പനജി ∙ റഷ്യൻ താരം അർതിഷ് ലോപ്സാനെതിരെയുള്ള തോൽവി ചെറിയൊരു തിരിച്ചടി മാത്രമാണെന്ന് ഇന്ത്യൻ പ്രഫഷനൽ ബോക്സിങ് താരം വിജേന്ദർ സിങ്. ‘ചിലപ്പോൾ ഇങ്ങനെയും സംഭവിക്കാം’– കരിയറിലെ ആദ്യ തോൽവിക്കു ശേഷം വിജേന്ദർ ട്വിറ്ററിൽ കുറിച്ചു.
പനജിയിലെ ‘മജസ്റ്റിക് പ്രൈഡ്’ ആഡംബരക്കപ്പലിൽ നടന്ന പോരാട്ടത്തിന്റെ 5–ാം റൗണ്ടിലാണ് ഇരുപത്തിയാറുകാരൻ ലോപ്സാൻ നോക്കൗട്ട് ജയം കുറിച്ചത്. പ്രഫഷനൽ കരിയറിലെ 13–ാം മത്സരത്തിലാണു വിജേന്ദറിന്റെ ആദ്യ തോൽവി.
ആദ്യ റൗണ്ട് മുതൽ ജാഗ്രത പുലർത്തിയ വിജേന്ദറിനെ ഉയരക്കൂടുതൽ മുതലാക്കി ലോപ്സാൻ കടന്നാക്രമിക്കുകയായിരുന്നു. വിജേന്ദർ തളർന്നതോടെ 5–ാം റൗണ്ടിൽ റഫറി ലോപ്സാനെ വിജയിയായി പ്രഖ്യാപിച്ചു.