ADVERTISEMENT

‘എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം. എന്റെ കരിയറിലെ ഏറ്റവും മോശം സമയം’ – കഴിഞ്ഞ ഒരു വർഷത്തെപ്പറ്റി ജിൻസൻ ജോൺസൻ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. ആദ്യ ലോക്‌‍ഡൗൺ കാലത്തു ബെംഗളൂരുവിലായിരുന്നു ജിൻസൻ. പിന്നാലെ സെപ്റ്റംബറിൽ കല്യാണം. കോവിഡ് 2–ാം തരംഗത്തിൽ പോസിറ്റീവായി. അത്‍ലറ്റിക് കരിയറിനു ഭീഷണി ഉയർത്തുംവിധം ക്ഷീണിതനായി. ഇപ്പോൾ 2–ാം ലോക്‌ഡൗണിൽ ഊട്ടിയിൽ കഠിനപരിശീലനത്തിൽ.

∙ ചക്കക്കുരു ഷെയ്ക്ക്

‘ബെംഗളൂരു സായ് കേന്ദ്രത്തിൽ പരിശീലനം നന്നായി പോകുന്നതിനിടെയാണ് ആദ്യ ലോക്‌ഡൗൺ വന്നത്. പരിശീലനം തുടരാൻ പറ്റിയെങ്കിലും ക്യാംപസിനു പുറത്തു പോകാൻ പറ്റാത്തതിനാൽ ആകെ ബോറായിരുന്നു. ഒരു ദിവസം പരിശീലനത്തിനിടെയാണു സായ് കോംപൗണ്ടിൽ പ്ലാവുകൾ കണ്ടത്. ചക്ക വി‍ളഞ്ഞു പാകമായി നിൽക്കുന്നു.

സമൂഹമാധ്യമങ്ങളിൽ ചക്ക വൈറലായ സമയം. മലയാളികളായ കെ.ടി.ഇർഫാനും ടി.ഗോപിയും ഫിസിക്കൽ കണ്ടീഷനർ അനീഷുമെല്ലാം ചേർന്നപ്പോൾ ‘ദ് ഗ്രേറ്റ് മലയാളി അടുക്കള’യായി. തേങ്ങ ചിരകുന്നു, ചക്ക വേവിക്കു‌ന്നു...അതിനിടെ ചക്കക്കുരു ഷെയ്ക്കും പരീക്ഷിച്ചു. എല്ലാം സക്സസ്... അങ്ങനെ ആദ്യ ലോക്‌‌‍ഡൗണിൽ ഞാനുമൊരു കുക്കായി.’ 

∙ ലക്ഷ്മിയുടെ കൂട്ട്

‘എന്റെ പഞ്ചായത്തിൽ, എന്റെ അതേ വാർഡിൽ താമസിക്കുന്ന പെൺകുട്ടിയാണ് എന്റെ ജീവിതസഖി. ഡോ. ലക്ഷ്മിയെ ജീവിതത്തിന്റെ ട്രാക്കിലേക്കു കൂട്ടിയതു സെപ്റ്റംബറിലാണ്. എല്ലാവരെയും അറിയിച്ചു; പക്ഷേ, കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ ചടങ്ങിനു ക്ഷണിച്ചില്ല. കല്യാണത്തിനുശേഷം ഇടയ്ക്കിടെ ഞാൻ വീട്ടിൽ പോയിത്തുടങ്ങി. കണ്ണൂരിൽ വിമാനമിറങ്ങി കോഴിക്കോട്ടേക്കു പോകും.

ഇടയ്ക്ക് സർക്കാരിന്റെ ഒരു പുരസ്കാരം വാങ്ങാൻ തിരുവനന്തപുരത്തിനും പോയി. അപ്പോഴൊക്കെ ഏറെ ശ്രദ്ധിച്ചതിനാൽ കോവിഡിനെ അകറ്റി നിർത്താൻ കഴിഞ്ഞു. പക്ഷേ, സായ് ക്യാംപസിലായിരുന്നു വിധി എനിക്കു രോഗം കാത്തുവച്ചത്. കഴിഞ്ഞ മാസം കോവിഡ് പോസിറ്റീവായി. കല്യാണം കഴിഞ്ഞുള്ള സൽക്കാരങ്ങളിലൂടെ എന്റെ ഭാരം 10 കിലോ കൂടിയിരുന്നു. കഠിനമായ വർക്കൗട്ടിലൂടെയാണു തൂക്കം പഴയതുപോലെയാക്കിയത്.

ഫെഡറേഷൻ കപ്പ് വേണ്ടെന്നുവച്ച് ഇന്റർ സ്റ്റേറ്റ് അത്‍ലറ്റിക്സിനായി ഒരുങ്ങുന്നതിനിടെയായിരുന്നു കോവിഡ് ബാധ. തലവേദന, ക്ഷീണം, ശരീരവേദന... തളർന്നുപോയി. ട്രാക്കിൽ ഞാൻ നേരിട്ടതിനെക്കാൾ കഠിനമായ പരീക്ഷണം. സായ് ക്യാംപസിൽതന്നെ ഒരുവിധത്തിൽ ക്വാറന്റീൻ കഴിച്ചുകൂട്ടി. കോവിഡ് മാറിയിട്ടും നടുവേദനയും മറ്റു പ്രശ്നങ്ങളും. ഇക്കാലമത്രയും അധ്വാനിച്ചു ഞാൻ നേടിയെടുത്ത ഫിറ്റ്നസിനെപ്പോലും ബാധിക്കുന്ന വിധത്തിലാണു രോഗം വന്നത്. 2009നുശേഷം കരിയറിലാദ്യമായി ഒരു മത്സരത്തിൽപ്പോലും പങ്കെടുക്കാനാവാതെയാണു 2020 കടന്നുപോയത്. ഈ വർഷമിതാ, കോവിഡ് സമ്മാനിച്ച ക്ഷീണത്തിന്റെ ട്രാക്കിലും.’ 

∙ വെൽകം ടു ഊട്ടി

വിട്ടുകൊടുക്കാൻ ജിൻസൻ തയാറല്ല. ‘ഒരാഴ്ചയായി ഊട്ടിയിലാണു പരിശീലനം. സാവധാനം ശരീരത്തെ പാകപ്പെടുത്തിയെടുക്കണം. അടുത്ത മാസം ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക്സ് നടക്കുകയാണെങ്കിൽ അതിൽ പങ്കെടുക്കണം. ഒളിംപിക് യോഗ്യത സ്വന്തമാക്കണം. ആ ലക്ഷ്യം മാത്രമേയുള്ളൂ മനസ്സിൽ...’ – ജിൻസൻ പറഞ്ഞുനിർത്തി. 

English Summary: Jinson Johnson interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com