sections
MORE

‘ഒറ്റ വൃക്ക മാത്രമല്ല; ആ മെഡൽനേട്ടത്തിൽ അതിലും വലിയ ബുദ്ധിമുട്ടുകളുണ്ടായി’

anju-bobby-george
അഞ്ജു ബോബി ജോർജ് (ഫയൽ ചിത്രം)
SHARE

ഒറ്റ വൃക്ക മാത്രമുള്ള ശരീരത്തിന്റെ കരുത്തിലാണ് ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡൽ നേടിയതെന്ന അഞ്ജു ബോബി ജോർജിന്റെ വെളിപ്പെടുത്തൽ കായികലോകത്തെ ഞെട്ടിച്ചത് അടുത്തിടെയാണ്. എന്നാൽ ഇന്ത്യൻ കായിക ചരിത്രത്തിൽ അടയാളപ്പെടുത്തിയ ആ വിജയത്തിനു പിന്നിലെ അറിയാക്കഥകൾ ഇനിയുമുണ്ട്. ശാരീരിക പരിമിതികൾക്കൊപ്പം കളത്തിലെ അപ്രതീക്ഷിത പ്രയാസങ്ങളെയും മറികടന്നായിരുന്നു തന്റെ ലോക മെഡൽ നേട്ടമെന്നു അഞ്ജു ബോബി ജോർജ് പറയുന്നു...

2003 ഓഗസ്റ്റ് 30: സാങ്കേതികമായി നോക്കിയാൽ പിഴവായിരുന്ന ഒരു ചാട്ടം ഇന്ത്യയെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച നേട്ടമായി മാറുകയായിരുന്നു അന്ന്. അഞ്ജു ബോബി ജോർജായിരുന്നു താരം. പാരിസിൽ നടന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പായിരുന്നു വേദി. വനിതകളുടെ ലോങ്ജംപ് ഫൈനലിൽ നിർണായകമായ അഞ്ചാം ഊഴത്തിനിറങ്ങിയപ്പോൾ അഞ്ജുവിന്റെ ചെക് മാർക്കുകൾ കാണാതായി. റണ്ണപ് പിഴച്ചു, കരിയറിലാദ്യമായി ഓട്ടത്തിനിടെ കാലുകൾ കൂട്ടിയിടിച്ചു. പൂർണമായി പാളിയ ടേക്ക് ഓഫായിരുന്നു അതിന്റെ ഫലം. ഉയർന്നു പൊങ്ങുന്നതിനു പകരം ഫ്ലാറ്റായിപ്പോയ ആ ചാട്ടത്തിൽനിന്നു അഞ്ജുവും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ലോകമെഡൽ എന്ന സ്വപ്നം കാലെത്തും ദൂരത്തു നഷ്ടമായ വേദനയിൽ തലകുനിച്ചിരുന്നു മണലിൽ കൈ വീശിയടിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനുമുണ്ടായിരുന്നില്ല.

പക്ഷേ, ജംപിങ് പിറ്റിൽനിന്നെഴുന്നേറ്റു തിരിച്ചു നടക്കുമ്പോൾ ഇലക്ട്രോണിക് ബോർഡിൽ തെളിഞ്ഞ ആ ചുവന്ന അക്കങ്ങളിൽ എല്ലാം മാറിമറിഞ്ഞു. 6.70 മീറ്റർ. ലോക അത്‌ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. 18 വർഷങ്ങൾക്കിപ്പുറവും അവിശ്വസനീയതയോടെ മാത്രമേ ആ ചാട്ടത്തെക്കുറിച്ചു അഞ്ജുവിന് ഓർക്കാനാകുന്നുള്ളൂ. 

∙ അതൊക്കെ ഒരു ഫൗളായിരുന്നോ? 

പന്ത്രണ്ട് പേർ പങ്കെടുത്ത ഫൈനലിലേക്ക് എട്ടാമതായാണു അ‍ഞ്ജു ഇടംപിടിച്ചത്. വിജയ സാധ്യതാ പട്ടികയിൽ പിന്നിലെന്നു വേണമെങ്കിൽ പറയാം. അൻപതിനായിരത്തിലധികം ആളുകളുള്ള സ്റ്റേഡിയത്തിൽ ആകെ 4 പേർ മാത്രമായിരുന്നു ഇന്ത്യക്കാർ. ഇവർക്കു പുറമേ അ‍ഞ്ജുവിനായി കയ്യടിക്കാനുണ്ടായിരുന്നത് സാക്ഷാൽ മൈക്ക് പവലും. ലോക ചാംപ്യൻഷിപ്പിനു മുൻപ് അമേരിക്കയിൽ മൈക്ക് പവലിനു കീഴിൽ കുറച്ചുനാൾ അഞ്ജു പരിശീലിച്ചിരുന്നു.

ഒളിംപിക് മെഡൽ ജേതാവ് തത്യാന കൊട്ടോവ, നിലവിലെ ലോക ചാംപ്യൻ ഫിയോണ മേ, ആതിഥേയരായ ഫ്രാൻസിന്റെ സ്വന്തം യൂനിസ് ബാബർ എന്നിങ്ങനെ റെക്കോർഡ് പകിട്ടുള്ള താരങ്ങൾക്കിടയിൽ ആ പാവം ഇന്ത്യക്കാരിയെ ആരും ശ്രദ്ധിച്ചിരുന്നില്ല, അവളുടെ മൂന്നാമത്തെ ചാട്ടം വരെ. 

ആദ്യ ഊഴത്തിൽ 6.61 മീറ്റർ പിന്നിട്ട അഞ്ജുവിന്റെ രണ്ടാം ചാട്ടം ഫൗളായി. കുതിച്ചുയർന്ന മൂന്നാമത്തെ ചാട്ടം ചെന്നെത്തിയത് 7 മീറ്ററിനരികിലായാണ്. തിരിഞ്ഞു നോക്കിയപ്പോൾ ഒന്നാമത്തെ റഫറിയുടെ വെള്ളക്കൊടി, ലോകം കീഴടക്കിയ സന്തോഷത്തോടെ കൈകളുയർത്താൻ ഒരുങ്ങിയപ്പോൾ ദേ വരുന്നു രണ്ടാമത്തെ റഫറിയുടെ ചുവന്ന പതാക. വാനോളമുയർന്ന പ്രതീക്ഷ അതോടെ നിലംപൊത്തി. ടേക്ക് ഓഫ് ബോർഡിൽ 2 മില്ലിമീറ്റർ കാലുകയറിയെന്നായിരുന്നു വിശദീകരണം.

ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങളില്ലാത്ത അക്കാലത്ത് 2 മില്ലിമീറ്ററിന്റെ ഫൗൾ അവർ എങ്ങനെ കണ്ടെത്തിയെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നു അഞ്ജു. പാഴായിപ്പോയെങ്കിലും ആ ചാട്ടം കൊണ്ട് വലിയൊരു നേട്ടമുണ്ടായി. എതിരാളികളുടെയും ഗാലറിയുടെയും കണ്ണുകളിൽ അതോടെ ആ ഇന്ത്യൻ പെൺകുട്ടി ഇടംപിടിച്ചു. 

∙ ചെക്ക് മാർക്ക് കാണാതായപ്പോൾ

ലോങ്ജംപിൽ ഓരോ താരവും റൺവേയിൽ ചെക്മാർക്കുകൾ വയ്ക്കാറുണ്ട്. റണ്ണപ് തുടങ്ങുന്ന സ്ഥലം, കുതിപ്പിനു വേഗം കൂട്ടേണ്ട സ്ഥലം എന്നിവ അടയാളപ്പെടുത്താനാണിത്. മത്സരത്തിനിടെ ചെക്മാർക്ക് നഷ്ടപ്പെടുക എന്നത് ക്രിക്കറ്റിൽ ഹിറ്റ്‌ വിക്കറ്റാവുന്നതിനു സമമാണ്. റണ്ണപ്പിന്റെ താളം നഷ്ടപ്പെടും, ചാട്ടം മിക്കവാറും ഫൗളാകും. ഫൈനലിൽ 4 ഊഴങ്ങൾ പിന്നിട്ടപ്പോൾ നാലാം സ്ഥാനത്തായിരുന്നു അഞ്ജു. നിർണായകമായ അഞ്ചാം ചാട്ടത്തിൽ മുന്നിലെത്തിയില്ലെങ്കിൽ മെഡൽ സാധ്യത മങ്ങും. നിശ്ചയദാർഢ്യത്തോടെ റൺവേയിലേക്കെത്തിയപ്പോൾ അവിടെ അഞ്ജുവിനെ കാത്തിരുന്നത് ഒരു കൊടും ചതിയായിരുന്നു.

ജംപിനായുള്ള ഓട്ടം തുടങ്ങേണ്ട സ്ഥലത്തെ ചെക്ക് മാർക്ക് കാണാനില്ല. അത്‌ലിറ്റുകൾക്കും ഒഫിഷ്യൽസിനും മാത്രം പ്രവേശനമുള്ള സ്ഥലത്തുനിന്നു ചെക്ക് മാർക്ക് അപ്രത്യക്ഷമായതെങ്ങനെയെന്ന് ഇന്നും വ്യക്തമായിട്ടില്ല. മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തുനിന്നല്ലാതെ ഓട്ടം തുടങ്ങിയാൽ ഫൗൾ ഉറപ്പാണ്. കൈകാൽ മരവിച്ചു പോയ അവസ്ഥ. കരിയറിൽ ഇതുവരെ സംഭവിക്കാത്ത പ്രതിസന്ധി. പക്ഷേ, അവിടെയും ഭാഗ്യത്തിന്റെ ചെറിയൊരു ചോക്കുവര ഒപ്പം നിന്നു. മത്സരത്തിനു മുൻപ് ചെക് മാർക്കിനു അകലെയായി പവലിയനോടു ചേർന്നു ഒരു ചോക്കുവര അഞ്ജു വരച്ചു വച്ചിരുന്നു; ഒരു മുൻകരുതലെന്നോണം.. കൃത്യമല്ലെങ്കിൽപ്പോലും അതുവച്ചു ചാടുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ.

കാലുകളുടെ കൂട്ടിയിടിയും ടേക്ക് ഓഫിലെ ബലക്കുറവുമുണ്ടായിരുന്നെങ്കിലും രണ്ടും കൽപിച്ചുള്ള ആ ചാട്ടം ചരിത്രമായി. ആറാമത്തെയും അവസാനത്തെയും ചാട്ടത്തിൽ അട്ടിമറികൾ സംഭവിക്കാതിരുന്നതോടെ പാരീസിലെ വിജയ പോഡിയത്തിൽ അഭിമാന വെങ്കല മെഡലിൽ മുത്തമിട്ട് ഇന്ത്യയുടെ അഞ്ജു ബോബി ജോർജ് പത്രങ്ങളുടെ മുഖചിത്രമായി. ഇന്ത്യൻ കായിക ചരിത്രത്തിലെ ഏറ്റവും വിലപ്പെട്ട ഓർമ ചിത്രമായി ആ കാഴ്ച ഇന്നും നമുക്കു മുൻപിലുണ്ട്.

English Summary: Anju Bobby Goerge Speaks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA