ADVERTISEMENT

‘റഷ്യൻ ഗഗനസഞ്ചാരികൾ കോസ്‌മോനോട്ടുകളും അമേരിക്കൻ ഗഗനസഞ്ചാരികൾ ആസ്‌ട്രോനോട്ടുകളുമാണ്.  ഇന്ത്യയ്‌ക്ക് ഉടനൊന്നും ശൂന്യാകാശത്തേക്ക് ആരെയും അയയ്‌ക്കാനാവില്ല. പക്ഷേ ഇന്ത്യയ്‌ക്കൊരു ഹൈഡ്രോനോട്ട് ഉണ്ട്, അത് മിഹിർ സെന്നാണ്’– വി. കെ. കൃഷ്‌ണമേനോൻ

ആരാണ് മിഹിർ സെൻ? ഇംഗ്ലിഷ് ചാനൽ നീന്തിക്കടക്കുന്ന ആദ്യ ഏഷ്യക്കാരൻ എന്ന ബഹുമതി സ്വന്തമാക്കിയ താരമാണ് അദ്ദേഹം. വരാനിരിക്കുന്ന ഒരുപിടി ലോകോത്തര നേട്ടങ്ങളുടെ തുടക്കമായിരുന്നു അത്. ഏഴു കടലും നീന്തിക്കടന്ന് നീന്തൽരംഗത്തെ അദ്ഭുതമായി മാറിയ മിഹിർ സെന്നിന്റെ കഥ ഇന്ത്യൻ കായികചരിത്രത്തിലെ പ്രധാന ഏടാണ്.

ബംഗാളിലെ പുരുലിയയിലെ ഒരു സാധാരണ കുടുംബത്തിൽ 1930 നവംബർ 16നാണ് മിഹിറിന്റെ ജനനം. പിന്നീടു കട്ടക്കിലേക്ക്.  ചെറുപ്പത്തിൽ തന്നെ നീന്തൽ പഠിച്ചെങ്കിലും താനൊരു വലിയ നീന്തൽതാരമാകുമെന്ന് മിഹിർ സ്വപ്‌നത്തിൽപോലും കരുതിയില്ല. തുടർപഠനത്തിനായി അദ്ദേഹം ലണ്ടനിലേക്ക് പോകാൻ ആഗ്രഹിച്ചു. പക്ഷേ പണം പ്രശ്‌നമായി. വലിയൊരു വ്യവസായിയായ ബിജു പട്‌നായിക്കിന്റെ (പിന്നീട് ഒറിസ മുഖ്യമന്ത്രി) സാമ്പത്തികസഹായം കൊണ്ടാണ് മിഹിർ ലണ്ടനിലെത്തിയത്. അവിടെ നിയമപഠനം ആരംഭിച്ചു. 

ഒരു വനിത ഇംഗ്ലീഷ് ചാനൽ നീന്താനുള്ള ശ്രമം നടത്തുന്നതായി പത്രത്തിലൂടെ വായിച്ചറിഞ്ഞ മിഹിർ, എന്തുകൊണ്ട് തനിക്കും അതായിക്കൂടാ എന്നു ചിന്തിച്ചു. ഇതാണ് അദ്ദേഹത്തെ ഇംഗ്ലിഷ് ചാനൽ നീന്തിക്കടക്കാൻ പ്രേരിപ്പിച്ചത്. ഇതിനായുള്ള ശ്രമങ്ങൾ അദ്ദേഹം ആരംഭിച്ചു. 1955 ഓഗസ്‌റ്റിൽ ആദ്യ ശ്രമം പരാജയപ്പെട്ടു. പിന്നീട് രണ്ടു തവണ കൂടി ശ്രമിച്ചെങ്കിലും കടൽ വഴങ്ങിയില്ല. അതികഠിനമായ തണുപ്പും പ്രതികൂലമായ കാലാവസ്‌ഥയും മിഹിറിനെ തളർത്തിയില്ല. നാലാം ശ്രമത്തിൽ കടലും കാലാവസ്‌ഥയും മിഹിറിന് കീഴടങ്ങി.

1958 സെപ്‌റ്റംബർ 26ന് ആരംഭിച്ച പരിശ്രമം പിറ്റേന്ന് പുലർച്ചെ 2.45ന് വിജയതീരമണിഞ്ഞു. ഇതിന് അദ്ദേഹത്തിന് ആകെ 14 മണിക്കൂറും 45 മിനിട്ടും ആവശ്യമായി. മിഹിർ സെൻ ഇംഗ്ലിഷ് ചാനൽ നീന്തിക്കടക്കുന്ന ആദ്യ ഏഷ്യക്കാരനായി. തുടർന്നു നാലു പ്രധാന കടലിടുക്കുകളും ഒരു ചാനലും നീന്തിക്കടന്നു ലോകത്തിലെ ഏഴു കടലും കീഴടക്കിയ ഏറ്റവും മികച്ച ദീർഘനീന്തൽ താരമായി മാറി.

ഇംഗ്ലിഷ് ചാനൽ കീഴടക്കിയത് 1958ലായിരുന്നെങ്കിൽ മറ്റു നേട്ടങ്ങൾ 1966ലായിരുന്നു. അക്കൊല്ലം പാക്ക് കടലിടുക്ക് (22 മൈൽ) നീന്തിക്കടക്കുന്ന ആദ്യ വ്യക്‌തിയായി. തൊട്ടുപിന്നാലെ ജിബ്രാൾട്ടർ കടലിടുക്ക് (14 മൈൽ) കീഴടക്കുന്ന ആദ്യ ഏഷ്യക്കാരൻ. പിന്നീടു ഡാർഡനെലസ് കടലിടുക്ക് (40 മൈൽ) നീന്തിയ ആദ്യ വ്യക്‌തി, ബോസ്‌ഫോറസ് കടലിടുക്ക് (16 മൈൽ) നീന്തിയ ആദ്യ ഇന്ത്യക്കാരൻ, പാനമ കനാൽ (50 മൈൽ) കീഴടക്കിയ മൂന്നാമത്തെ വ്യക്‌തി എന്നീ നേട്ടങ്ങൾ സ്വന്തമാക്കി, സപ്‌തസാഗരവും കീഴടക്കി ലോകത്തെ ഞെട്ടിച്ചു. 

1959ൽ പത്മശ്രീയും 1967ൽ പത്മഭൂഷണും നൽകി രാഷ്‌ട്രം ആദരിച്ചു. ഗിന്നസ് ബുക്കിൽ പലതവണ സ്‌ഥാനം നേടി. നീന്തൽ രംഗത്തോടു വിട പറഞ്ഞ മിഹിർ പട്ടുവസ്‌ത്ര വ്യാപാരരംഗത്തെത്തി. പട്ടുവസ്‌ത്ര കയറ്റുമതിയിൽ അദ്ദേഹം ഇന്ത്യയിൽ രണ്ടാം സ്‌ഥാനത്തെത്തിയെങ്കിലും ഈ രംഗത്തെ തൊഴിൽ സമരം മിഹിറിനെ ഒന്നുമില്ലാത്തവനാക്കി. ഏഴു കടലും കീഴടക്കിയെങ്കിലും ഒരിക്കൽ ലോക്‌സഭയിലേക്ക് മൽസരിച്ചപ്പോൾ ജനങ്ങളുടെ ഹൃദയം കീഴടക്കാൻ അദ്ദേഹത്തിനായില്ല.

ജീവിതാന്ത്യത്തിൽ അൾഷിമേഴ്‌സ്, പാർക്കിൻസൺ രോഗങ്ങൾക്ക് അടിമയായി. ഒടുവിൽ നോക്കാൻ മക്കളോ ഭാര്യയോ അടുത്തില്ലാതെ ആശുപത്രി അധികാരികളുടെ കാരുണ്യത്തിൽ ജീവിതം തള്ളിനീക്കി. 1997 ജൂൺ 11ന് കൊൽക്കത്തയിൽ മരണം. 

English Summary: Mihir Sen, who created long distance swimming history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com