ADVERTISEMENT

റൊമെയ്ൻ ഗ്രോസ്ജീൻ ഫോർമുല വണ്ണിലേക്കു തിരിച്ചെത്തുന്നു. കഴിഞ്ഞ സീസണിൽ ബഹ്റൈൻ ഗ്രാൻപ്രിക്കിടെയുണ്ടായ വൻ അപകടത്തെത്തുടർന്നു ഗ്രോസ്ജീൻ തുടർന്നുള്ള മത്സരങ്ങളിൽ നിന്നു പിൻമാറിയിരുന്നു. ബാരിക്കേഡിലിടിച്ചു രണ്ടായി പിളർന്നു തീപിടിച്ച കാറിൽനിന്നു വളരെ ശ്രമകരമായാണു ഗ്രോസ്ജീനെ പുറത്തെടുത്തത്. 2021 സീസണിൽ ഫോർമുല വൺ ടീമിൽ ഇല്ലാത്തതിനാൽ ഇൻഡി കാർ പരമ്പരയിലാണു പങ്കെടുക്കുന്നത്. എന്നാൽ, ബഹ്റൈൻ അപകടം കഴിഞ്ഞ് 7 മാസമാകുമ്പോൾ ഗ്രോസ്ജീൻ വീണ്ടുമൊരു എഫ് വൺ കാറിൽ തന്റെ പ്രകടനം പുറത്തെടുക്കും. ചാംപ്യൻ ടീമായ മെഴ്സിഡീസിനു വേണ്ടിയാണു ടെസ്റ്റ് ഡ്രൈവിങ്ങിനായി ഗ്രോസ്ജീൻ ഇറങ്ങുക. 

35 വയസ്സുകാരനായ ഫ്രഞ്ച് താരത്തിനു നിർബന്ധമുണ്ടായിരുന്നു, തന്റെ എഫ് വൺ ജീവിതം അപകട വാർത്തകളോടെ അവസാനിക്കരുതെന്ന്. ബഹ്റൈനിലെ അപകടത്തിന്റെയും പൊള്ളലേറ്റ കൈകളുടെയും ചിത്രം ആരാധകരുടെ മനസ്സിൽ നിന്നു മായ്ക്കലാണു ധീരനായ ആ പോരാളിയുടെ ലക്ഷ്യം. ഫോർമുല വണ്ണിൽ ഇനിയും തനിക്കു സാധ്യതയുണ്ടെന്നു തന്നെയാണു ഹാസ് താരമായിരുന്ന ഗ്രോസ്ജീന്റെ വിശ്വാസം. ആ വിശ്വാസത്തിനു പിൻബലമേകുന്നതാകട്ടെ മെഴ്സിഡീസ് ടീം തലവൻ ടോട്ടോ വുൾഫും. കഴിഞ്ഞ സീസണിലെ അവസാന രണ്ടു മത്സരങ്ങളിൽ പുറത്തിരിക്കേണ്ട വന്ന ഗ്രോസ്ജീന് മെഴ്സിഡീസിലെ ടെസ്റ്റ് ഡ്രൈവിങ്ങിനു ടോട്ടോ വുൾഫ് അന്നു തന്നെ ക്ഷണം നൽകിയിരുന്നു.  

ആ വാഗ്ദാനം പാലിച്ചു കൊണ്ടാണു ജൂൺ 29നു ഗ്രോസ്ജീൻ മെഴ്സിഡീസ് കാറിൽ ടെസ്റ്റ് ഡ്രൈവ് നടത്തുക. അതാകട്ടെ 2019ൽ ഹാമിൽട്ടൻ ചാംപ്യൻഷിപ് നേടിയ ഡബ്ല്യു 10 കാറിൽ. ഇനിയുമുണ്ട് പ്രത്യേകത. ബഹ്റൈനിലെ അപകടം നടന്നു കൃത്യം ഏഴു മാസം പിന്നിടുന്ന ദിവസമാണു ഫ്രഞ്ച് ഗ്രാൻപ്രി വേദിയിൽ ടെസ്റ്റ് ഡ്രൈവ്.  

വീണ്ടും ഫോർമുല വണ്ണിന്റെ കോക്ക്പിറ്റിലെത്തുന്നതിൽ താൻ അത്യധികം ആഹ്ലാദവാനാണെന്നും അത് ലോക ചാംപ്യൻഷിപ് നേടിയ കാറിലാണെന്നത് അതിലേറെ സന്തോഷം നൽകുന്നുവെന്നും ഗ്രോസ്ജീൻ പറഞ്ഞു. ഈ അവസരം നൽകിയതിൽ മെഴ്സിഡീസ് ടീമിനോടും ടീം തലവൻ ടോട്ടോ വുൾഫിനോടും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ അപകടത്തിനു ശേഷം ആശുപത്രിയിൽ കിടക്കുമ്പോൾ ടോട്ടോ മാധ്യമങ്ങളോടു പറഞ്ഞാണ് തനിക്കു മെഴ്സിഡീസിലേക്കുള്ള ക്ഷണത്തെക്കുറിച്ച് അറിഞ്ഞതെന്നും ഫ്രഞ്ച് താരം പറഞ്ഞു.  

കഴിഞ്ഞ സീസണിൽ കോവിഡ് 19 മൂലം ഫ്രഞ്ച് ഗ്രാൻപ്രി നടന്നില്ല. 2021ൽ ഫ്രാൻസിലെ പോൾ റൈക്കാഡ് സർക്യൂട്ടിലെ അവസരം ഏറെ വിലപ്പെട്ടതാണെന്നും താരം പറയുന്നു. അപകടത്തോടെ ഗ്രോസ്ജീൻ ഫോർമുല വൺ വിട്ടു എന്നു ചരിത്രം രേഖപ്പെടുത്താതിരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്നു ടോട്ടോ വുൾഫും വെളിപ്പടുത്തി. കാറോട്ട താരങ്ങൾ എത്ര വലിയ അപകടം മുന്നിൽക്കണ്ടാണ് ഓരോ ഓട്ടത്തിനു മുൻപും കാറിന്റെ കോക്ക്പിറ്റിൽ കയറുന്നതെന്നു ചിന്തിക്കണം. ഗ്രോസ്ജീന്റെ തിരിച്ചുവരവ് ആരാധകർ ആഘോഷമാക്കും എന്നാണു കരുതുന്നതെന്നും വുൾഫ് പറഞ്ഞു.  

romain-grosjean

എഫ് വൺ കോക്ക്പിറ്റിൽ ഗ്രോസ്ജീൻ തിരിച്ചെത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്നു മെഴ്സിഡീസിന്റെ ചാംപ്യൻ ഡ്രൈവർ ലൂയിസ് ഹാമൽട്ടനും പറഞ്ഞു. അപകടശേഷം സർക്യൂട്ടിൽ നിന്നു ഗ്രോസ്ജീൻ നടന്നു പോകുന്നതും പിന്നീട് ആശുപത്രിയിൽ വേഗം സുഖം പ്രാപിച്ചതും ആശ്വാസത്തോടെയാണു തങ്ങളെല്ലാം കണ്ടതെന്നും ലൂയിസ് പറഞ്ഞു. ഫ്രാൻസിൽ തന്റെ ടീമിനോടൊപ്പം ചേരാൻ ഹാമിൽട്ടൻ ഗ്രോസ്ജീനെ സ്വാഗതം ചെയ്തു.  

∙ ബഹ്റൈനിൽ സംഭവിച്ചത്

2020 നവംബർ ഒൻപതിനായിരുന്നു ബഹ്റൈൻ ഗ്രാൻപ്രിയിൽ ആരാധകരെ ഞെട്ടിച്ച സംഭവങ്ങൾ അരങ്ങേറിയത്. ഗ്രിഡിൽ 19–ാം സ്ഥാനത്താണു ഹാസ് ഡ്രൈവർ റൊമെയ്ൻ ഗ്രോസ്ജീൻ മത്സരം തുടങ്ങിയത്. എന്നാൽ, ആദ്യ ലാപ്പിൽത്തന്നെ ഫ്രഞ്ച് താരത്തിന്റെ കാർ അപകടത്തിൽപെടുകയായിരുന്നു. ആദ്യ ലാപ്പിന്റെ മൂന്നാം വളവിൽ ഡാനിയൽ ക്വയറ്റിന്റെ  ആൽഫാ ടൗറിയിൽ ഗ്രോസ്ജീന്റെ ഹാസ് ഇടിച്ചു. നിയന്ത്രണം വിട്ട കാർ സർക്യൂട്ടിലെ ബാരിയറിൽ ഇടിച്ചുകയറി രണ്ടായി മുറിഞ്ഞു. മത്സരത്തിന്റെ തുടക്കത്തിൽ നിറയെ ഇന്ധനവുമായി ഓടിയിരുന്ന കാർ പെട്ടെന്നു തീപിടിക്കുകയായിരുന്നു.  

മാർഷൽസും സുരക്ഷാ ജീവനക്കാരും എത്തുമ്പോഴേക്കും കത്തുന്ന കാറിൽനിന്നു തീഗോളമായി ഗ്രോസ്ജീൻ പുറത്തേക്കു നീങ്ങിയിരുന്നു. ഉടനെ തീയണച്ചു ഗ്രോസ്ജീനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു . വാരിയെല്ലുകൾക്ക് ഒടിവുണ്ടെന്ന് സംശയിച്ചിരുന്നെങ്കിലും ഭാഗ്യവശാൽ, കൈകൾക്കും കാൽവണ്ണയ്ക്കുമേറ്റ പൊള്ളൽ മാത്രമായിരുന്നു പരുക്ക്. അപകടത്തെത്തുടർന്നു നിർത്തിവച്ച മത്സരം ബാരിയർ നേരെയാക്കിയ ശേഷം പുനരാരംഭിച്ചു.  

∙ പുതിയ സീസൺ പുരോഗമിക്കുന്നു

കോവിഡ് ഭീഷണിക്കിടയിലും 2021 ഫോർമുല വൺ സീസൺ പുരോഗമിക്കുകയാണ്. മൂന്നു മത്സരങ്ങൾ പിന്നിട്ടപ്പോൾ ഏഴു വട്ടം ചാംപ്യനായ മെഴ്സിഡീസിന്റെ ബ്രിട്ടിഷ് താരം ലൂയിസ് ഹാമിൽട്ടനാണു മുന്നിൽ. റെഡ് ബുൾ ഡ്രൈവർ മാക്സ് വെസ്തപ്പൻ എട്ടു പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്. മെഴ്സിഡീസിന്റെ തന്നെ വൾട്ടേരി ബൊത്താസാണു മൂന്നാം സ്ഥാനത്ത്. ആദ്യ മത്സരവും മൂന്നാം മത്സരവും ഹാമിൽട്ടൻ നേടിയപ്പോൾ രണ്ടാം മത്സരത്തിൽ വെസ്തപ്പൻ പോഡിയത്തിൽ ഒന്നാമനായി.

English Summary: Romain Grosjean to return with one-off Mercedes test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com