ADVERTISEMENT

ബാങ്കോക്ക് ∙ സംഘാടകരുടെ കോവിഡ് പരിശോധനയിൽ വശംകെട്ട് ഇന്ത്യൻ ബാഡ്മിന്റൻ താരങ്ങൾ. യോനക്സ് തായ്‌ലൻഡ് ഓപ്പണിൽ പങ്കെടുക്കാനെത്തിയ ‌മുൻനിര താരം സൈന നെ‍ഹ്‌വാൾ അടക്കമുള്ളവരാണു മണിക്കൂറുകളോളം സംഘാടകരുടെ പിടിപ്പുകേടുമൂലം ആശങ്കയുടെ മുൾമുനയിലായത്. കോവിഡ് പോസിറ്റീവാണെന്നു റിപ്പോർട്ട് കിട്ടിയതിനാ‍ൽ 2 ഇന്ത്യൻ താരങ്ങളെ ആശുപത്രിയിലേക്കു മാറ്റിയ അധികൃതർ പക്ഷേ, മണിക്കൂറുകളുടെ ഇടവേളയിൽ നിലപാടുമാറ്റി. റിപ്പോർട്ടിൽ പിശകുവന്നെന്നും ഇന്ത്യൻ താരങ്ങൾക്കു ടൂർണമെന്റിൽ പങ്കെടുക്കാമെന്നും അറിയിച്ച് ഒടുവിൽ സംഘാടകർ തടിയൂരി. സൈനയ്ക്കു പുറമേ ഭർത്താവും ഇന്ത്യൻ താരവുമായ പി.കശ്യപ്, മലയാളിതാരം എച്ച്.എസ്.പ്രണോയ് എന്നിവരാണു കോവിഡ് ഫലത്തിന്റെ പേരിൽ വലഞ്ഞത്.

AP8_20_2019_000124A
എച്ച്.എസ്.പ്രണോയ്

ഒന്നല്ല, രണ്ടല്ല, മൂന്ന്!

ഇന്ത്യയിൽ കോവിഡ് പരിശോധന നടത്തി നെഗറ്റീവായ ശേഷമാണു താരങ്ങളെല്ലാം ബാങ്കോക്കിലെത്തിയത്. പി.വി.സിന്ധു ലണ്ടനിൽനിന്നെത്തി ടീമിനൊപ്പം ചേർന്നു. ടൂർണമെന്റിനു മുന്നോടിയായി ഇവിടെ ഇന്ത്യൻ താരങ്ങളെ 2 തവണ പരിശോധിച്ചപ്പോഴും കോവിഡ് ഫലം നെഗറ്റീവായിരുന്നു. എന്നാൽ, 3–ാമത്തെ പരിശോധനയിൽ കോവിഡ് പോസിറ്റീവായെന്നു താരങ്ങളെ അറിയിച്ചത് ഇന്നലെയാണ്.

സൈന, പ്രണോയ് എന്നിവരാണു പോസിറ്റീവായത്. ഇതോടെ ഇവർക്കു കോർട്ടിലിറങ്ങാൻ പറ്റില്ലെന്നായി. ഇരുവരെയും ആശുപത്രിയിലേക്കു മാറ്റി. സൈനയുമായി സമ്പർക്കമുള്ള കശ്യപും ക്വാറന്റീനിലായി.  സൈനയ്ക്കും പ്രണോയിക്കും കശ്യപിനും കഴിഞ്ഞ മാസം കോവിഡ് ബാധിച്ചിരുന്നു. മൂവരും ക്വാറന്റീൻ പൂർത്തിയാക്കി നെഗറ്റീവായതുമാണ്. ഹൈദരാബാദിലെ ദേശീയ ക്യാംപിൽ പരിശീലനം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണു ടൂർണമെന്റിനായി ബാങ്കോക്കിലേക്കു വന്നത്.

റിപ്പോർട്ടിലെ പിഴവ്

ഇന്ത്യൻ ബാഡ്മിന്റൻ ഫെഡറേഷൻ ഇടപെട്ടപ്പോൾ 4–ാം തവണയും സൈനയെയും പ്രണോയിയെയും പരിശോധനയ്ക്കു വിധേയരാക്കി. ഫലം വന്നപ്പോൾ 2 പേരും നെഗറ്റീവ്. നേരത്തേ കോവിഡ് വന്നപ്പോൾ ശരീരത്തിൽ കയറിക്കൂടിയ വൈറസിന്റെ സാന്നിധ്യംമൂലമാകും ഇവരുടെ 3–ാം ഫലം പോസിറ്റീവായതെന്നും ഫലം വിശകലനം ചെയ്യുന്നതിൽ വൈദ്യസംഘത്തിനു പിഴവു പറ്റിയെന്നും തായ് അധികൃതർ സമ്മതിച്ചു. 

English Summary: Confusion regarding covid results for indian badminton players

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com