ADVERTISEMENT

അബുദാബി ∙ മിക്സ്ഡ് മാർഷ്യൽ ആർട്സിലെ (എംഎംഎ) ഇതിഹാസതാരം കോണർ മക്‌ഗ്രെഗറിനു യുഎഫ്സി 257 പോരാട്ടത്തി‍ൽ ഞെട്ടിക്കുന്ന തോൽവി. അബുദാബി യാസ് ഐലൻഡിലെ ഇത്തിഹാദ് അരീനയിൽ നടന്ന അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ്പിലെ ലൈറ്റ്‍വെയ്റ്റ് വിഭാഗത്തിൽ അയർലൻഡ് താരം മക്‌ഗ്രെഗറിനെ യുഎസ് താരം ഡസ്റ്റിൻ പൊയ്റിയർ 2–ാം റൗണ്ടിൽ ഇടിച്ചിട്ടു. മുപ്പത്തിരണ്ടുകാരൻ മക്ഗ്രെഗറിന്റെ കരിയറിലെ ആദ്യ നോക്കൗട്ട് തോൽവിയാണ് ഇന്നലത്തേത്.

ഒരു വർഷമായി മത്സരവേദിയിൽനിന്നു വിട്ടുനിൽക്കുന്ന മക്ഗ്രെഗർ ഇന്നലെ പോരാട്ടം തുടങ്ങിയതു മുതൽ മുപ്പത്തിരണ്ടുകാരനായ എതിരാളിയെ ആക്രമിച്ചു. ഐറിഷ് താരത്തിന്റെ വലംകൈ പലതവണ പൊയ്റിയറിന്റെ മുഖത്തു പതിച്ചെങ്കിലും വീഴാതെ യുഎസ് താരം പിടിച്ചുനിന്നു. ആദ്യ റൗണ്ട് അവസാനിക്കാൻ 90 സെക്കൻഡ് ബാക്കിനിൽക്കെ മക്ഗ്രെഗറിന്റെ ഉഗ്രൻ ഇടംകൈ പഞ്ച് യുഎസ് താരം തടുത്തു.

2–ാം റൗണ്ടിൽ മക്ഗ്രെഗറിന്റെ വലംകാൽ ലക്ഷ്യമാക്കി പൊയ്റിയർ തുടരെ ഇടംകാലുകൊണ്ട് തൊഴിച്ചു. കാലിനു പരുക്കേറ്റതോടെ റിങ്ങിന്റെ വശങ്ങളിലെ വലയിലേക്കു മക്ഗ്രെഗർ ചാഞ്ഞു. എതിരാളിയുടെ ദൗർബല്യം മുതലാക്കി യുഎസ് താരം പഞ്ചുകൾ ഉതിർത്തു. അതിനിടെ, വലംകൈ ഉയർത്തിയുള്ള പൊയ്റിയറുടെ ഗംഭീര പഞ്ച് മത്സരം അവസാനിപ്പിച്ചു.

ഞാൻ തോറ്റുവെന്ന യാഥാർഥ്യം എനിക്കിപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. തോൽവി എന്നെ അസ്വസ്ഥനാക്കുന്നു

മൂക്കിന് ഇടിയേറ്റ മക്ഗ്രെഗർ നിലതെറ്റി താഴെവീണു. മൂക്കിൽനിന്നു ചോരയൊലിപ്പിച്ചു കിടന്ന മക്ഗ്രെഗറിനെ പരിശോധിച്ച റഫറി മത്സരം നിർത്താൻ തീരുമാനിച്ചു. മത്സരശേഷം ഊന്നുവടിയുടെ സഹായത്തോടെയാണു മക്ഗ്രെഗർ വേദി വിട്ടത്. ‌ഫെതർവെയ്റ്റ് വിഭാഗത്തിൽ 2014ൽ മക്‌ഗ്രെററിൽനിന്നേറ്റ തോൽവിക്കുള്ള മധുര പ്രതികാരമായി പൊയ്റിയറിന്റെ ഇന്നലത്തെ അട്ടിമറി വിജയം.

പൊയ്റിയറുമായി അടുത്തുതന്നെ ഒരു മത്സരംകൂടി നടത്താമെന്ന പ്രതീക്ഷ മക്ഗ്രെഗർ പിന്നീടു പങ്കുവച്ചു. നെയ്റ്റ് ഡയസുമായുള്ള യുഎഫ്സി പോരാട്ടവും മക്ഗ്രെഗറിന്റെ മുന്നിലുണ്ട്. പൊയ്റിയർ ഇനി ലൈറ്റ്‌‌വെയ്റ്റ് കിരീടത്തിനായി നിലവിലെ ചാംപ്യൻ നൂർമാഗോമദോവുമായി ഏറ്റുമുട്ടും. വിരമിക്കൽ പ്രഖ്യാപിച്ച നൂർമാഗോമദോവ് മത്സരത്തിനു വിസ്സമ്മതിച്ചാൽ യുഎസിന്റെ മൈക്കൽ ചാൻഡ്‌‍ലറുമായി പൊയ്റിയറിന് ഏറ്റുമുറ്റേണ്ടി വരും.

English Summary: Dustin Poirier finishes Conor McGregor in two rounds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com