ADVERTISEMENT

ലണ്ടൻ മാരത്തണിൽ കെനിയയുടെ എലിയുഡ് കിപ്ചോഗി കഴിഞ്ഞ ദിവസം അപൂർവ തോൽവി രുചിച്ചപ്പോൾ രാജ്യാന്തര അത്‌ലറ്റിക്സ് നിരീക്ഷകരിൽ ചിലർ സംശയം പ്രകടിപ്പിച്ചു: ‘ഇതിഹാസത്തിനു കാലിടറിത്തുടങ്ങിയോ?’ 4 ദിവസത്തിനുശേഷം സ്പെയിനിലെ ട്രാക്കിൽ യുഗാണ്ടയുടെ ജോഷ്വ ചിപ്റ്റഗെയ് 10,000 മീറ്ററിലെ 15 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തപ്പോൾ വാഴ്ത്തലുകൾ ഉയർന്നതിങ്ങനെ: ‘ദീർഘദൂരത്തിന്റെ ഭാവി ഇതാ ഇവിടെയുണ്ട്!’ മുപ്പത്തിയഞ്ചുകാരൻ കിപ്ചോഗി നിറംമങ്ങിയാൽ അരങ്ങുപിടിക്കാൻ ഇരുപത്തിനാലുകാരൻ ചെപ്റ്റഗെയ് ഒരുക്കം തുടങ്ങിക്കഴിഞ്ഞു. 

കെലെഞ്ചിൻ മഹിമ

കെനിയയിലെ കെലെഞ്ചിൻ ഗോത്രക്കാരനായ കിപ്ചോഗി മാരത്തണിലെ ഇതിഹാസമായിട്ടാണു വിശേഷിപ്പിക്കപ്പെടുന്നത്. 2013ൽ ബെർലിൻ മാരത്തണിൽ 2–ാം സ്ഥാനത്ത് എത്തിയശേഷം കഴിഞ്ഞ ഞായറാഴ്ച വരെ ഒരൊറ്റ പ്രധാന മാരത്തണിൽപോലും കിപ്ചോഗി തോറ്റില്ല. 2016ലെ റിയോ ഒളിംപിക്സിൽ ഉൾപ്പെടെ മാരത്തണിൽ സ്വർണം നേടി.

ദീർഘദൂര ഓട്ടത്തിൽ ഈ മനുഷ്യനെ തോൽപിക്കാൻ ഭൂമിയിൽ മറ്റാരുമുണ്ടാകില്ല എന്നുവരെ ആരാധകർ പുകഴ്ത്തിപ്പാടി. കെലെഞ്ചിനുകളുടെ ജനിതകഘടനയും സമുദ്രനിരപ്പിൽനിന്ന് 2000 മീറ്ററിലധികം ഉയരത്തിലുള്ള ജീവിതവും അവരുടെ കായികമികവിനെ പിന്തുണയ്ക്കുണ്ടെന്നാണു ഗവേഷകരുടെ കണ്ടെത്തൽ. കഠിനപരിശീലനത്തിനൊപ്പം ഈ പാരമ്പര്യവും കൂട്ടായതോടെ കിപ്ചോഗി മെഡലുകളിലേക്ക് ഓടിക്കയറി. തുടർച്ചയായി 10 പ്രമുഖ മാരത്തൺ വിജയങ്ങൾ.

മാരത്തണിലെ ലോക റെക്കോർഡും പേരിലാക്കി. കിപ്ചോഗിക്കായി നൈക്കി പ്രത്യേക ഷൂസ് പോലും ഇറക്കി. വിയന്നയിൽ 2 മണിക്കൂർ താഴെ സമയത്തിൽ മാരത്തൺ ഓടി ‘അപരാജിതൻ’ ടാഗ്‍ലൈനും കിപ്ചോഗി സ്വന്തമാക്കി. പക്ഷേ, ലണ്ടനിൽ 8–ാം സ്ഥാനത്തായിപ്പോയി. കാലാവസ്ഥയാണു തിരിച്ചടിയായതെന്നും ടോക്കിയോ ഒളിംപിക്സിൽ തിരിച്ചുവരുമെന്നും താരം പറയുന്നു. 

വരവായി കപ്ചോർവ

വലൻസിയയിൽ കഴി‍ഞ്ഞ ദിവസം നടന്ന മീറ്റിലാണു 10,000 മീറ്ററിലെ ലോക റെക്കോർഡ് ചെപ്റ്റഗെയ് സ്വന്തമാക്കിയത്. 2005ൽ ഇത്യോപ്യൻ ഇതിഹാസം കെനനിസ ബെക്കലെ ഓടിയ സമയം (26 മിനിറ്റ് 17.53 സെക്കൻ‍ഡ്) ചെപ്റ്റഗെയ് പുതുക്കി 26 മിനിറ്റ് 11.02 സെക്കൻഡാക്കി.

ഓഗസ്റ്റിൽ 5000 മീറ്ററിലെ ലോക റെക്കോർഡ് പേരിലാക്കിയ ചെപ്റ്റഗെയിയുടെ മറ്റൊരു ഉജ്വല റേസ്. അന്നു തിരുത്തിയതും ബെക്കലെയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ്. യുഗാണ്ടയിലെ കപ്ചോർവ മേഖലയിൽനിന്നാണു ജോഷ്വ വരുന്നത്. സമുദ്രനിരപ്പിൽനിന്ന് 2600 മീറ്റർവരെ ഉയരത്തിലുള്ള മേഖല ദീർഘദൂര ഓട്ടക്കാരുടെ പറുദീസയാണ്.

കല്ലും മണ്ണും നിറഞ്ഞ ഗ്രൗണ്ടിലാണു സ്ഥിരം പരിശീലനമെങ്കിലും കഠിനാധ്വാനത്തിന് ഒരു കുറവുമില്ല. കിപ്ചോഗി ആദ്യകാലത്തു മത്സരിച്ച 5000ലും 10,000ലുമാണ് ഇപ്പോൾ ചെപ്റ്റഗെയി ഇറങ്ങുന്നത്. ഹാഫ് മാരത്തണിലും ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. ഭാവിയിൽ മാരത്തണിലേക്കു തിരിഞ്ഞാൽ, കിപ്ചോഗിയുടെ കെലെഞ്ചിൻ പെരുമയ്ക്ക് ചെപ്റ്റഗെയിയുടെ കപ്ചോർവ മറുപടി പറയുമോയെന്നു കണ്ടറിയണം. 

English Summary: Kipchoge and Joshua

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com