ADVERTISEMENT

10 ആഴ്ചയുടെ അകലം മാത്രമേ ടോക്കിയോ ഒളിംപിക്സിലേക്കുള്ളൂ. ടോക്കിയോയിലെ പുതുക്കിപ്പണിത നാഷനൽ സ്റ്റേഡിയത്തിൽ ജൂലൈ 23നു  ദീപശിഖ തെളിയുന്നതോടെ ഒളിംപിക്സിനു തുടക്കമാകേണ്ടതാണ്. ലോകമാകമാനം പടർന്നു പിടിച്ച കോവിഡിനിടെ കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സ് ഈ വർഷത്തേക്കു മാറ്റിയിട്ടും ആശങ്കയൊഴിയുന്നില്ല. കോവിഡ് ഉയർത്തുന്ന പ്രതിസന്ധിയിൽ ഉലയുകയാണ് ഒളിംപിക്സ് ഒരുക്കങ്ങൾ. കോടികൾ മുടക്കിയുള്ള ഒളിംപിക്സ് എന്ന മഹാകായികമേളയ്ക്കെതിരെ ജപ്പാൻ ജനതയുടെ പ്രതിഷേധവും ശക്തിപ്പെട്ടു വരുന്നു. ഇന്ത്യയിലിരുന്നു നോക്കുന്ന കായികപ്രേമികളും ആശങ്കയിലാണ്: ഒളിംപിക്സ് നടക്കുമോ? വിശ്വമഹാമേള റദ്ദാക്കേണ്ടി വരുമോ?

∙ ടോക്കിയോയിലെ മലയാളി പറയുന്നു

കോട്ടയം സ്വദേശിയും ജപ്പാനിലെ ടോയോ സർവകലാശാലയിലെ ബയോ നാനോ ഇലക്ട്രോണിക്സ് റിസർച് സെന്റർ ഡപ്യൂട്ടി ഡയറക്ടറുമായ പ്രഫ. ഡി.ശക്തികുമാർ പറയുന്നതു കേൾക്കാം: ‘‘ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയുടെ മത്സരം കാണാൻ  ടിക്കറ്റെടുത്തിരുന്നു. കഴിഞ്ഞ വർഷം ഒളിംപിക്സ് മാറ്റിവച്ചപ്പോൾ സംഘാടകരുടെ മെയിൽ വന്നു. ടിക്കറ്റ് തുക വേണമെങ്കിൽ റീഫണ്ട് ചെയ്യാമെന്നായിരുന്നു വാഗ്ദാനം. ഞാൻ പക്ഷേ, റീഫണ്ടിനു പോയില്ല. കഴിഞ്ഞ ദിവസം വീണ്ടും സംഘാടകരുടെ മെയിൽ എത്തി. കാണികളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടായേക്കും. കൂടുതൽ വിവരങ്ങൾ ജൂൺ ആദ്യവാരം അറിയിക്കാം.’’

അദ്ദേഹം മനോരമയോടു തുടരുന്നു: ‘‘ഇതാണു സ്ഥിതി. ഏതു വിധേനയും ഒളിംപിക്സ് നടത്തണമെന്നാണു സർക്കാരിന്റെയും ഭരണാധികാരികളുടെയും ആഗ്രഹം. ഒരുക്കങ്ങൾ നടക്കുന്നുണ്ട്. പക്ഷേ, സാഹചര്യം മോശമാണ്. എനിക്കറിയാവുന്ന ചിലർ വൊളന്റിയർമാരായി റജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. അവർക്കു പരിശീലനമൊക്കെ കൊടുത്തു. ഒളിംപിക്സ് നടക്കുമോ അതോ മാറ്റിവയ്ക്കുമോ, റദ്ദാക്കുമോ എന്നൊക്കെയുള്ള കാര്യത്തിൽ ജൂണ‍ിൽ ഉറച്ച തീരുമാനം ഉണ്ടാകുമെന്നാണ് അവർക്കു നൽകിയിരിക്കുന്ന അറിയിപ്പ്.’’ അതെ, ആശങ്കയുണ്ട്. 

∙ കോവിഡ് ഒരു വശത്ത്

ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ വെള്ളിയാഴ്ച കോവിഡ് പോസിറ്റീവായവരുടെ എണ്ണം 591 ആണ്. വ്യാഴാഴ്ചത്തെ കണക്ക് 574 ആണ്. കേരളത്തിലെ ഒരു ജില്ലയുമായി താരതമ്യം ചെയ്താൽ പോലും നിസ്സാരം. എന്നാൽ, കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ മാസം 11 വരെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 31 വരെ നീട്ടണമെന്നാണു ടോക്കിയോയിലെ ഭരണാധികാരികൾ ജപ്പാൻ സർക്കാരിനോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ബുധനാഴ്ചത്തെ കണക്കുപ്രകാരം ജപ്പാനിൽ ചികിത്സയിലുള്ള ഗുരുതര കോവിഡ് ബാധിതരുടെ എണ്ണം 1,114 മാത്രമാണ്. എന്നാൽ, പൗരൻമാരുടെ ആരോഗ്യകാര്യങ്ങൾ ഗൗരവത്തോടെ നോക്കിക്കാണുന്ന ജപ്പാൻ സർക്കാരിനെ സംബന്ധിച്ചിടത്തോളം അതു വലിയ സംഖ്യയാണ്. അതിനാൽത്തന്നെ ടോക്കിയോ, ഒസാക തുടങ്ങി നാലിടങ്ങളിൽ അടിയന്തരാവസ്ഥ 31 വരെ നീട്ടി സർക്കാർ ഉത്തരവിറക്കി. ഒളിംപിക്സ് ഒരുക്കങ്ങളെ കോവിഡ് കാര്യമായി ബാധിക്കാവുന്ന സാഹചര്യമാണു ജപ്പാനിൽ നിലവിലുള്ളത്.

∙ പ്രതിഷേധം ഓൺലൈനായി

ഒളിംപിക്സിനെതിരെയുള്ള പ്രതിഷേധം ഓരോ ദിവസം ചെല്ലുന്തോറും കൂടിക്കൂടി വരുന്നതും സർക്കാരിനും സംഘാടകർക്കും തലവേദനയായിക്കൊണ്ടിരിക്കുകയാണ്. ഒളിംപിക്സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓൺലൈനായി തുടങ്ങിയ ഒപ്പുശേഖരണത്തിൽ ആദ്യ 2 ദിവസത്തിനുള്ളിൽ പങ്കാളികളായത് 2.30 ലക്ഷം പേർ. ഒളിംപിക്സിന് എതിരായിട്ടാണെങ്കിലും ജപ്പാൻ സർക്കാരിനെ ഉന്നംവച്ചുള്ള പ്രതിഷേധ പരിപാടിക്കു നേതൃത്വം കൊടുക്കുന്നത് പല തവണ ടോക്കിയോ ഗവർണർ സ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ട കെൻജി ഉത്സുനോമിയ എന്ന അഭിഭാഷകനാണ്.

∙ ജപ്പാനിലെ അടിയന്തരാവസ്ഥ

നമ്മുടെ ലോക്‌ഡൗണിനു സമാനമാണു ജപ്പാനിലെ ‘സ്റ്റേറ്റ് ഓഫ് എമർജൻസി’ എന്ന അവസ്ഥയും. ദേശീയ സർക്കാർ കൊണ്ടുവരുന്ന നിയന്ത്രണങ്ങളിലും നിർദേശങ്ങളിലും മാറ്റംവരുത്താൻ ഓരോ സംസ്ഥാനത്തെയും ഗവർണർമാർക്ക് അധികാരമുണ്ട്. അത്യാവശ്യകാര്യത്തിനല്ലാതെ ജനം പുറത്തിറങ്ങാൻ പാടില്ല. ഓഫിസുകളിൽ ജോലിസമയം കുറയ്ക്കണം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. സർക്കാർ നിർദേശം പാലിക്കാത്ത ഓഫിസുകൾ പിഴയടയ്ക്കേണ്ടി വരും.

എന്നാൽ, നിയന്ത്രണം ലംഘിച്ചു ജനം പുറത്തിറങ്ങിയാൽ പിഴയില്ല. അവരെ മടക്കി അയയ്ക്കാൻ പൊലീസ് ശ്രമിക്കും; അത്രമാത്രം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ള  കാലയളവിൽ വിദേശികൾക്ക് ആ സ്ഥലങ്ങളിലേക്കു പ്രവേശനമില്ല. വിമാനസർവീസുകൾ നിർത്തലാക്കും. വിദേശരാജ്യങ്ങളിൽനിന്നെത്തുന്ന ജപ്പാൻകാർ നിർബന്ധമായും 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കണം.

∙ പിന്നോട്ടില്ല സർക്കാർ

ഒളിംപിക്സ് റദ്ദാക്കേണ്ട ഒരു സാഹചര്യവുമില്ലെന്നാണു ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ ആവർത്തിക്കുന്നത്.  ഷിൻസോ ആബെയുടെ പിൻഗാമിയായി അധികാരത്തിലെത്തിയ സുഗ, ചുമതലയേറ്റതു മുതൽ ഒളിംപിക്സ് യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ്. സംഘാടക സമിതിയും പിന്നോട്ടില്ല. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട യോഷിറോ മോറിക്കു പകരം സംഘാടക സമിതി അധ്യക്ഷ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട സെയ്കോ ഹാഷിമോട്ടോയുടെ പ്രതികരണങ്ങളിലും ആ ആത്മവിശ്വാസം ശക്തം

∙ തിരിച്ചടികളിൽ അവസാനത്തേത്

അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താനും തയാറെടുപ്പുകൾക്കു നേതൃത്വം കൊടുക്കാനുമായി രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ്  ബാക് അടുത്തയാഴ്ച ജപ്പാൻ സന്ദർശിക്കാനിരിക്കുകയായിരുന്നു. എന്നാൽ, അടിയന്തരാവസ്ഥ നീട്ടിയതിനാൽ ബാക്കിന്റെ സന്ദർശനം മുടങ്ങുമെന്നാണു ഹാഷിമോട്ടോ കഴിഞ്ഞ ദിവസം പറഞ്ഞത്. ചുരുക്കത്തിൽ ലോക കായികമാമാങ്കത്തിന് കാര്യങ്ങൾ ഒട്ടും ശുഭകരമല്ലെന്ന സൂചനകളാണ് ചുറ്റും.

English Summary: Conducting Tokyo Olympics and the dilemma around

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com