ADVERTISEMENT

ടോക്കിയോ ∙ മാറ്റിവച്ച ടോക്കിയോ ഒളിംപിക്സിലേക്കു രണ്ടര മാസം മാത്രം ബാക്കി നിൽക്കെ ജപ്പാനിൽ വീണ്ടും പ്രതിഷേധം ഉയരുന്നു. ഒളിംപിക്സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം തുടങ്ങിയ ഓൺലൈൻ ക്യാംപെയ്‌നിൽ ആയിരക്കണക്കിനുപേർ പങ്കുചേരുന്നതായാണു റിപ്പോർട്ട്. ജൂലൈ 23നാണ് ഒളിംപിക്സ് തുടങ്ങുന്നത്.

കോവിഡ് വ്യാപനം ഗുരുതരമായതിനാൽ, സർക്കാർ ഖജനാവി‍ൽനിന്നു കോടികൾ മുടക്കിയുള്ള കായിക ധൂർത്ത് വേണ്ടെന്ന വാദവുമായാണ് ഓൺലൈനിൽ നിവേദനം തയാറാകുന്നത്. ആയിരക്കണക്കിനു പേരാണു ദിവസവും ഒപ്പിട്ട് ഈ ക്യാംപെയ്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. ടോക്കിയോ, ഒസാക തുടങ്ങിയ ഒട്ടേറെ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥയാണ് ഇപ്പോൾ. 11 വരെയാണ് അടിയന്തരാവസ്ഥയെങ്കിലും നീട്ടാൻ സാധ്യതയുണ്ടെന്നാണു വിദഗ്ധർ പറയുന്നത്. ഈ മാസം പകുതിക്കുശേഷം ജപ്പാനിലെത്തുന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കിനു നിവേദനം  സമർപ്പിക്കാനാണു പ്രതിഷേധക്കാർ ഉദ്ദേശിക്കുന്നത്. 

17നു ശേഷം ബാക് ടോക്കിയോയിലെത്തുമ്പോൾ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കാനും ഉദ്ദേശ്യമുണ്ട്. 

കഴിഞ്ഞ വർഷാവസാനം നടത്തിയ സർവേയിൽ പങ്കെടുത്ത 70–80% പേരും ഒളിംപിക്സ് റദ്ദാക്കുകയോ ഒരിക്കൽക്കൂടി മാറ്റിവയ്ക്കുകയോ ചെയ്യണമെന്ന അഭിപ്രായമാണു പങ്കുവച്ചത്. 

ഒളിംപിക്സ് ദീപശിഖാ പ്രയാണം ജപ്പാനിൽ നടന്നുകൊണ്ടിരിക്കുകയാണ്. 

വിവിധ സ്ഥലങ്ങളിലായി ദീപശിഖ പ്രയാണത്തിൽ പങ്കെടുത്ത 8 പേർ കോവിഡ് പോസിറ്റീവായിട്ടുണ്ട്. 

കോവിഡ് രൂക്ഷമായ മേഖലകൾ ഒഴിവാക്കിയാണു ദീപശിഖാ പ്രയാണം തുടരുന്നത്. 

എന്നാൽ,  സുരക്ഷിതമായി ഒളിംപിക്സ് സംഘടിപ്പിക്കുമെന്നാണു സർക്കാരിന്റെയും സംഘാടക സമിതിയുടെയും ഉറപ്പ്.

‘ഒരുക്കങ്ങൾ തൃപ്തികരം’

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഒളിംപിക്സ് സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ തൃപ്തികരമാണെന്നു ലോക അത്‍ലറ്റിക് സംഘടന പ്രസിഡന്റ് സെബാസ്റ്റ്യൻ കോ പറഞ്ഞു.

ഒളിംപിക് മാരത്തണിന്റെ ടെസ്റ്റ് ഇവന്റായി കഴിഞ്ഞ ദിവസം ജപ്പാനിലെ സപ്പോരോയിൽ സംഘടിപ്പിച്ച ഹാഫ് മാരത്തണിനു ശേഷമായിരുന്നു കോയുടെ പ്രതികരണം. 6 വിദേശതാരങ്ങൾ ഹാഫ് മാരത്തണിൽ പങ്കെടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com