ADVERTISEMENT

സിംഗപ്പൂർ ∙ കോവിഡിന് ഇടയിലും ഇടിക്കൂട്ടിൽ ഇന്ത്യയ്ക്കു മുഷ്ടി ചുരുട്ടി ആർപ്പു വിളിക്കാൻ ഇതാ ഒരു ലോക ചാംപ്യനൊരുങ്ങുന്നു. മിക്സ്ഡ് മാർഷ്യൽ ആർട്സിലെ (എംഎംഎ) നിലവിലെ ഹെവിവെയ്റ്റ് ലോക ചാംപ്യൻ ബ്രണ്ടൻ വേരയെ നേരിടാനൊരുങ്ങുകയാണ് കനേഡിയൻ ഇന്ത്യൻ വംശജനായ അർജൻ ഭുള്ളർ.

ശനിയാഴ്ച സിംഗപ്പുർ ഇൻഡോർ സ്റ്റേഡിയത്തിലാണ് ‘വൺ :ദംഗൽ’ എന്നു പേരിട്ട പോരാട്ടം. ജയിച്ചാൽ ലോക ചാംപ്യൻ പട്ടം ഭുള്ളർ നെഞ്ചിലണിയും. ഭുള്ളർക്കു പുറമേ ഇന്ത്യൻ വനിതാ ഗുസ്തി താരം റിതു ഫോഗട്ടും ശനിയാഴ്ച മത്സരിക്കുന്നുണ്ട്. 52 കിലോഗ്രാം ആറ്റംവെയ്റ്റ് വിഭാഗത്തിൽ വിയറ്റ്നാമിന്റെ ബീ എൻഗുയെനാണ് ഫോഗട്ടിന്റെ എതിരാളി. 

∙ എന്താണ് എംഎംഎ?

ബോക്സിങ്, ഗുസ്തി തുടങ്ങിയ ആയോധന കലകളെല്ലാം സമന്വയിക്കുന്ന മത്സരയിനമാണ് മിക്സ്ഡ് മാർഷ്യൽ ആർട്സ് (എംഎംഎ). അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ് എന്ന യുഎഫ്സിയാണ് ഏറ്റവും പ്രശസ്തമായ എംഎംഎ ചാംപ്യൻഷിപ്. സിംഗപ്പൂർ ആസ്ഥാനമായി രൂപം കൊണ്ട ‘വൺ ചാംപ്യൻഷിപ്’ ഏഷ്യയിലെ പ്രധാന എംഎംഎ പോരാട്ടമാണ്.

∙ സൈനികൻ വേര

വയസ്സ്: 43

തൂക്കം: 102 കിലോഗ്രാം

ഉയരം: 191 സെന്റീമീറ്റർ

ഭുള്ളറുടെ എതിരാളി ബ്രണ്ടൻ വേര ഫിലിപ്പൈൻ വംശജനാണ്. ‘ദ് ട്രൂത്ത്’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വേര നിസ്സാരക്കാരനല്ല. രണ്ടു വർഷക്കാലം അമേരിക്കൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭുള്ളറെപ്പോലെ ഗുസ്തിയിലൂടെ കരിയർ തുടങ്ങിയ വേരയും പിന്നീട് മിക്സ്ഡ് മാർഷ്യൽ ആർട്സിലെത്തി. 2015ൽ എതിരാളിയെ വെറും 26 സെക്കൻഡിൽ ഇടിച്ചിട്ട് വൺ ഹെവിവെയ്റ്റ് ലോക ചാംപ്യൻപട്ടം നേടി. 2016ലും 2018ലും കിരീടം നിലനിർത്തി. 28 മത്സരങ്ങളിൽ 16 ജയം, 8 തോൽവി എന്നിങ്ങനെയാണ് വേരയുടെ റെക്കോർഡ്. 

∙ ബുൾ ഭുള്ളർ!

അർജൻ സിങ് ഭുള്ളർ

വയസ്സ്: 34

തൂക്കം: 111 കിലോഗ്രാം

ഉയരം: 185 സെന്റീമീറ്റർ

പഞ്ചാബിലെ ജലന്തറിൽ കുടുംബവേരുകളുള്ള അർജൻ ഭുള്ളർ കാനഡയിലെ വാൻകൂവറിലാണ് ജനിച്ചത്. ഗുസ്തിയിലായിരുന്നു തുടക്കം. 2010 ന്യൂഡൽഹി കോമൺവെൽത്ത് ഗെയിംസിൽ കാനഡയ്ക്കു വേണ്ടി സ്വർണം നേടിയതോടെ ഇന്ത്യയിലും പ്രശസ്തനായി. 2012 ലണ്ടൻ ഒളിംപിക്സിലും കാനഡയെ പ്രതിനിധീകരിച്ചു. 2014ൽ മിക്സ്ഡ് മാർഷ്യൽ ആർട്സിലേക്കു മാറി.

2017ൽ എംഎംഎയിലെ പ്രശസ്ത ചാംപ്യൻഷിപ്പായ അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ്പുമായി കരാർ ഒപ്പിട്ടു. 2019ൽ തന്നെ ‘വൺ ചാംപ്യൻഷിപ്പിൽ’ ബ്രണ്ടൻ വേരയുമായി മത്സരം നിശ്ചയിച്ചെങ്കിലും കോവിഡ് മൂലം നടന്നില്ല. മിക്സ്ഡ് മാർഷ്യൽ ആർട്സിൽ ഇതുവരെ മത്സരിച്ച 11 പോരാട്ടങ്ങളിൽ പത്തിലും ജയിച്ച റെക്കോർഡുമായാണ് ഭുള്ളർ ശനിയാഴ്ച വേരയ്ക്കെതിരെ ഇറങ്ങുന്നത്.

English Summary: Brandon Vera vs Arjan Bhullar heavyweight title bout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com