sections
MORE

അലി, പൊളിറ്റിക്കലി..; കലഹിച്ചിട്ടും പിന്നീട് കാലം ചേർത്തുപിടിച്ച ഇതിഹാസം!

BOXING-ALI/
SHARE

ഇതിഹാസ ബോക്സിങ് താരം മുഹമ്മദ് അലിയുടെ 79–ാം ജന്മദിനമായിരുന്നു ജനുവരി 17. നാലു വർഷം മുൻപ് ജീവിതത്തോടു വിടപറഞ്ഞ അലി ലോകത്തെ പഠിപ്പിച്ചതെന്താണ്? 

കലഹിച്ചവരെ പിന്നീടു കാലം തന്നെ അണച്ചു പിടിച്ച ചരിത്രമേയുള്ളൂ.. ബോക്സിങ് റിങ്ങിലും പുറത്തും മുഹമ്മദ് അലിയുടെ കലഹങ്ങൾ മാറ്റിമറിച്ചത് കായികലോകത്തെ മാത്രമല്ല, പിൽക്കാല രാഷ്ട്രീയത്തെയും സാമൂഹിക മുന്നേറ്റങ്ങളെയും കൂടിയാണ്. റിങ്ങിൽ, എതിരാളിയുടെ മുഖത്തു വീണ പഞ്ചുകളേക്കാളും ശക്തിയിൽ അലിയുടെ വാക്കുകൾ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയെ പിടിച്ചു കുലുക്കി. 12–ാം വയസ്സിൽ ഒരു എക്സിബിഷൻ ഷോയ്ക്കിടെ സൈക്കിൾ മോഷ്ടിച്ച അജ്ഞാതനാണ് അറിയാതെയാണെങ്കിലും അലി എന്ന ബോക്സിങ് താരത്തിന്റെ പിറവിക്കു നിമിത്തമായത്.

അന്നു കാഷ്യസ് ക്ലേ ആയിരുന്ന അലി, സൈക്കിൾ പോയതിന്റെ സങ്കടത്തിൽ പരാതി പറയാൻ ചെന്നത് തൊട്ടടുത്ത് ഒരു ജിനേഷ്യം നടത്തുന്ന പൊലീസുകാരൻ ജോ മാർട്ടിന്റെ അടുത്ത്. അവിടെ ബോക്സിങ് പരിശീലനം നടത്തുന്നവരിൽ അലി തന്റെ പിൽക്കാല ജീവിതം കണ്ടു. മടങ്ങിയപ്പോൾ അലിയുടെ പുറത്തു തട്ടി മാർട്ടിൻ പറഞ്ഞു. ‘‘തിങ്കൾ മുതൽ വെള്ളി വരെ ഇവിടെ ബോക്സിങ് പരിശീലനമുണ്ട്. താൽപര്യമുണ്ടെങ്കിൽ വാ..’’ – ബോക്സിങ് ചരിത്രം അവിടെ രണ്ടായി പിരിഞ്ഞു. അലിക്കു മുൻപും ശേഷവും.

അമേരിക്കയിൽ ഒരു കറുത്തവർഗക്കാരനായി ജനിക്കുക എന്ന ദുര്യോഗം വന്നുപെട്ട കാഷ്യസിന് ജീവിതം എന്നു പൊരുതിനിൽക്കേണ്ടതാണെന്ന ബോധം ചെറുപ്പത്തിലേ ഉള്ളിൽ പതിഞ്ഞിരിക്കാം. അതിനെ ഏറ്റവും മൂർത്തമായി ആവിഷ്കരിക്കാവുന്ന കായികവിനോദം മറ്റേതുണ്ട്– ബോക്സിങ് അല്ലാതെ! 

∙ നദിക്കു കൊടുത്ത മെഡൽ

അലിയുടെ ആദ്യ കലഹം കറുത്ത വർഗക്കാരോടുള്ള അമേരിക്കയുടെ മനോഭാവത്തിനെതിരെ തന്നെയായിരുന്നു.1960 റോം ഒളിംപിക്സിനു പോകാൻ കാഷ്യസ് ക്ലേയ്ക്കു താൽപര്യമുണ്ടായിരുന്നില്ല. വിമാനത്തിൽ പറക്കാനുള്ള പേടിയായിരുന്നു കാരണം. ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങിയാണ് സമ്മതിച്ചത്. അതു തന്നെ ഒരു ആർമി സ്റ്റോറിൽ നിന്നു വാങ്ങിയ പാരച്യൂട്ട് കയ്യിൽക്കരുതിക്കൊണ്ട്. റിങ്ങിൽ പക്ഷേ, ഒരു പകപ്പുമുണ്ടായിരുന്നില്ല. തൊട്ടു മുൻപത്തെ ഒളിംപിക്സിലെ വെങ്കലമെഡൽ ജേതാവിനെ വീഴ്ത്തി അലി സ്വർണം നേടി. ഒരു സാധാരണ പതക്കം മാത്രമായി പോകുമായിരുന്ന ആ മെഡൽ പിന്നീട് അലിയുടെ പോരാട്ടത്തിന്റെ പ്രതീകമായി മാറി. 1975ൽ പുറത്തിറക്കിയ ആത്മകഥയിലെ വെളിപ്പെടുത്തലിനെത്തുടർന്നായിരുന്നു അത്.

ഒളിംപിക്സിനു ശേഷം അമേരിക്കയിൽ തിരിച്ചെത്തിയ അലിക്കും കൂട്ടുകാരനും കറുത്ത വർഗക്കാരായതിനാൽ ഒരു റസ്റ്ററന്റിൽ ഭക്ഷണം നിഷേധിക്കപ്പെട്ടു. ഒളിംപിക് മെഡൽ ഒഹായോ നദിയിലേക്കു വലിച്ചെറിഞ്ഞാണ് അലി ദേഷ്യം തീർത്തത്. അലി തന്നെ പിന്നീട് ആ സംഭവം തിരുത്തിപ്പറഞ്ഞെങ്കിലും ആ മെഡൽ ഇപ്പോഴും അലിയുടെ പോരാട്ടങ്ങളുടെ പ്രതീകമായി തിളങ്ങി നിൽക്കുന്നു. പകരമായി 1996 അറ്റ്ലാന്റ ഒളിംപിക്സ് വേളയിൽ രാജ്യാന്തര ഒളിംപിക് സമിതി അലിക്ക് മെഡൽ സമ്മാനിച്ചെങ്കിലും നഷ്ടപ്പെട്ടതിന്റെ അഗ്നിത്തിളക്കമില്ല ഒന്നിനും.

∙ ലിസ്റ്റൺ ‘മൃഗശാല’യിലേക്ക്

പ്രഫഷനൽ ബോക്സിങ്ങിൽ പേരെടുത്തതോടെ അന്നത്തെ ഹെവിവെയ്റ്റ് ലോകചാംപ്യനായ സോണി ലിസ്റ്റണുമായി മൽസരിക്കാൻ അലിക്ക് അവസരമൊരുങ്ങി. മുൻ ചാംപ്യൻ ഫ്ലോയ്ഡ് പാറ്റേഴ്സണെ മലർത്തിയടിച്ച ലിസ്റ്റണായിരുന്നു എല്ലാവരും സാധ്യത കൽപിച്ചിരുന്നത്. എന്നാൽ മയാമിയിലെ പോരാട്ടം തുടങ്ങും മുൻപെ വാക്‌പോരിൽ അലി ജയിച്ചു. ‘‘ആ വൃത്തികെട്ട കരടിയെ നോക്കൂ. ഒന്നും നേരെ ചൊവ്വേ ചെയ്യാനറിയില്ല. ഇടിച്ചിട്ടതിനു ശേഷം അയാളെ ഞാൻ മൃഗശാലയ്ക്കു സംഭാവന ചെയ്യും’’. വാക്കിന്റെ വീര്യം ഇരുപത്തിരണ്ടുകാരനായ അലി റിങ്ങിലേക്കും കൊണ്ടു പോയി. കൂറ്റനിടികളിൽ വശംകെട്ട ലിസ്റ്റൺ ആറു റൗണ്ടുകൾക്കു ശേഷം പിൻമാറി.

‘‘ഞാൻ ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുന്നു. അയാം ദ് ഗ്രേറ്റസ്റ്റ്..’’ – വിഖ്യാതവിജയത്തിനു പിന്നാലെ റിങ്ങിൽ നിന്ന് അലി അലറി. എന്നാൽ അതിനെക്കാൾ ശക്തിയുള്ള തുടർചലനം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 1964ൽ അലി ഇസ്‍‌ലാം മതത്തിലേക്കു പരിവർത്തനം ചെയ്തു. കാഷ്യസ് ക്ലേ എന്നത് ഉപേക്ഷിച്ച് മുഹമ്മദ് അലി എന്ന പേരു സ്വീകരിച്ചു. നേഷൻ ഓഫ് ഇസ്‌ലാം എന്ന സംഘടനയുടെ സ്വാധീനമായിരുന്നു അലിയുടെ മാറ്റത്തിനു കാരണം.

∙ ഡബിൾ ഗ്രേറ്റസ്റ്റ്

അമേരിക്കയുമായുള്ള അലിയുടെ കലഹം അവസാനിച്ചിരുന്നില്ല. നിർബന്ധിത സൈനികസേവനത്തിനു ചേർന്ന് വിയറ്റ്‌നാം യുദ്ധത്തിനു പോകുമോ എന്ന ചോദ്യത്തിന് അലിയുടെ ഉത്തരം രാജ്യത്ത് കോളിളക്കമുണ്ടാക്കി. ‘‘ഒരു വിയറ്റ്കോങുകാരും എന്നെ ദ്രോഹിച്ചിട്ടില്ല. നീഗ്രോ എന്നു വിളിച്ചിട്ടില്ല. എനിക്കവരോട് ഒരു ദേഷ്യവുമില്ല’’– പിന്നീട് വിയറ്റ്‌നാം യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളുടെ തന്നെ മുഖക്കുറിയായി മാറിയ വാക്കുകൾ. ഗവൺമെന്റിനെ ധിക്കരിച്ചതിന് ഹെവിവെയ്റ്റ് കിരീടവും ബോക്സിങ്ങിൽ നിന്നു വിലക്കും നേരിട്ടെങ്കിലും അലി ലോകമെമ്പാടും വീരനായകനായി മാറി.

1970ൽ വിലക്ക് നീങ്ങിയതോടെ അലി വീണ്ടും റിങ്ങിലേക്കു തിരിച്ചെത്തി. തുടക്കം തിരിച്ചടിയോടെ. നൂറ്റാണ്ടിലെ പോരാട്ടം എന്നു വാഴ്ത്തപ്പെട്ട മൽസരത്തിൽ ജോ ഫ്രേസിയറോടു കീഴടങ്ങി. എന്നാൽ അലിയുടെ പ്രശസ്തമായ ‘റോപ്പ് എ ഡോപ്’ ട്രിക്ക് ലോകം ആദ്യമായി കണ്ടത് ആ മൽസരത്തിലാണ്. പരാജയത്തിൽ തളരാതെ അലി വീണ്ടും റിങ്ങിലിറങ്ങി. 1974ൽ സയറിൽ വച്ചു നടന്ന മൽസരത്തിൽ ജോർജ് ഫോർമാനെ കീഴടക്കി ഹെവിവെയ്റ്റ് കിരീടം വീണ്ടെടുത്തു. അതോടെ ഫ്രേസിയറുമായി മറ്റൊരു മൽസരത്തിനു കൂടി അരങ്ങൊരുങ്ങി.

‘ത്രില്ല ഇൻ മനില’ എന്നു വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തിന്റെ അവസാന റൗണ്ടിൽ അലി വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. റിങ്ങിൽ നിന്നു സിംഹത്തെപ്പോലെ അലി ഒരിക്കൽക്കൂടി ലോകത്തോടു പറഞ്ഞു– അയാം നോട്ട് ദ് ഗ്രേറ്റസ്റ്റ്. അയാം ദ് ഡബിൾ ഗ്രേറ്റസ്റ്റ്! 

∙ അറുപതുകളുടെ ഐക്കൺ 

അലിക്കോ മുൻപോ ശേഷമോ മറ്റൊരു കായികതാരം തന്റെ കാലഘട്ടത്തെ ഇങ്ങനെ അടയാളപ്പെടുത്തിയിട്ടില്ല. അലി ജീവിച്ച സമയം അതിനൊരു കാരണമായിരിക്കാം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പാശ്ചാത്യ രാജ്യങ്ങളിൽ യുദ്ധാനന്തര തലമുറ രൂപം കൊണ്ട സാഹചര്യമായിരുന്നു അത്. തങ്ങളുടെ മുൻതലമുറയുടെ മേലുള്ള ചരിത്രഭാരവും അതുവഴിയുള്ള അപകർഷതാബോധവും അവർക്കുണ്ടായിരുന്നില്ല. ഭൗതികമായി മെച്ചപ്പെട്ട സാഹചര്യങ്ങളുണ്ടാവുക എന്ന പരിമിതമായ ആഗ്രഹത്തിനപ്പുറം ജീവിതത്തെ അവർ കണ്ടത് ഒരു മറ്റൊരു തലത്തിലാണ്– ജീവിച്ചു തീർക്കുക എന്നതായിരുന്നില്ല അവരുടെ ഫിലോസഫി. നന്നായി ജീവിക്കുക എന്നതായിരുന്നു.

പരമ്പരാഗത ചിട്ടവട്ടങ്ങളിൽ നിന്നും വിധി വിലക്കുകളിൽ നിന്നുമെല്ലാം പരമമായ സ്വാതന്ത്ര്യമാണ് അവർ കാംക്ഷിച്ചത്. പലപ്പോഴും അരാജകത്വത്തിന്റെ അതിർത്തി കടന്നു പോയെങ്കിലും പുതിയ ഒരു ഉൻമേഷം എല്ലാ മേഖലകളിലുമുണ്ടായിരുന്നു. സംഗീതത്തിലും സാഹിത്യത്തിലും എല്ലാം. ഈ നവോഥാനത്തിന്റെ കൊടിക്കൂറ വാഹകരായി പലരുണ്ടായിരുന്നു. അറുപതുകളിൽ പാശ്ചാത്യ സംഗീതത്തെ ഇളക്കി മറിച്ച ബീറ്റിൽസ് ബാൻഡായിരുന്നു അതിലെ പ്രധാനികൾ. വാർത്താവിനിമയസംവിധാനം വിപ്ലവകരമായ മാറ്റങ്ങളിലേക്കു കടന്നതിനാൽ പാശ്ചാത്യ ലോകത്തു നടക്കുന്ന ഇലയനക്കങ്ങൾ പോലും അധികം വൈകാതെ ലോകത്തിന്റെ മറ്റു കോണുകളിലുമെത്തിത്തുടങ്ങി.

മാർഷൽ മക്‌ലൂഹൻ പ്രവചിച്ച ‘ഗ്ലോബൽ വില്ലേജ്’ സങ്കൽപ്പത്തിന്റെ തറക്കല്ലിടൽ നടന്നത് അന്നാണ്. അതു പിന്നെ കെട്ടിടരൂപം പൂണ്ടത് പതിറ്റാണ്ടുകൾക്കു ശേഷം ഇന്റർനെറ്റിന്റെ വരവോടെയാണെങ്കിലും. അസാമാന്യമായ ജനപ്രീതി ആസ്വദിക്കുന്നതിനിടയിൽ ബീറ്റിൽസ് സംഘത്തിലെ പ്രധാനിയായ ജോൺ ലെനൻ തന്നെ അക്കാലത്ത് പറയുകയുണ്ടായി: ‘‘ദൈവത്തെക്കാളും പ്രശസ്തരാണ് ഞങ്ങൾ’’. എന്നാൽ ബീറ്റിൽസ് സൃഷ്ടിച്ച പ്രഭാവം ഒറ്റയടിക്ക് അലി അറുപതുകളിൽ നേടിയെടുത്തു. 

∙ അലി എന്ന ആഗോളപൗരൻ

വിയറ്റ്നാം യുദ്ധത്തോടുള്ള വിസമ്മതം അലിക്ക് വാങ്ങിക്കൊടുത്തത് ബോക്സിങിൽ നിന്നുള്ള വിലക്കായിരിക്കാം. അതു വരെ നേടിയ ബോക്സിങ് പട്ടങ്ങളും നഷ്ടമായി. അമേരിക്കൻ‍ ഭൂരിപക്ഷത്തിനിടയിൽ നിഷേധി എന്നു മുദ്രകുത്തപ്പെട്ടെങ്കിലും അലി ഒരു ആഗോളപൗരനായി വളരുന്നത് ആ സംഭവത്തോടെയാണ്. വിഖ്യാത ചിന്തകനായ ബെർട്രാൻഡ് റസ്സൽ അന്നു പ്രവചിക്കുകയുണ്ടായി. ‘‘അലിയെ കാലം വാഴ്ത്തും. അമേരിക്ക തിരിച്ചറിയും’’. എത്ര ശരിയായിരുന്നു അത്!

1971ൽ 8–0 എന്ന നിലയിൽ ഐകകണ്ഠേനയാണ് അമേരിക്കൻ കോടതി അലിയുടെ വിലക്ക് നീക്കിയത്. റിങിൽ അലിയുടെ പോരാട്ടങ്ങൾക്ക് വിധിയെഴുതുന്ന പോലെ! ബോക്സിങിൽനിന്ന് വിരമിച്ചതിനു ശേഷം സ്വസ്ഥജീവിതത്തിലേക്കു പോയ അലിയെ വീഴ്ത്തിയത് പാർക്കിൻസൺസ് രോഗമാണ്. എങ്കിലും അവഗണിച്ചവരെക്കൊണ്ടെല്ലാം തന്നെ ആദരിപ്പിച്ചതിനു ശേഷമാണ് അലി വിടപറഞ്ഞത്. 1996 അറ്റ്ലാന്റ ഒളിംപിക്സിനു ദീപം കൊളുത്താൻ അമേരിക്ക തിരഞ്ഞെടുത്തത് വർഷങ്ങൾക്കു മുൻപ് രാജ്യതാൽപര്യത്തിനു വിരുദ്ധമായി പ്രവർത്തിച്ചവൻ എന്നു പഴികേട്ട അലിയെ. സ്പോർട്സ് ഇല്ലസ്ട്രേറ്റഡും ബിബിസിയും നൂറ്റാണ്ടിലെ കായികവ്യക്തിത്വമായി തിര‍‍ഞ്ഞെടുത്തതും മറ്റാരെയുമല്ല. 

English Summary: Celebrating Muhammad Ali’s birthday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA