ADVERTISEMENT

കാലിക്കറ്റ്  സർവകലാശാലാ  അത്‌ലറ്റിക് ടീം മുൻ ക്യാപ്റ്റനും ദേവഗിരി  സെന്റ്‌ ജോസഫ് കോളേജിന്റെ അഭിമാനതാരവുമായിരുന്നു കഴിഞ്ഞ വർഷം നവംബർ ഒന്നിന്  അപ്രതീക്ഷിതമായി വിടപറഞ്ഞ വി.വി. വിനോദ് കുമാർ. കോഴിക്കോട് മാവൂർ സ്വദേശിയായ വിനോദിന്റെ വേർപാട് കായിലോകത്തെ ഒട്ടേറെപ്പേർക്ക് വലിയൊരു ആഘാതമായി. ഒന്നാം ചരമവാർഷികദിനത്തിലും ആ അമൂല്യ പ്രതിഭയെക്കുറിച്ചുള്ള ഓർമകൾ ഇന്നലെയെന്ന പോലെ മനസ്സിൽ തെളിയുന്നു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അത്‌ലറ്റിക് കോച്ചിങ് ക്യാംപിൽ പങ്കെടുക്കാൻ വിനോദ് വന്നപ്പോൾ തന്നെ, ശരീര–ചലന ഭാഷകൾ കൊണ്ടും ഭാവം കൊണ്ടും വ്യത്യസ്തനായിരുന്നു. ടീനേജിന്റെ അവസാന നാളുകളിലെത്തും വരെ കാര്യമായ കഠിന കായിക പരിശീലനം ചെയ്യാത്ത ഒരു നാട്ടുംപുറത്തുകാരൻ. തേച്ചു മിനുക്കിയെടുക്കാൻ പാകത്തിന് ഒളിഞ്ഞു കിടന്ന നൈസർഗിക സിദ്ധിയെ വെറും രണ്ടു മൂന്നുകൊല്ലം കൊണ്ട് സംസ്ഥാന ദേശീയ തലങ്ങളിൽ ഏറ്റവും മികച്ച വാഗ്ദാനങ്ങളിൽ ഒരാളായി പരുവപ്പെടുത്തിയ പ്രക്രിയ സംതൃപ്തിദായകമായിരുന്നു. 100, 200 മീറ്റർ മത്സരയിനങ്ങളിൽ സർവകലാശാലയുടെ സുവർണ്ണ മുദ്രകൾ സ്വന്തം പേരിലാക്കിയ വിനോദ് 1989-90-ൽ സർവ്വകലാശാല ടീം ക്യാപ്റ്റനായി.

1990ൽ കല്ല്യാണി യൂണിവേഴ്‌സിറ്റിയിൽ നടന്ന അന്തർ സർവ്വകലാശാലാ അത്‌ലറ്റിക് മീറ്റിൽ വിനോദ് നടത്തിയ അവിസ്മരണീയവും അവിശ്വസനീയവുമായ പോരാട്ടം ഇന്നും സിരകളിലുണ്ട്. 4–100 മീറ്റർ റിലേയിൽ 100 മീറ്റർ വ്യക്തിഗത മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ അണ്ണാമല യൂണിവേഴ്‌സിറ്റി ടീമിനെ പിന്തള്ളി അന്തർസർവകലാശാല റെക്കാർഡോടെ സ്വർണമണിയുമ്പോൾ ആ നേട്ടത്തിന്റെ മുഖ്യ ശില്പി റിലേയിൽ മൂന്നാമത് ഓടിയ വിനോദായിരുന്നു. ആദ്യ രണ്ടു സ്ഥാനക്കാർ നേടിക്കൊടുത്ത ഒരു മീറ്റർ ലീഡിനെ മൂന്നാമതോടിയ വിനോദ് അവിശ്വസനീയമായ കുതിപ്പിലൂടെ 3 മീറ്റർ ലീഡാക്കി ഉയർത്തി.  കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എക്കാലത്തെയും റിലേ ഓട്ടമത്സരങ്ങളെയും അതിജീവിച്ച ചരിത്ര മുഹൂർത്തമായി അത്. റെക്കോർഡ് വിജയം.

പിന്നീട് ഓപ്പൺ നാഷണലിൽ 100 മീറ്ററിൽ സ്വർണ മെഡൽ നേടിയ വിനോദ്കുമാർ സാഫ് ഗെയിംസിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.

പിഎസ്‌സിയിൽ സെക്‌ഷൻ ഓഫീസറായി ജോലി ചെയ്യുമ്പോൾ 2019 നവംബർ ഒന്നിന്, താൻ നിരന്തര സമ്പർക്കം പുലർത്തിയ കായിക ലോകത്തോടും സ്വജീവിതത്തോടും അദ്ദേഹം വിട പറഞ്ഞു. നിറകണ്ണുകളോടെ മാത്രമേ ആ വിയോഗ വാർത്തയെക്കുറിച്ച് ഓർക്കുവാൻ കഴിയൂ.  കായിക കേരളം ഇന്നും നെഞ്ചേറ്റുന്ന, റെക്കാർഡുകൾക്കുമപ്പുറം വ്യക്തിത്വം കാത്തുസൂക്ഷിച്ച പ്രിയ ശിഷ്യന്റെ ഓർമയ്ക്കു മുന്നിൽ പ്രണാമങ്ങളർപ്പിക്കുന്നു.

(കാലിക്കറ്റ് സർവകലാശാല മുൻ അത്‌ലറ്റിക് കോച്ചാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com