ADVERTISEMENT

ബാങ്കോക്ക് ∙ പരുക്കും വേദനയും മറികടന്ന് മലയാളി താരം എച്ച്.എസ്. പ്രണോയിക്ക് ടൊയോട്ട തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റനിൽ മിന്നും തുടക്കം. ലോക 7–ാം നമ്പർ താരവും ഏഷ്യൻ ഗെയിംസ് ചാംപ്യനുമായ ജൊനാഥൻ ക്രിസ്റ്റിയെയാണ് ആദ്യ റൗണ്ടിൽ പ്രണോയ് വീഴ്ത്തിയത് (18–21, 21–16, 23–21). ഇന്തൊനീഷ്യൻ താരത്തിനെതിരെ കഴിഞ്ഞ 4 മത്സരങ്ങളിൽ പ്രണോയിയുടെ ആദ്യ ജയമാണിത്. 

കോവിഡ് മുക്തനായെങ്കിലും വാരിയെല്ലിലെ വേദനയും തോളിലെ പരുക്കുംമൂലം പ്രയാസപ്പെട്ട പ്രണോയ് അതു വകവയ്ക്കാതെയാണ് ഒരു മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്ന മത്സരം ജയിച്ചു കയറിയത്. നിർണായകമായ 3–ാം ഗെയിമിൽ 11–8നു മുന്നിലെത്തിയെങ്കിലും ഇടയ്ക്കു കോർട്ടിൽ വീണു പോയത് പ്രണോയിക്കു തിരിച്ചടിയായി. മുന്നിൽക്കയറിയ ക്രിസ്റ്റി മാച്ച് പോയിന്റ് വരെ എത്തി. എന്നാൽ, വൈദ്യസഹായം തേടിയതിനു ശേഷം തിരിച്ചുവന്ന് പ്രണോയ് മത്സരം സ്വന്തമാക്കി. ഇതിനു മുൻപു നടന്ന യോനക്സ് ഓപ്പണിനിടെ കോവിഡ് പരിശോധനാഫലം തെറ്റായി വന്നതും പ്രണോയിയുടെ ഒരുക്കങ്ങളെ ബാധിച്ചിരുന്നു. 

പ്രണോയിയും സമീർ വർമയും മാത്രമാണു ചാംപ്യൻഷിപ്പിലെ പുരുഷ സിംഗിൾസിൽ മുന്നേറിയ ഇന്ത്യക്കാർ. ബി.സായ് പ്രണീത്, കെ.ശ്രീകാന്ത് എന്നിവർ കോവിഡിനെത്തുടർന്നു പിൻമാറി. തനിക്കൊപ്പം മുറിയിലുണ്ടായിരുന്ന പ്രണീതിനു കോവിഡ് സ്ഥിരീകരിച്ചതോടെയാണു ശ്രീകാന്തിനും പിൻമാറേണ്ടി വന്നത്. ശ്രീകാന്ത് കഴിഞ്ഞ ദിവസം 2–ാം റൗണ്ടിലെത്തിയിരുന്നു. പുരുഷ ഡബിൾസിൽ എം.ആർ.അർജുൻ–ധ്രുവ് കപില സഖ്യം 2–ാം റൗണ്ടിലെത്തി. വനിതാ ഡബിൾസിൽ എൻ.സിക്കി റെഡ്ഡി–അശ്വിനി പൊന്നപ്പ സഖ്യം പുറത്തായി. 

English Summary: H.S. Pranoy defeats Jonathan Christy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com