ADVERTISEMENT

ഓഗസ്റ്റ് 29. ദേശീയ കായികദിനം. ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെ പിറന്നാൾ. ലോകം കണ്ട ഏറ്റവും മികച്ച താരമായിരുന്നെങ്കിലും മൂന്ന് ഒളിംപിക്‌സുകളിൽ കളിച്ചെങ്കിലും ഒരൊറ്റ മേളയിൽ മാത്രമാണ് ധ്യാൻചന്ദ് ഇന്ത്യയെ നയിച്ചത് – 1936ലെ ബെർലിൻ ഒളിംപിക്‌സിൽ. സാക്ഷാൽ അഡോൾഫ് ഹിറ്റ്‌ലർ കലാശപ്പോരാട്ടം നേരിട്ടു കാണാനെത്തിയ അന്ന് ഇന്ത്യ കിരീടവുമായാണ് മടങ്ങിയത്. കുടുംബമഹിമയും കുലീനതയും സമൂഹത്തിലെ സ്‌ഥാനവും സ്വാധീനവും നായക സ്ഥാനത്തെത്താൻ നിർണായകമായിരുന്ന അക്കാലത്ത് ധ്യാൻചന്ദ് ഇന്ത്യയെ നയിക്കാൻ നിയുക്തനായത് എങ്ങനെയാണ്? അതേക്കുറിച്ച് വായിക്കാം...

ആദ്യ കാലങ്ങളിൽ ഇന്ത്യൻ ഹോക്കി നായകനെ തിരഞ്ഞെടുക്കുന്നതിൽ വ്യക്‌തമായ മാനദണ്ഡമൊന്നുമില്ലായിരുന്നു എന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. കളിയുടെ അടിസ്ഥാനത്തിലായിരുന്നില്ല ഹോക്കി ഫെഡറേഷൻ അന്നൊക്കെ നായകൻമാരെ തിരഞ്ഞെടുത്തിരുന്നത്. മറിച്ച് കുടുംബമഹിമയും കുലീനതയും സമൂഹത്തിലെ സ്‌ഥാനവും സ്വാധീനവുമൊക്കെയായിരുന്നു പരിഗണനാ വിഷയങ്ങൾ. ആദ്യ ഒളിംപിക് മേളയിൽ പങ്കടുത്ത ടീമംഗങ്ങളിൽ കളികൊണ്ട് ധ്യാൻചന്ദായിരുന്നു ക്യാപ്‌റ്റനാകാൻ അർഹനെങ്കിലും, ഒക്‌സ്‌ഫഡ് സർവകലാശാലയിൽ പഠിക്കുകയായിരുന്ന ജയ്‌പാൽ സിങ്ങിനെയാണ് ഇന്ത്യൻ ഹോക്കി ഫെഡറേഷൻ ആ ദൗത്യം ഏൽപ്പിച്ചത്.

പക്ഷേ ഫൈനലിൽ ജയ്‌പാൽ സിങ് എന്തോ കാരണത്താൽ ടീമിനൊപ്പം ചേർന്നില്ല. അന്ന് ഇന്ത്യയെ നയിച്ചത് ആരായിരുന്നു എന്ന ചോദ്യം കായിക ചരിത്രകാരൻമാർക്കിടയിൽ ഇന്നും ചോദ്യചിഹ്‌നമായി അവശേഷിക്കുന്നു. പിന്നീട് ചിലർ അന്ന് ടീമിലുണ്ടായിരുന്ന ധ്യാൻചന്ദിനെ നായകനായി ചൂണ്ടിക്കാട്ടിയപ്പോൾ ചിലർ എറിക് പിന്നിഗറെ ആ സ്‌ഥാനത്ത് കണ്ടു. ധ്യാനിന് വേണമായിരുന്നെങ്കിൽ ആ അവകാശവാദം സ്വന്തമാക്കാമായിരുന്നെങ്കിലും 1952ൽ പ്രസിദ്ധീകരിച്ച ‘ദ് ഗോൾ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയിൽ പുതിയ വെളിപ്പെടുത്തലെത്തി: ‘ഫൈനലിൽ ജയ്‌പാൽ കളിച്ചോ ഇല്ലയോ എന്ന് കൃത്യമായി ഞാൻ ഓർക്കുന്നില്ല. ഏതായാലും സെമിയിലും ഫൈനലിലും പിന്നിഗറായിരുന്നു നായകൻ’. ധ്യാൻചന്ദിൻറെ സത്യസന്ധത ഇതിൽനിന്ന് മനസിലാക്കാം. 

1932ലെ അടുത്ത മേളയിലും ധ്യാൻചന്ദ് തന്നെയായിരുന്നു ഇന്ത്യയുടെ ഹീറോയെങ്കിലും ഇത്തവണയും ടീമിനെ നയിക്കാൻ നറുക്ക് വീണത് മറ്റൊരു താരത്തിനാണ്– ലാൽ ഷാ ബുഖാരി. അന്ന് പട്ടാളത്തിൽ വെറുമൊരു ശിപായിയായിരുന്ന ധ്യാൻചന്ദിനെ നായകസ്ഥാനത്ത് അവരോധിക്കാൻ അധികാരികൾ മടിച്ചു. വിദ്യാഭ്യാസക്കുറവും സമൂഹത്തിലെ സ്‌ഥാനവും കാരണമാണ് അന്ന് തന്നെ പിന്തള്ളി ബുഖാരിയെ തിരഞ്ഞെടുത്തതെന്ന് ധ്യാൻചന്ദ് ‘ദ് ഗോളി’ലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ബുഖാരിയാകട്ടെ അന്ന് ടീമിൽ പുതുമുഖമായിരുന്നു.

1934ലെ വെസ്‌റ്റേൺ ഏഷ്യാറ്റിക് ഗെയിംസിൽ ഇന്ത്യയെ നയിച്ചത് ധ്യാൻചന്ദാണ്. 1935ലെ ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനത്തിൽ ക്യാപ്‌റ്റൻസി പ്രശ്‌നം വീണ്ടും തലപൊക്കി. മിർസ നസിറുദ്ദീൻ മസൂദ് എന്ന മിഡ്‌ഫീൽഡ് താരം നായകനാകുമെന്നാണ് എല്ലാവരും കരുതിയത്. ആർമി ടീമിന്റെ ക്യാപ്‌റ്റൻ പോലുമായിട്ടില്ലാത്ത ധ്യാൻചന്ദ് ആ സ്‌ഥനത്തേക്ക് പരിഗണക്കപ്പെടുമെന്ന് ആരും വിചാരിച്ചില്ല. മാനവാദർ ടീമിന്റെ നായകനായിരുന്ന മസൂദിനെ പിന്തള്ളിയാണ് അന്ന് ധ്യാൻചന്ദിനെ നായകനാക്കിയത്. ഉന്നതകുലജാതനായ മസൂദിനെ നായകനാക്കാതിരുന്നത് എല്ലാവരെയും അദ്‌ഭുതപ്പെടുത്തി.

എന്നാൽ അന്നൊരു വ്യവലസ്‌ഥ അധികാരികൾ വച്ചു; തൊട്ടടുത്ത വർഷം നടക്കുന്ന ബെർലിൻ ഒളിംപിക്‌സിൽ മസൂദ് ഇന്ത്യൻ നായകനാകും. എന്നാൽ ന്യൂസീലൻഡ് പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെയും ധ്യാൻചന്ദ് എന്ന ലോകോത്തര സെന്റർ ഫോർവേഡിന്റെയും മിന്നുന്ന പ്രകടനമാണ് ലോകം കണ്ടത്. പക്ഷേ ഹോക്കി ഫെഡറേഷന് വാക്കു പാലിക്കാനായില്ല. ധ്യാൻചന്ദിനെ വീണ്ടുമവർ നായകസ്‌ഥാനത്തേക്ക് ഉയർത്തി. മസൂദിന് 1936 ഒളിംപിക്‌സിലെ ഒരൊറ്റ മത്സരമേ കളിക്കാനായുളളൂ. പിന്നീട് മസൂദ് ഇന്ത്യയുടെ അംബാസഡറും യുനെസ്‌കോ മിഷൻ തലവനും മൗലാനാ ആസാദിന്റെ പ്രൈവറ്റ് സെക്രട്ടറിയുമൊക്കെയായി. മഹാത്മാ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പ്രിയ സുഹൃത്തുമായിരുന്നു അദ്ദേഹം. 

1936ലെ ഒളിംപിക്‌സ് പരിശീലനത്തിനുളള ഇന്ത്യൻ ക്യാംപിലേക്ക് അൽപം താമസിച്ചാണ് ധ്യാൻചന്ദ് എത്തിയത്. അപ്പോഴേക്കും ഹോക്കി ഫെഡറേഷൻ പുതിയൊരു നായകനെ കണ്ടെത്തിയിരുന്നു; സെയ്‌ദ് മുഹമ്മദ് ജാഫർ. എന്നാൽ ധ്യാൻചന്ദ് പിന്നീട് ടീമിനൊപ്പം ചേർന്നപ്പോൾ ജാഫർ ധ്യാൻചന്ദിനുവേണ്ടി തന്റെ ക്യാപ്‌റ്റൻ സ്‌ഥാനം ഒഴിഞ്ഞുകൊടുത്തു. ക്യാപ്‌റ്റനാകാൻ തന്നെക്കാൾ എന്തുകൊണ്ടും യോഗ്യൻ ധ്യാൻചന്ദാണ് എന്നതായിരുന്നു ജാഫറിന്റെ വാദം. ധ്യാൻചന്ദിന്റെ നേതൃത്വത്തിൽ ബെർലിൻ ഒളിംപിക്‌സിൽ ഇന്ത്യ ഒരു കളിപോലും തോൽക്കാതെയാണ് ഫൈനലിലേക്ക് കുതിച്ചത്. ഹംഗറിയെ 4–0നും പിന്നെ അമേരിക്കയെ 7–0നും ജപ്പാനെ 9–0നും ഫ്രാൻസിനെ 10–0നും പരാജയപ്പെടുത്തി ഫൈനലിൽ സ്‌ഥാനം നേടി. ഫൈനലിൽ ആതിഥേയരായ ജർമനിയെ 8–1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ധ്യാൻചന്ദ് നയിച്ച ആ ഒളിംപിക്സിൽ വെറും ഒരു ഗോൾ മാത്രമാണ് ഇന്ത്യൻ വലയിൽ വീണത് എന്നത് ശ്രദ്ധേയമാണ്. 

ക്യാപ്‌റ്റൻ എന്നതിനെക്കാളുപരി ഒരു മികച്ച സെന്റർ ഫോർവേഡ് എന്ന നിലയിലായിരുന്നു ധ്യാൻചന്ദ് ഹോക്കി ഫീൽഡിൽ നിറഞ്ഞുനിന്നത്. വളരെ കുറച്ചു കളികളിൽമാത്രമേ അദ്ദേഹം ഇന്ത്യൻ ടീമിന്റെ നായകനായിരുന്നുള്ളൂ. ഇന്ത്യൻ ആർമിക്കുവേണ്ടി കളിക്കുമ്പോൾ പോലും അദ്ദേഹം നായകനായിരുന്നില്ല.

English Summary: Remembering Dyan Chand, the hockey star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com