ADVERTISEMENT

‘ബുദ്ധിമുട്ടുള്ള ഒരു ചെസ് പൊസിഷൻ പ്രതിരോധിക്കുന്നതു പോലെയാണിത്. കടുത്ത പ്രതിരോധം തുടരുക’’– കനത്ത എതിരാളികളോട് മല്ലിട്ട് പല തവണ ലോക ചെസ്ചാംപ്യൻ കിരീടം നിലനിർത്തിയ വിശ്വനാഥൻ ആനന്ദിന്റെ ‘കോവിഡ് പ്രോട്ടോക്കോൾ’ ആണിത്. മഹാമാരിയുടെ തുടക്കത്തിൽ മൂന്നു മാസത്തിലേറെ ജർമനിയിൽ കുടുങ്ങിയെങ്കിലും ചെന്നൈയിൽ തിരിച്ചെത്തി കുടുംബം തീർത്ത ‘ജൈവ സുരക്ഷാവലയ’ത്തിന്റെയും ഓൺലൈൻ ചെസ് എന്ന ‘സാമൂഹിക അകല’ത്തിന്റെയും ബലത്തിൽ അശ്വമേധം തുടരുകയാണ് 5 തവണ ലോക ചെസ് കിരീടം ഇന്ത്യയിലേക്കു കൊണ്ടുവന്ന ആനന്ദ്.

തന്റെ ജൈത്രയാത്രകൾക്ക് താങ്ങും തണലുമായിരുന്ന പ്രിയപ്പെട്ട അച്ഛൻ വിശ്വനാഥൻ കഴിഞ്ഞ മാസം വിടപറഞ്ഞെങ്കിലും മകൻ അഖിലിനോടൊപ്പം ചെസ് കളിച്ചും പുതിയ കാര്യങ്ങൾ പരീക്ഷിച്ചും കോവിഡ് കാലം ചെലവിടുകയാണ് താരം. ആനന്ദ് ‘മനോരമ’യ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്:

∙ കോവിഡ് വർഷം

ഒന്നുമായും താരതമ്യമില്ലാത്ത പുതിയ അനുഭവം. അടച്ചുപൂട്ടിയിരിക്കൽ ഇപ്പോൾ പരിചിതമായെങ്കിലും സുഖകരമായ ഒന്നല്ല. ചെസ് ആണ് ആശ്വാസം. മറ്റുള്ളവരുടെ ദുരനുഭവങ്ങൾ ഓർക്കുമ്പോൾ വിഷമമുണ്ട്. ഓൺലൈനായി ചെസ് കളിക്കുന്നുണ്ടെങ്കിലും ബോർഡിന് ഇരുവശവും ഇരുന്ന് കളിച്ചിട്ട് 15 മാസമായി. കോവിഡ് സ്ഥിതിയും യാത്രാവിലക്കുകളും നീങ്ങിയാൽ ജൂലൈയോടെ ഗ്രാൻഡ് ചെസ് ടൂർ, നോ കാസ്‌ലിങ് മാസ്റ്റേഴ്സ് ടൂർണമെന്റുകളോടെ വീണ്ടും തുടങ്ങാമെന്നാണ് പ്രതീക്ഷ.

ഓൺലൈൻ മത്സരങ്ങൾ സജീവമായതോടെ ചെസിന് ആരാധകരേറിയിട്ടുണ്ട്. ഒരുപക്ഷേ മുൻപു കളിക്കാൻ ആഗ്രഹിച്ചിരുന്നവർക്കെല്ലാം ഇപ്പോൾ സമയം കിട്ടുന്നതുകൊണ്ടാകാം. ഇന്ത്യയിലെ പുതുമുഖ പ്രതിഭകളെ പരിശീലിപ്പിക്കാൻ വെസ്റ്റ് ബ്രിജ് ആനന്ദ് ചെസ് അക്കാദമി തുടങ്ങി എന്നതാണ് വ്യക്തിപരമായ സന്തോഷം. മലയാളിയായ നിഹാൽ സരിനൊപ്പം പ്രഗ്യാനന്ദ, മെന്റോങ്ക, ഗുകേഷ്, റോണക്, വൈശാലി എന്നിവർക്കാണ് പരിശീലനം.

∙ 2021 ലോക ചാംപ്യൻഷിപ്

മാഗ്നസ് കാൾസൻ–ഇയാൻ നീപ്പോംനീഷി ലോക ചാംപ്യൻഷിപ്പ് ആവേശകരമായിരിക്കുമെന്നത് ഉറപ്പ്. മാഗ്നസിനു തന്നെയാണ് സാധ്യത കൂടുതൽ. ഇയാന് ആറുമാസമുണ്ട് തയാറെടുക്കാൻ. കണക്കുകൂട്ടലിൽ മിടുക്കനാണ് ഇയാൻ; കൂടാതെ, പ്രവചനാതീതമായി കളിക്കുന്നയാളും. ഇത് ഒരു ഇരുതല വാളാണ്. ശ്രദ്ധിച്ചില്ലെങ്കിൽ സ്വന്തം കാര്യം അപകടത്തിലാകാനും ഇതു മതി.

∙ പുതിയ പുസ്തകം

‘മൈൻഡ് മാസ്റ്റർ–വിന്നിങ് ലെസൻസ് ഫ്രം എ ചാംപ്യൻസ് ലൈഫ്’ കാര്യങ്ങൾ വിശാലമായി ഉൾക്കൊണ്ടു ചെയ്ത പുസ്തകമാണ്. ഇപ്പോൾ അടുത്ത 
പുസ്കം മനസ്സിലില്ല. എന്റെയും മറ്റു കളിക്കാരുടെയും കളികൾ വിലയി
രുത്തുന്ന കാര്യം പരിഗണനാർഹമാണ്. പുസ്തകമല്ലെങ്കിൽ മറ്റൊരു രൂപത്തിൽ.

∙ അടുത്ത ആനന്ദ്

പുതിയ പ്രതിഭകളെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വെസ്റ്റ്ബ്രിജ് ആനന്ദ് ചെസ് അക്കാദമി തുടങ്ങിയത്. എന്റെ പരിചയ സമ്പത്ത് പുതുതലമുറയിലേക്ക് പകരുക. മുന്നിൽക്കണ്ടതുപോലെ കാര്യങ്ങൾ ചെയ്യാൻ കോവിഡ് വിലങ്ങുതടിയായെങ്കിലും ഓൺലൈനായും മറ്റും പരിശീലനം പുരോഗമിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് പുതിയ സൂപ്പർ താരങ്ങൾ ഉയർന്നുവരുകതന്നെ ചെയ്യും.

∙ കേരളം

അച്ഛൻ വിശ്വനാഥൻ അയ്യർ റെയിൽ വേയിലായിരുന്നു. ദക്ഷിണ റെയിൽവേയിലായിരുന്നു കൂടുതൽ കാലവും. അതുകൊണ്ടുതന്നെ കേരളത്തിൽ പല തവണ വന്നിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, ഗുരുവായൂർ അങ്ങനെ. ‘കേരള ഈസ് വൺ ഓഫ് ഇന്ത്യാസ് ടൂറിസം ജ്യുവൽസ്.’ കുമരകം, കൊച്ചി ഒക്കെ പലതവണ വന്നതാണ്. കുറച്ചുകാലം മുൻപ് ഫ്രാൻസിൽ നിന്നുള്ള സുഹൃത്തുക്കൾ സന്ദർശിക്കാനെത്തിയപ്പോൾ ഞാൻ അവരെ കേരളത്തിലേക്കാണു കൊണ്ടുവന്നത്. മനോഹരമാണ് കേരളം. ഭാര്യയുടെ പാലക്കാട് ബന്ധം വഴി കേരള ഭക്ഷണത്തോടും താൽപര്യമുണ്ട്.

∙ മലയാളികളോട്

നല്ല ശ്രദ്ധവേണ്ട സമയമാണ്. ‘ഇറ്റ്സ് ലൈക് ഡിഫൻഡിങ് ഡിഫിക്കൽറ്റ് പൊസിഷൻ ഇൻ ചെസ്. കീപ് ഡിഫൻഡിങ്’. കൂട്ടുകൂടി ഇരിക്കാൻ താൽപര്യമുള്ള ഇന്ത്യക്കാർക്ക് സാമൂഹിക അകലം പാലിക്കുന്നത് പൊതുവേ ശ്രമകരമാണെങ്കിലും. എല്ലാവരും ശ്രദ്ധയോടെ ആരോഗ്യത്തോടെ ഇരിക്കുക!

English Summary: Viswanathan Anand Speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com