ADVERTISEMENT

പോർട്ടിമാവോ ∙ ഫോർമുല വൺ കാറോട്ട മത്സര സീസണിലെ മൂന്നാം മത്സരത്തിൽ നിലവിലെ ചാംപ്യൻ മെഴ്സിഡീസിന്റെ ലൂയിസ് ഹാമിൽട്ടൻ ജേതാവായി. ബഹ്റൈനിലെ ആദ്യമത്സരം ജയിച്ച ബ്രിട്ടിഷ് താരം രണ്ടാം ഗ്രാൻപ്രിയിൽ ഇറ്റലിയിലെ ഇമോളയിൽ രണ്ടാം സ്ഥാനത്തായിരുന്നു. ബഹ്റൈനിൽ രണ്ടാം സ്ഥാനവും ഇമോളയിൽ ഒന്നാം സ്ഥാനവും നേടിയ റെഡ്ബുൾ താരം മാക്സ് വെസ്തപ്പനാണ് അൽഗാർവിലെ പോർച്ചുഗീസ് ഗ്രാൻപ്രിയിൽ രണ്ടാമതെത്തിയത്. പോൾ പൊസിഷനിൽ മത്സരം തുടങ്ങിയ മെഴ്സിഡീസിന്റെ വൾട്ടേരി ബൊത്താസാണു മൂന്നാമൻ. ഇതോടെ ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഹാമിൽട്ടന് എട്ടു പോയിന്റിന്റെ മേൽക്കയ്യായി.

ഫോർമുല വൺ പോർച്ചുഗീസിൽ നടന്നപ്പോഴെല്ലാം എന്തെങ്കിലും വാർത്തകൾ സൃഷ്ടിച്ചിട്ടുണ്ട്. വിവാദങ്ങൾ, അപകടങ്ങൾ, അട്ടിമറികൾ, പുതിയ താരോദയങ്ങൾ.... അങ്ങനെ പലതും. എന്നാൽ, പല കാരണങ്ങളാൽ പലപ്പോഴും കലണ്ടറിനു പുറത്തായിരുന്നു പോർച്ചുഗൽ. 1996നു ശേഷം നീണ്ട ഇടവേള കഴിഞ്ഞു 2020ൽ കഴിഞ്ഞ സീസണിലാണു പോർച്ചുഗീസ് ഗ്രാൻപ്രി നടന്നത്. പോർട്ടിമാവോയിലെ പുതിയ രാജ്യാന്തര സർക്യൂട്ടായ അൽഗാർവിലെ കന്നിമത്സരം. മെഴ്സിഡീസിന്റെ വിജയ ജോടിയായ ലൂയിസ് ഹാമിൽട്ടനും വൾട്ടേരി ബൊത്താസുമായിരുന്നു ആദ്യ രണ്ടു സ്ഥാനക്കാർ. റെഡ് ബുൾ താരം മാക്സ് വെസ്തപ്പൻ മൂന്നാമനും. മൈക്കൽ ഷൂമാക്കറുടെ ഏറ്റവും കൂടുതൽ ഗ്രാൻപ്രി വിജയങ്ങളെന്ന റെക്കോർഡ് ലൂയിസ് ഹാമിൽട്ടൻ മറികടന്നത് ഇവിടെ വച്ചാണ്. 4.653 കിലോമീറ്റർ ദൈർഘ്യമുള്ള സർക്യൂട്ടിൽ 66 ലാപ്പിലായി 306.826 കിലോമീറ്ററാണ് ആകെ മത്സരദൂരം.

അലൈൻ പ്രോസ്റ്റും നൈജൽ മാൻഷെലുമാണ് പോർച്ചുഗലിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയത്. മൂന്നു വീതം.
 1951 മുതൽ പോർച്ചുഗീസ് വേഗക്കാറുകളുടെ മത്സരത്തിനു വേദിയായിരുന്നു. ആ വർഷം ജൂൺ 17നു പോർട്ടോയിലെ ബോവിസ്റ്റ സ്ട്രീറ്റ് കോഴ്സിലായിരുന്നു സ്പോർട്സ് കാർ മത്സരം. 1954ൽ ലിസ്ബണിലെ മോൺസാന്റോ പാർക്കിലേക്കു വേദി മാറി. ഈ രണ്ടു സർക്യൂട്ടും വശങ്ങളിൽ മരങ്ങൾ നിറഞ്ഞതും കൊടും വളവുകളും കയറ്റിറക്കങ്ങളും ഉള്ള തെരുവുകളായിരുന്നു. എന്നാൽ, ബോവിസ്റ്റയെക്കാൾ വീതി കൂടിയ തെരുവാണു മോൺസാന്റോ. 1957 വരെ സ്പോർട്സ് കാർ റേസ് തുടർന്നു, 1958ൽ ഫോർമുല വൺ മത്സരങ്ങൾ ആരംഭിക്കും വരെ.

1958 ഓഗസ്റ്റ് 14നു ബോവിസ്റ്റയിൽ ആദ്യ എഫ് വൺ മത്സരം അരങ്ങേറി. ബ്രിട്ടിഷ് താരങ്ങളായ സ്റ്റിർലിങ് മോസും (വാൻവാൾ) മൈക്ക് ഹാവ്ത്തോണും (ഫെറാറി) തമ്മിലായിരുന്നു പ്രധാന മത്സരം.

ഇടയ്ക്കു ഹാവ്ത്തോണിന്റെ കാർ ട്രാക്കിൽ നിന്നു തെന്നിത്തെറിച്ചു പോയി. മത്സരം പുനരാരംഭിച്ചപ്പോൾ അറിയാതെ ഏതാനും വാര എതിർദിശയിലേക്കാണ് അദ്ദേഹം കാറോടിച്ചത്. നിയമമനുസരിച്ച് ഇത് അയോഗ്യതയ്ക്കുള്ള കാരണമാണ്. എന്നാൽ, മോസ് സ്റ്റുവാർഡ്സിനോട് (മത്സരം നിയന്ത്രിക്കുന്നവർ) ഹാവ്ത്തോൺ കാർ തെന്നി പുറത്തു പോയതാണെന്നും തിരിച്ചു സർക്യൂട്ടിലെത്തിയപ്പോൾ വഴി തെറ്റിയതാണെന്നും വിശദീകരിച്ചു. മോസിന്റെ ആ വെളിപ്പെടുത്തൽ ഹാവ്ത്തോണിനു നൽകിയതു വിലപ്പെട്ട 7 പോയിന്റാണ്. രണ്ടാമനായി ഫിനിഷ് ചെയ്തതിന്റെ ആറു പോയിന്റും ഏറ്റവും വേഗമേറിയ ലാപ്പിനുള്ള ഒരു പോയിന്റും. ആ പോയിന്റുകൾ ഹാവ്ത്തോണിനു നേടിക്കൊടുത്തത് ആ വർഷത്തെ ചാംപ്യൻഷിപ്പാണ്. എന്നാൽ, മികച്ച സ്പോർട്സ്മാൻ സ്പിരിറ്റിന്റെ പേരിൽ ആരാധക ഹൃദയങ്ങൾ കീഴടക്കിയ മോസിന് ഒരു പോയിന്റിനു കിരീടം കൈവിട്ടു പോയി.

1959ൽ വേദി മോൺസാന്റോയിലേക്കു മാറി. അന്നു വിജയി മോസായിരുനു. എന്നാൽ, ആ മത്സരം മോൺസാന്റോ പാർക്കിലെ അവസാന മത്സരമായിരുന്നു. 1960ൽ വീണ്ടും ബോവിസ്റ്റയിലേക്ക്. ബ്രാഭം ആയിരുന്നു ആ വർഷം വിജയി. പിന്നീട് എഫ് വൺ കലണ്ടറിൽ നിന്നു മാഞ്ഞുപോയ പോർച്ചുഗീസ് ഗ്രാൻപ്രി തിരിച്ചെത്തുന്നത് 1984ൽ. ഒക്ടോബർ 21നു നടന്ന മത്സരത്തിൽ ഫ്രഞ്ച് താരം അലൈൻ പ്രോസ്റ്റ് വിജയിയായി. അവിടെ രണ്ടാം സ്ഥാനത്തെത്തിയ നിക്കി ലൗഡയാണു സീസണിൽ കിരീടം ചൂടിയത്.
1985 ഏപ്രിൽ 21നു കനത്ത മഴിലായിരുന്നു മത്സരം. അയർട്ടൻ സെന്നയായിരുന്നു ജേതാവ്. കാലാവസ്ഥയും മറ്റും കണക്കാക്കി അടുത്ത സീസൺ മുതൽ സെപ്റ്റംബർ മൂന്നാം വാരത്തിലേക്കു മത്സരം തീരുമാനിച്ചു.

ഫോർമുല വണ്ണലെ വിഖ്യാതമായ ഒരു ശത്രുതയ്ക്കു തുടക്കമിട്ടു 1988 പോർച്ചുഗീസ് ഗ്രാൻപ്രി. മക്‌ലാരൻ താരങ്ങളായ അലൈൻ പ്രോസ്റ്റും അയർട്ടൻ സെന്നയും തമ്മിലായിരുന്നു അത്. സർക്യൂട്ടിലെ ഒരു കോർണറിൽ പ്രോസ്റ്റിനെ മറികടക്കാൻ അനുവദിച്ചില്ല സെന്ന. ആ ശ്രമത്തിനിടെ പിറ്റ് ലൈനിനും ട്രാക്കിനും ഇടയിലുള്ള ഭിത്തിയൽ ചെന്നിടിച്ചു പ്രോസ്റ്റിന്റെ കാർ. എന്നാൽ, പരുക്കൊന്നും കൂടാതെ പ്രോസ്റ്റ് രക്ഷപ്പെട്ടു.

1989ൽ സെന്നയ്ക്ക കിരീടം നഷ്ടമായ സംഭവം നടന്നതും അതേ സർക്യൂട്ടിൽ. പിറ്റിൽ നിന്നു പുറത്തിറങ്ങിയ മാൻഷെൽ സർക്യൂട്ടിൽ സെന്നയ്ക്കു തടസ്സമായി. കാർ വെട്ടിയൊഴിയാൻ ശ്രമിച്ചെങ്കിലും സെന്നയുടെ കാർ മാൻഷെലിന്റെ ഫെറാറിയിൽ ചെന്നിടിച്ചു. ഇരുവരും മത്സരത്തിൽ നിന്നു പുറത്ത്. വിജയക്കുമെന്ന് ഉറപ്പായിരുന്ന ആ മത്സരം കൈവിട്ടതോടെ സീസണിലെ കിരീടവും വഴുതി. 1993ലെ ചാംപ്യൻ അലൈൻ പ്രോസ്റ്റ് പക്ഷേ, പോർച്ചുഗീസ് ഗ്രാൻപ്രിയിൽ മൈക്കൽ ഷൂമാക്കർക്കു പിന്നിൽ രണ്ടാമനായിരുന്നു.

1994 ഫോർമുല വണ്ണിലെ ദുരന്തവർഷമായിരുന്നല്ലോ. ഇമോളയിലെ അപകടത്തിൽ അയർട്ടൻ സെന്നയും റാറ്റ്സൻബർഗറും മരിച്ചത് ആ വർഷമാണ്. അതേത്തുടർന്നു ബോവിസ്റ്റ സർക്യൂട്ടിനു ചില മാറ്റങ്ങൾ വരുത്തി. ടീം വില്യംസിന്റെ ഡാമൺ ഹിൽ ആയിരുന്നു ആ വർഷം വിജയി. 1995ൽ ഡേവിഡ് കൂൾത്താഡ് ജേതാവായി. 1996ൽ കാനഡക്കാരനായ പുതുമുഖ താരം ജാക്ക് വില്ലെനെവ് (വില്യംസ്) മൈക്കൽ ഷൂമാക്കറെ അമ്പരപ്പിച്ചു പോഡിയം കയറി. 1996ൽ സീസണിലെ അവസാന മത്സരമായിരുന്നു പോർച്ചുഗീസ് ഗ്രാൻപ്രി. എന്നാൽ, മോശം കാലാവസ്ഥയും സർക്യൂട്ടിന്റെ ശോച്യാവസ്ഥയും കാരണം മത്സരം ഉപേക്ഷിച്ചു. സർക്യൂട്ടിന്റെ നവീകരണം പൂർത്തിയാകാഞ്ഞതിനാൽ അടുത്ത സീസണും പോർച്ചുഗലിനു നഷ്ടമായി. വീണ്ടും പ്രതാപത്തിലേക്കുള്ള പാതയിലാണു പോർച്ചുഗീസ് ഗ്രാൻപ്രി.

English Summary: Hamilton, Verstappen set for tight fight again at Portuguese Grand Prix

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com