ADVERTISEMENT

വോട്ടെണ്ണിത്തീരാൻ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന സ്ഥാനാർഥികളെപ്പോലെ 3 പൊൻതാരങ്ങൾ വേദിയിൽ. ‘ജനഹിതം’ ആർക്കൊപ്പമെന്നറിയാനുള്ള ആകാംക്ഷ മൂവരുടെയും മുഖത്ത്. ജയിച്ചതാരെന്നു കേൾക്കാൻ ക‍ാതോർത്തിരിക്കുന്ന വോട്ടറുടെ മനസ്സുമായി ആരാധകർ ടിവിക്കു മുന്നിൽ. ആകാംക്ഷയുടെ നിമിഷങ്ങൾ. ചണ്ഡിഗഡിൽനിന്ന് വെർച്വലായി ചടങ്ങിൽ പങ്കുചേർന്ന ഒളിംപിക് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ ചിത്രം സ്ക്രീനിൽ തെളിഞ്ഞു. വരണാധികാരിക്കു വേണ്ട സൂക്ഷ്മതയോടെ ബിന്ദ്ര ജേതാവിനെ പ്രഖ്യാപിച്ചു – ‘അനീഷ് പി. രാജൻ..’ വേദിയിൽ വർണ വിസ്ഫോടനം; കായിക കേരളത്തിന് അഭിമാന നിമിഷം. ബാഡ്മിന്റൻ താരം എച്ച്.എസ്.പ്രണോയിയുടെയും അത്‍ലീറ്റ് ജിൻസൻജോൺസന്റെയും പിൻഗാമിയായി 2019ലെ മികച്ച മലയാളി കായികതാരത്തിനുള്ള മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാരം അനീഷ് പി. രാജന്. ഭിന്നശേഷിക്കാരുടെ ലോക ട്വന്റി20 ക്രിക്കറ്റിൽ ജേതാക്കളായ ഇന്ത്യൻ ടീമിന്റെ നെടുംതൂണായി മാറിയ അനീഷിന് അർഹിക്കുന്ന ആദരം. മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശ് നടേശൻ 2–ാം  സ്ഥാനം നേടി നെഞ്ചുവിരിച്ചു. 3–ാംസ്ഥാനത്തിന്റെ പ്രഭയിൽ തിളങ്ങി വിനയം വിടാതെ ഇന്ത്യൻ ചെസ് വിസ്മയം നിഹാൽ സരിനും.

pattern-club
കോഴിക്കോട് കാരന്തൂർ പാറ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റി ട്രഷറർ പി.ഹസൻ, വൈസ് പ്രസിഡന്റ് എൻ.ശശിധരൻ, സെക്രട്ടറിയും ചീഫ് കോച്ചുമായ സി.യൂസഫ്, വൈസ് പ്രസിഡന്റ് പി.റഫീഖ് എന്നിവർ.

പാറ്റേണിന് സ്വപ്നസാഫല്യം

സ്പോർട്സ് സ്റ്റാർ ആരെന്നു പ്രഖ്യാപിക്കുന്നതിനു മുൻപേ എങ്ങനെ സ്പോർട്സ് സ്റ്റാർ ആകാമെന്നു പ്രഖ്യാപിക്കുകയായിരുന്നു അഭിനവ് ബിന്ദ്ര. തനിക്കു മുന്നിലെത്തിയ 3 താരങ്ങളോടും ബിന്ദ്ര പറഞ്ഞു: ‘നിങ്ങളുടെ ലക്ഷ്യത്തിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, ആ യാത്ര നന്നായി ആസ്വദിക്കുക, ബന്ധങ്ങൾ മെച്ചപ്പെടുത്തുക, ആഗ്രഹിച്ചതു നേടാൻ അധ്വാനിക്കുക.’ മികവിന്റെ താരങ്ങളെ പ്രോത്സാഹിപ്പിക്കാൻ മുൻകയ്യെടുത്ത മലയാള മനോരമയ്ക്കു നന്ദി പ്രകാശിപ്പിച്ചാണു ബിന്ദ്ര സംഭാഷണം അവസാനിപ്പിച്ചത്. പിന്നാലെ മികച്ച സ്പോർട്സ് ക്ലബ്ബിനുള്ള പുരസ്കാര പ്രഖ്യാപനം. വേദിയിൽ മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസും സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ഡെന്നി തോമസ് വട്ടക്കുന്നേലും. നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ കോഴിക്കോട് കാരന്ത‍ൂർ പാറ്റേൺ സ്പോർട്സ് ആൻഡ് ആർട്സ് സൊസൈറ്റിക്ക് ഒന്നാം സ്ഥാനം. എറണാകുളം ഏലൂർ ഫ്യൂച്ചർ ഫുട്ബോൾ അക്കാദമിക്കു 

2–ാം  സ്ഥാനത്തിളക്കം. തിരുവനന്തപുരം പിരപ്പൻകോട് ഗോൾഫിൻ ക്ലബ്ബിനു 3–ാം സ്ഥാനവും. പിന്നാലെ, കേരളം കാത്തിര‍ുന്ന നിമിഷമെത്തി. 2019ലെ മികച്ച താരമാരെന്നു പ്രഖ്യാപിക്കുന്ന മുഹൂർത്തം.

bindra-rajeev
ഒളിംപ്യൻ അഭിനവ് ബിന്ദ്രയ്ക്കു മലയാള മനോരമയുടെ ഉപഹാരം ചണ്ഡിഗഡിൽ സ്പെഷൽ കറസ്പോണ്ടന്റ് രാജീവ് മേനോൻ സമ്മാനിക്കുന്നു.

ഇതാ നമ്മുടെ ചാംപ്യൻ!

ഒന്നാം സ്ഥാനത്തിൽ കുറഞ്ഞതൊന്നും അർഹിക്കാത്ത 3 ചാംപ്യൻമാർ. ഇവരിലാരാകും സ്പോർട്സ് സ്റ്റാർ? തോക്കെടുത്ത് ഉന്നംപിടിച്ചു ലക്ഷ്യത്തിലേക്കു നിറയൊഴിക്കുന്നത്ര ഏകാഗ്രതയോടെ ജേതാവിന്റെ പേരടങ്ങിയ കവർ തുറന്ന് ഒളിംപ്യൻ അഭിനവ് ബിന്ദ്ര പേരു വായിച്ചു: ‘അനീഷ് പി. രാജൻ..’ സദസ്സിൽ കരഘോഷം. വേദിയിൽ ആഘോഷം. 2–ാം സ്ഥാനക്കാരൻ ചിത്തരേശും  3–ാം  സ്ഥാനക്കാരൻ നിഹാലും ആഘോഷത്തിൽ പങ്കാളികളായി. ഒരേസ്വരത്തിലായിരുന്നു മൂവരുടെയും പ്രതികരണവും – ‘ഏറെ സന്തോഷമുണ്ട്.’ എല്ലാവർക്കും ആത്മവീര്യമേകി ഒടുവിൽ ബിന്ദ്രയുടെ വാക്കുകൾ: ‘എല്ലാവർക്കും ഈ വർഷം വലിയ നേട്ടങ്ങളുടേതാകട്ടെ!’

ff-acadamy
ഏലൂർ ഫ്യൂച്ചർ ഫുട്ബോൾ അക്കാദമി പ്രസിഡന്റ് എ.ബി.ഹംസ, വൈസ് പ്രസിഡന്റ് പോൾ പി.തോമസ്, ട്രഷറർ ഡി.പ്രമോദ് കുമാർ, സെക്രട്ടറി വാൾട്ടർ ആന്റണി എന്നിവർ.

അനീഷ് പറഞ്ഞു: ഞാൻ മൈൻഡ് ചെയ്യാറില്ല!

ആഴ്ചകൾ നീണ്ട‌ എസ്എംഎസ് വോട്ടെടുപ്പിനൊടുവിൽ കേരളമൊന്നാകെ ചോദിച്ച ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു ‘മഴവിൽ മനോരമ’ സ്റ്റുഡിയോയിലെ പുരസ്കാരവേദി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ സദസ്സിന്റെ എണ്ണം പരിമിതപ്പെടുത്തിയിരുന്നെങ്കിലും ആവേശത്തിനു പരിധികളുണ്ടായില്ല. ജന്മനാ വലതു കൈപ്പത്തിയില്ലാത്തതിന്റെ കുറവു മറികടന്നു ലോകനേട്ടത്തിന്റെ നെറുകയിലെത്തിയ അനീഷിനോട് പുരസ്കാര വേദിയിൽ അവതാരക ചോദിച്ചു: ‘അംഗപരിമിതിയുടെ പേരിൽ എപ്പോഴെങ്കിലും പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ?’ പുഞ്ചിരിയോടെ അനീഷിന്റെ മറുപടി ഇങ്ങനെ: ‘ഉണ്ടാകാം. ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല. പരിഹാസങ്ങളൊന്നും എന്നെ ബാധിക്കാറില്ല..’

സഹമത്സര‍ാർഥികളും സദസും ഒരുപോലെ അനീഷിനായി കയ്യടിച്ചു, തല കുനിച്ചു. മിസ്റ്റർ യൂണിവേഴ്സ് ബഹുമതി സ്വന്തമാക്കിയ ചിത്തരേശ് നടേശനോട്, പിന്നിട്ട ജീവിത വഴികളെക്കുറിച്ചു ചോദിച്ചപ്പോൾ ലഭിച്ച മറുപടിയിങ്ങനെ: ‘ചെറുപ്പത്തിൽ ജിമ്മിൽ പോകണമെന്നൊക്കെ വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, പണമുണ്ടായിരുന്നില്ല..’ വളർന്നു വലുതായിട്ടും വന്നവഴി മറക്കാത്ത താരത്തിനു സദസ്സ് ആദരം കലർന്ന കയ്യടി നൽകി. ലോക ചാംപ്യനായപ്പോൾ എന്തു തോന്നിയെന്ന ചോദ്യത്തിനു കുഞ്ഞുമറുപടിയിലൂടെ നിഹാൽ വിനയാന്വിതനായി, ‘വളരെ സന്തോഷം തോന്നി..’

dolphin
തിരുവനന്തപുരം പിരപ്പൻകോട് ഡോൾഫിൻ ക്ലബ് സെക്രട്ടറി ജി.ബാബു, മോഹനൻ നായർ, വൈസ് പ്രസിഡന്റ് ശശിധരൻ നായർ, ട്രഷറർ ജി.ശ്രീകുമാർ എന്നിവർ.

കേരളത്തിലെ കായിക താരങ്ങളോട് ഇന്ത്യയുടെ ഏക ഒളിംപിക് വ്യക്തിഗത സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്രയ്ക്കു പറയാനുള്ളത്...

ആത്മാഭിമാനമാണ് അത്‌ലീറ്റിന്റെ മുഖമുദ്ര. ക്യാമറയ്ക്കും കാഴ്ചക്കാർക്കും മുൻപിലല്ല, പരിശീലിക്കുമ്പോഴാണ് യഥാർഥത്തിൽ ഒരു അത്‌ലീറ്റിന്റെ സമയം കൂടുതലും ചെലവാകുന്നത്. അത്‌ലീറ്റിനു കായികജീവിതം ദിനചര്യയാണ്. ഓരോ ദിവസവും മത്സരദിവസത്തെ അതേ ഊർജസ്വലതയും ആവേശവും ഒപ്പമുണ്ടാവും. അത് മത്സരങ്ങൾക്കു വേണ്ടി മാത്രമുള്ളതല്ലെന്ന തിരിച്ചറിവും അത്‌ലീറ്റിനുണ്ടാകും. തലേന്നത്തെക്കാൾ മികച്ച അത്‌ലീറ്റായാണ് ഓരോ ദിവസവും അവർ ഉണരേണ്ടത്.

കായികരംഗത്തു നിന്നു ലഭിക്കുന്ന ബന്ധങ്ങൾ വളർത്തിയെടുക്കണം. അനുഭവങ്ങൾ പാഠങ്ങളാക്കുകയും വേണം. സ്വയം സത്യസന്ധത പുലർത്തുകയെന്നതാണ് ഒരു അത്‌ലീറ്റിന്റെ ആദ്യ വെല്ലുവിളി.

22 വർഷം നീണ്ട കായിക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമെന്താണ്?

ബിന്ദ്ര: സ്വാഭാവികമായ ഉത്തരം ഒളിംപിക് സ്വർണമോ ലോകചാംപ്യൻഷിപ് സ്വർണമോ എന്നാകാം. പക്ഷേ, ഒരു വർഷാന്ത്യത്തിലെ പരിശീലന വേളയിൽ 100 സിറ്റ് അപ്പുകളെടുക്കാൻ എന്റെ ട്രെയിനർ പറ‍ഞ്ഞു. 95 ആയപ്പോൾ അദ്ദേഹം പറഞ്ഞു, ഈ വർഷം നിങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഇല്ല, ഇനിയും 5 എണ്ണം കൂടി ബാക്കിയുണ്ടെന്ന് ഞാൻ പറഞ്ഞു. ആ അർപ്പണ ബോധം ആർജിക്കാനായത് സ്വയം കണ്ടെത്തുന്നതിലൂടെയാണ്. 

Content Highlights: Aneesh P Rajan Manorama sports star

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com