ADVERTISEMENT

തിരിച്ചുവരവുകളുടെ കഥകൾ കായികലോകത്ത് ഏറെയുണ്ട്; പക്ഷേ ഇതു പോലെയൊരു തിരിച്ചുവരവ് ഒരുപക്ഷേ ആദ്യമാകാം. കാരണം ചാൾസ് തോമസ് തിരിച്ചു വന്നത് ഏതെങ്കിലും മത്സരത്തിലല്ല, ‘മരണത്തിൽ’ നിന്നു തന്നെയാണ്! 40 വർഷം മുൻപ് മരിച്ചെന്നു കരുതിയ യുഎസ് ബാസ്കറ്റ് ബോൾ താരമാണ് സകലരെയും അമ്പരപ്പിച്ച് കഴിഞ്ഞ ദിവസം വീണ്ടും പ്രത്യക്ഷപ്പെട്ടത്.

ബാർസിലോന ∙ നോർമൻ കാർമിഷേലിന് ഇപ്പോഴും ആ ഫോൺ വിളി നൽ‌കിയ ‘സന്തോഷകരമായ ആഘാതം’ വിട്ടുമാറിയിട്ടില്ല. ‘‘കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു ഞാൻ. എന്റെ മകനാണ് ഡ്രൈവ് ചെയ്തിരുന്നത്. പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തപ്പോൾ കോൾ എടുത്ത ഭാര്യ അതെനിക്കു നൽകി: ഏതോ ചാൾസ് തോമസ് നിങ്ങളോടു സംസാരിക്കണമെന്നു പറയുന്നു. ഞാൻ ഞെട്ടിപ്പോയി. ഒരേയൊരു ചാൾസ് മാത്രമേ എന്റെ അടുപ്പക്കാരനായുള്ളൂ. അദ്ദേഹമാവട്ടെ 40 വർഷം മുൻപ് മരിച്ചു പോയിരിക്കുന്നു!

സംശയത്തോടെ ഫോൺ എടുത്ത എന്നോട് അപ്പുറത്തുനിന്നുള്ള ആൾ പറഞ്ഞു. ‘‘ഞാൻ ചാൾസ് തോമസാണ്’’. ഏതു ചാൾസ് ?– ഞാൻ ചോദിച്ചു. നിങ്ങൾക്കൊപ്പം ബാസ്കറ്റ് ബോൾ കളിച്ചിരുന്ന ചാൾസ്. എന്നെയും ചാൾസിനെയും അറിയുന്ന ആരോ കബളിപ്പിക്കുകയാണെന്നാണ് കരുതിയത്. എന്റെ സംശയം തീരാത്തതു കൊണ്ടാവാം ‘ചാൾസ് ’ പറഞ്ഞു: നമുക്ക് വിഡിയോ കോൾ ചെയ്യാം..’’ വിഡിയോ കോൾ ചെയ്യുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ രൂപവും സംസാരവുമെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചു. പതിയെപ്പതിയെ ഞെട്ടലോടെ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു: ഇത് ചാൾസ് തന്നെ. 40 വർഷം മുൻപ് മരിച്ചു പോയെന്ന് ഞങ്ങളെല്ലാം കരുതിയ അതേ ചാൾസ്!

സ്പെയിനിലെ ആർഎസി–1 റേഡിയോ അഭിമുഖത്തിലാണ് മരിച്ചു പോയെന്നു കരുതിയ സഹതാരവുമായി സംസാരിച്ച കഥ കാർമിഷേൽ വെളിപ്പെടുത്തിയത്. ‘മാർക’ ഉൾപ്പെടെയുള്ള സ്പാനിഷ് സ്പോർട്സ് മാധ്യമങ്ങൾ ഇതു വലിയ വാർത്തയാക്കി. കളിക്കാലത്തു ലഹരിക്ക് അടിമയായ ചാൾസ് സ്പെയിനിൽനിന്ന് മടങ്ങിയിരുന്നു. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും കിട്ടാതെ വന്നതോടെ സ്പെയിനിലെ അടുപ്പക്കാരെല്ലാം അദ്ദേഹം മരിച്ചു എന്നു കരുതി. എന്നാൽ മെക്സിക്കോയിൽ കുറച്ചു കാലം താമസിച്ച ചാൾസ് ജന്മനാടായ യുഎസിലെത്തി. കുറച്ചു വർഷമായി ടെക്സസിലെ അമാരില്ലോയിലെ ഒരു നഴ്സിങ് ഹോമിലാണ് താമസം.

1946ൽ ജനിച്ച ചാൾ‌സ് 1968–69, 1969–70 സീസണുകളിൽ സ്പാനിഷ് ബാസ്കറ്റ് ബോൾ ലീഗിലെ ടോപ് സ്കോററായിരുന്നു. സ്പെയിനിൽ കളിക്കാനെത്തിയ ആദ്യ യുഎസ് താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. 1968ൽ ബാഡലോന ക്ലബ്ബിൽ കളി തുടങ്ങി. 1971–72 സീസണിൽ ബാർസിലോനയിലെത്തി. 1976ൽ 29–ാം വയസ്സിൽ ഭാര്യയും 2 മക്കളുമൊത്ത് അദ്ദേഹം സ്പെയിൻ വിട്ടു.

ഞെട്ടലിൽ നിന്നു മുക്തനായിട്ടില്ലെങ്കിലും ചാൾസ് തോമസുമായുള്ള അടുത്ത സംഭാഷണത്തിനു കാത്തിരിക്കുകയാണ് കാർമിഷേൽ.

Content Highlights: US basketball player Charles Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com