ടെന്നും എന്നാൽ ക്യാംപിൽ പരിശീലനം നേടാൻ കഴിയാത്തതിനാൽ അതിനുള്ള മാർഗമാണ് അടയുന്നതെന്നും അദ്ദേഹം പറഞ്ഞു. 

‘സൈനയും ഞാനും വ്യക്തിപരമായി അഭ്യർഥന നടത്തി. അവൾ യാതൊരു സഹായവും തേടുന്നില്ല, സാധുവായ കാരണങ്ങൾ മുൻനിർത്തി വാദിച്ചു. കശ്യപ് ലോക റാങ്കിങ്ങിൽ 25ാം സ്ഥാനത്താണ് ഇന്ത്യയിലാകട്ടെ മൂന്നാം നമ്പർ താരവും, ഗെയിംസിന് യോഗ്യത നേടാനായി അവസരത്തിനായി കാത്തിരിക്കുകയാണ്. അതിനാൽ അദ്ദേഹത്തെ ദേശീയ ആക്കാദമിയിലെ പരിശീലന ക്യാംപിൽ  പ്രവേശിക്കാൻ അനുവദിക്കണമെന്നാണ് സൈന ആവശ്യപ്പെട്ടത്. എന്റെ അസാന്നിധ്യത്തിൽ സൈനയ്ക്ക് ക്യാംപിൽ പരിശീലനത്തിനായി പോകാമായിരുന്നു, എനിക്ക് മറ്റൊരിടത്തും പരിശീലനം നടത്താം.

എന്നാൽ യോഗ്യത നേടാനുള്ള അവസരത്തിനായി കാത്തിരിക്കുന്ന എല്ലാവരും ഒരുമിച്ച് പരിശീലനം നടത്തിയാൽ എന്താണ് പ്രശ്നമെന്നാണ് അവൾ ചിന്തിച്ചത്. നൂറാം സ്ഥാനത്തുള്ള ഒരു കളിക്കാരനെ ക്യാംപിൽ ഉൾപ്പെടുത്താനല്ലല്ലോ ആവശ്യപ്പെട്ടത്, യോഗ്യതയ്ക്കായി കാത്തിരിക്കുന്ന അർഹതപ്പെട്ട ഒരു കളിക്കാരനെ ഉൾപ്പെടുത്താനല്ലെ ആവശ്യപ്പെട്ടത് എന്നാണ് അവളുടെ പക്ഷം. കഠിനമേറിയതാണെങ്കിലും എനിക്കിപ്പോഴും യോഗ്യത നേടാനുള്ള അവസരമുണ്ട്. സൈന ഇതുവരെ ക്യാംപിൽ ചേരുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല’– കശ്യപ് പറഞ്ഞു.

പി.വി. സിന്ധു, കിടമ്പി ശ്രീകാന്ത്, ബി. സായ് പ്രനീത്, എൻ. സിക്കി റെഡ്ഢി എന്നിങ്ങനെ സാധ്യത പട്ടികയിലുള്ള എട്ടു പേരിൽ നാലു പേരാണ് നിലവിൽ പരിശീലനത്തിനായി ദേശീയ അക്കാദമിയിൽ എത്തിയിട്ടുള്ളത്. 2012 ലണ്ടൻ ഒളിംപിക്സിലെ വനിതാ സിംഗിൾസിൽ വെങ്കലം കരസ്ഥമാക്കിയ താരമാണ് സൈന. 

English Summary : Saina Nehwal Yet to Join National Camp, Unhappy With Husband Parupalli Kashyap's Omission

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com