ADVERTISEMENT

ബാഴ്സലോന ∙ സർക്യൂട്ട് ഡി കാറ്റലുന്യയിൽ ഇന്നലെ ഹാമിൽട്ടന്റെ ദിവസമായിരുന്നു. നൂറാം പോൾ പൊസിഷൻ നേടി മത്സരം തുടങ്ങിയ ഹാമിൽട്ടൻ റെഡ് ബുൾ താരം മാക്സ് വെസ്തപ്പനെ പൂർണമായും നിഷ്പ്രഭനാക്കിയായിരുന്നു വിജയം പിടിച്ചെടുത്തത്. ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ നാലാം റൗണ്ടായ സ്പാനിഷ് ഗ്രാൻപ്രിയിൽ മത്സരം പകുതി പിന്നിടുമ്പോൾ രണ്ടാം സ്ഥാനത്തായിരുന്നു മെഴ്സിഡീസ് താരം ഹാമിൽട്ടൻ. തുടക്കത്തിലെ കുതിപ്പിൽത്തന്നെ ഹാമിൽട്ടനെ മറികടന്നു മുന്നേറി വെസ്തപ്പൻ. മത്സരം പകുതി പിന്നിടുമ്പോഴേക്കും ഹാമിൽട്ടൻ സോഫ്റ്റ് ടയറിനെക്കുറിച്ചു പരാതി ഉയർത്തിയിരുന്നു. 66 ലാപ് മത്സരത്തിൽ 42ാം ലാപ്പിൽ ഹാമിൽ്‍ൻ പിറ്റ് ചെയ്തു.

എന്നാൽ,ടയർ മാറ്റി പുറത്തു വരുമ്പോൾ സഹതാരം ബൊത്താസിനു പിന്നിൽ മൂന്നാം സ്ഥാനത്ത്. വെസ്തപ്പനെക്കാൾ 22 സെക്കൻഡിലേറെ പിന്നിൽ. തുടർന്ന് ഓരോ ലാപ്പിലും ലീഡ് ക്രമമായി കുറച്ചു വന്ന ഹാമിൽട്ടൻ 60ാം ലാപ്പിൽ റെഡ് ബുള്ളിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്. ചെക്കേഡ് ഫ്ലാഗ് കടക്കുമ്പോൾ വെസ്തപ്പനെക്കാൾ 16.02 സെക്കൻഡുകൾക്കു മുന്നിൽ. ബൊത്താസ് മൂന്നാം സ്ഥാനത്തെത്തിയപ്പോൾ ഫെറാറി താരം ചാൾസ് ലെക്ലയർ നാലാമനായി.

സ്പെയിനിൽ ആറാം വിജയമാണ് ഹാമിൽട്ടന്റേത്. തുടർച്ചയായ അഞ്ചാം വിജയവും. ചാംപ്യൻഷിപ്പിൽ 94 പോയിന്റുള്ള ഹാമിൽട്ടൻ വെസ്തപ്പനെക്കാൾ 14 പോയിന്റ് മുന്നിലാണിപ്പോൾ.

∙ നൂറാം പോൾ പൊസിഷൻ

ഫോർമുല വൺ ചാംപ്യൻ ലൂയിസ് ഹാമിൽട്ടന്റെ നേട്ടങ്ങളുടെ കൂട്ടത്തിലേക്കു മറ്റൊരു റെക്കോർഡ് കൂടി. കഴിഞ്ഞ ദിവസം സ്പാനിഷ് ഗ്രാൻപ്രിയടെ യോഗ്യതാ റൗണ്ടിൽ ഒന്നാമനായി നൂറാം പോൾ പൊസിഷൻ സ്വന്തമാക്കി മെഴ്സിഡീസ് താരം. സർക്യൂട്ട് ഡി കാറ്റലുന്യയിൽ ഒന്നാമനായതോടെ 98ാം മത്സരവിജയമാണു ബ്രിട്ടിഷ് ഡ്രൈവർ വെട്ടിപ്പിടിച്ചത്. 

2021 സീസണിലെ നാലാം മത്സരമാണ് ബാഴ്സലോനയിൽ നടന്നത്. രണ്ടാം മത്സരത്തിൽ വെസ്തപ്പനായിരുന്നു വിജയം. മറ്റു മൂന്നിടത്തും ഹാമിൽട്ടൻ വെന്നിക്കൊടി നാട്ടി. നാലു മത്സരത്തിൽ മൂന്നിലും വെസ്തപ്പൻ രണ്ടാമനായപ്പോൾ മൂന്നിടത്തു പോഡിയത്തിൽ മൂന്നാമനായിരുന്നു ബൊത്താസ്. 

∙ ഹാമിൽട്ടന്റെ റെക്കോർഡുകൾ

ഏറ്റവും കൂടുതൽ എഫ് വൺ കിരീടങ്ങൾ (7) എന്ന റെക്കോർഡ് മൈക്കൽ ഷൂമാക്കറുമായി പങ്കിടുന്ന ഹാമിൽട്ടൻ ഈ സീസണിൽ ഷൂമാക്കറെ മറികടക്കാനുള്ള ശ്രമത്തിലാണ്.

ഏറ്റവും കൂടുതൽ മത്സരവിജയങ്ങളെന്ന റെക്കോർഡും ഹാമിൽട്ടന്റെ പേരിലാണ് (98).

ഏറ്റവും കൂടുതൽ പോയിന്റുകൾ ഹാമിൽട്ടന്റെ പേരിലാണ് (3872). 

ഏറ്റവും കൂടുതൽ പോൾ പൊസിഷൻ എന്ന റെക്കോർഡ് സ്വന്തമാക്കിയതു കഴിഞ്ഞ സീസണിൽ. 100 പോൾ പൊസിഷൻ എന്ന അഭിമാന നേട്ടത്തിലെത്തിയത് ഈ ആഴ്ച (ഷൂമാക്കർ 68).

ഏറ്റവും കൂടുതൽ പോഡിയം നേട്ടങ്ങളും (169) ഹാമിൽട്ടന്റെ പേരിൽത്തന്നെ. 

തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ സ്റ്റാർട്ട് ചെയ്തത് (265).

ഒരേ ഗ്രാൻപ്രിയിൽ ഏറ്റവും കൂടുതൽ വിജയമെന്ന നേട്ടവും (8) മൈക്കൽ ഷൂമാക്കറുമായി പങ്കിടുന്നു.

ഏറ്റവും കൂടുതൽ മത്സരങ്ങൾ പോയിന്റോടെ ഫിനിഷ് ചെയ്തതും ഹാമിൽട്ടനാണ് (232) (ഷൂമാക്കർ–221)

തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ പോയിന്റോടെ ഫിനിഷ് ചെയ്തത് (48).

തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ഫിനിഷ് ചെ്യതത് (48).

ഒരു സീസണിൽ ഏറ്റവും കൂടുതൽ ചാംപ്യൻഷിപ് പോയിന്റുകൾ നേടിയതും ഹാമിൽട്ടൻ (413).

∙ പോൾ ടു പോഡിയം

100 മത്സരങ്ങൾ പോൾ പൊസിഷനിൽ മത്സരം തുടങ്ങിയെങ്കിലും അതിൽ 59 എണ്ണത്തിലേ ഹാമിൽട്ടനു വിജയിക്കാനായുള്ളൂ. 2007ൽ അരങ്ങേറ്റ വർഷത്തിൽ കനേഡിയൻ ഗ്രാൻപ്രിയിലായിരുന്നു ആദ്യ പോൾ. ആ സീസണിൽ 6 തവണയാണു പോളിൽ നിന്നു മത്സരം തുടങ്ങിയത്.

2017ൽ ഇറ്റാലിയൻ ഗ്രാൻപ്രിയുടെ യോഗ്യതാ മത്സരത്തിലാണു ഹാമിൽട്ടൻ ഏറ്റവും കൂടുതൽ പോൾ പൊസിഷനെന്ന ഷൂമാക്കറുടെ (68) റെക്കോർഡ് മറികടന്നത്. അതേ സീസണിൽ തന്നെയാണ് എഫ് വണ്ണിലെ തന്റെ മാതൃകാതാരമായ അയർട്ടൻ സെന്നയെയും (65) മറികടന്നത്. ഹാമില്‍ട്ടന്റെ 100 പോൾ നേട്ടങ്ങളിൽ 74ഉം മെഴ്സിഡീസിനൊപ്പമാണ്. മക്‌ലാരനൊപ്പം 26ഉം.

ഫോർമുല വൺ സീസൺ ഓപ്പണറായ ഓസ്ട്രേലിയൻ ഗ്രാൻപ്രിയിലാണ് ഏറ്റവും കൂടുതൽ പോളുകൾ (8) കരസ്ഥമാക്കിയത്. ഹംഗറി, മോൺസ, സിൽവർസ്റ്റോൺ (7 വീതം), മോൺട്രിയൽ, ഷാങ്ഹായ്, സ്പാ ഫ്രാങ്കർഷാംപ്സ്, ബാഴ്സലോന (6 വീതം), അബുദാബി (5).

English Summary: Lewis Hamilton takes 100th career pole at Spanish Grand Prix

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com