ADVERTISEMENT

സച്ചിൻ തെൻഡുൽക്കറിന് ചേട്ടൻ അജിത് തെൻഡുൽക്കർ എങ്ങനെയായിരുന്നോ അങ്ങനെയാണ് അനീഷ് പി. രാജന് ചേട്ടൻ സമീഷ്. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ സമീഷായിരുന്നു ക്രിക്കറ്റിൽ അനീഷിന്റെ ആദ്യത്തെ കൂട്ടുകാരനും എതിരാളിയും. ചെറുപ്പത്തിൽ പരസ്പരം പന്തെറിഞ്ഞും ബാറ്റു ചെയ്തും കളിക്കുമ്പോൾ മിക്കപ്പോഴും ജയിക്കുക ചേട്ടൻ തന്നെ. അതോടെ അനീഷ് ഒരു നിബന്ധന വച്ചു– എല്ലാ ദിവസവും താൻ ജയിക്കുന്നതു വരെ കളി തുടരണം!  

അനീഷിന്റെ കരിയറിലെ എല്ലാ നല്ല നിമിഷങ്ങൾക്കും ചേട്ടൻ സാക്ഷിയായിട്ടുണ്ട്. ഇംഗ്ലണ്ടിൽ നടന്ന ലോക ട്വന്റി20 ക്രിക്കറ്റ് പരമ്പര സമീഷിനു മിസ് ആയില്ല. അനീഷ് ഇംഗ്ലണ്ടിൽ കളിക്കാൻ പോയ അതേ സമയത്താണു സമീഷിനും ഭാര്യ അനുവിനും ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്ന് ഒരു വിദേശ യാത്ര കിട്ടുന്നത്. 

അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിൽ തന്റെ ബോളിങ്ങെല്ലാം കഴിഞ്ഞ് അനീഷ് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുമ്പോൾ പിന്നിൽ നിന്നൊരു വിളി: ഡാ..! തിരിഞ്ഞു നോക്കിയ അനീഷ് ഞെട്ടിപ്പോയി. ദാ, ചേട്ടനും ചേച്ചിയും..അനീഷ് അവരുടെ വരവിന്റെ ആഘോഷം മോശമാക്കിയില്ല. ആ മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച് ആയി. സ്പോർട്സ് സ്റ്റാർ  പുരസ്കാരച്ചടങ്ങിനായി അനീഷിനൊപ്പം എത്തിയതും ഇരുവരും തന്നെ. 

അനീഷിന്റെ പേര് ഇന്ത്യയുടെ അഭിമാന താരം അഭിനവ് ബിന്ദ്ര പ്രഖ്യാപിച്ചപ്പോൾ ഇടുക്കി പാറേമാവിലെ വീട്ടിൽ സന്തോഷവാർത്തയ്ക്കായി കാത്തിരിക്കുന്ന അച്ഛൻ രാജനെയും ശ്യാമളയുടെയും വിളിച്ചറിയിക്കുന്ന തിരക്കിലായിരുന്നു സമീഷ്. 

‘ഈ നേട്ടം  എന്റേതു മാത്രമല്ല. എന്നെ പിന്തുണച്ച കുടുംബം, സഹോദരൻ, പരിശീലകർ എന്നിവരുടേതു കൂടിയാണ്. ഈ പുരസ്കാരം ഞാൻ കുടുംബത്തിനു സമർപ്പിക്കുന്നു.’

– അനീഷ് പി. രാജൻ

Content Highlights: Manorama sports star  Aneesh P Rajan's brother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com