ADVERTISEMENT

കോവിഡ് കാലത്ത് 6 മാസം നീന്തൽക്കുളത്തിൽ ഇറങ്ങാനാവാതെ കഴിച്ചു കൂട്ടിയതിനെക്കുറിച്ച് മലയാളി നീന്തൽ താരം സജൻ പ്രകാശ് പറയുന്നു....

നാലാം ക്ലാസിലായിരിക്കുന്ന കാലത്ത് നീന്തൽ പഠിച്ചതിനുശേഷം തുടർച്ചയായി രണ്ടാഴ്ച പോലും നീന്താതിരുന്ന സന്ദർഭം വേറെയുണ്ടായിട്ടില്ല, കേരളത്തിന്റെ സ്വർണമത്സ്യം സജൻ പ്രകാശിന്റെ ജീവിതത്തിൽ. പക്ഷേ, കഴിഞ്ഞ വർഷം ലോക്ഡൗണിൽ തായ്‌ലൻഡിലെ മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ കരയ്ക്കു പിടിച്ചിട്ട മീനിനെപ്പോലെ ശ്വാസം മുട്ടിയിരിക്കേണ്ടി വന്നു. ഒന്നും രണ്ടുമല്ല, 6 മാസക്കാലം. തപാൽ കോഴ്സിലൂടെ നീന്തൽ പഠിക്കുക എന്ന തമാശ പോലെ, വെള്ളം കാണാത്ത ഇന്ത്യൻ നീന്തൽ താരത്തിന്റെ ജീവിതവും മറ്റൊരു തമാശയായിരുന്നു അക്കാലത്ത്. 

∙ ചിറകരിഞ്ഞ് വേദന

‘തായ്ൻഡിലെ ഫിന അക്കാദമിയിൽ ഒളിംപിക്സ് ലക്ഷ്യമിട്ടുള്ള പരിശീലനം തുടരുന്നതിനിടെയാണ് എന്നെ നിശ്ചലനാക്കി കഴിഞ്ഞവർഷം മാർച്ചിൽ ലോക്ഡൗൺ വന്നത്. അതുവരെ ദിവസം 4 മണിക്കൂറിലേറെ സ്വിമ്മിങ് പൂളിൽ ചെലവഴിച്ചിരുന്ന എനിക്ക്, വെള്ളത്തിൽ ഒന്നു മുങ്ങി നിവരാൻ പോലുമാകാതെ ഹോസ്റ്റൽ റൂമിനുള്ളിൽ കഴിയേണ്ടിവന്നു. വെറുതെയിരിപ്പിൽ ശരീരഭാരം കൂടി.

സാധാരണ കഠിന പരിശീലനത്തിനുശേഷം എന്നും രാത്രിയിൽ തളർന്നുറങ്ങുകയായിരുന്നെങ്കിൽ ഉറക്കം നഷ്ടപ്പെട്ട നാളുകളായിരുന്നു പിന്നീട്. ഫിസിയോ തെറപ്പിസ്റ്റിന്റെ സേവനം കൂടി നഷ്ടമായതോടെ നേരത്തേ ചുമലിനേറ്റ ‘ഇൻജറി’ പൂർവാധികം വേദനയോടെ തിരിച്ചെത്തി. മത്സരവേദികളിലേക്ക് ഇനിയൊരു മടക്കമുണ്ടാകില്ലെന്നും ഒളിംപിക് മെഡൽ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമെന്നുമുള്ള നിരാശയാണ് അക്കാലത്തു മനസ്സിനെ വേട്ടയാടിയിരുന്നത്’– സജൻ പറയുന്നു. 2019 സെപ്റ്റംബറിലെ ഏഷ്യൻ ഏയ്ജ് ഗ്രൂപ്പ് ചാംപ്യൻഷിപ്പിനുശേഷം പരുക്കിനെത്തുടർന്നു മത്സര വേദികളിൽ നിന്നു മാറിനിന്ന സജൻ തിരിച്ചുവരവിന് ഒരുങ്ങുന്ന സമയത്തായിരുന്നു കോവിഡിന്റരംഗപ്രവേശം. 

∙ ‘യോഗ’യിലൂടെ നീന്തിക്കയറ്റം 

‘കരയ്ക്കിരിക്കുന്നതിന്റെ നിരാശ ശരീരത്തിനൊപ്പം മനസ്സിനെയും ബാധിക്കുന്നുവെന്നായപ്പോൾ താളം വീണ്ടെടുക്കാൻ കണ്ടെത്തിയ ഒറ്റമൂലിയായിരുന്നു യോഗ പരിശീലനം. ഇതു വളരെയധികം ഗുണം ചെയ്തു. ശരീരത്തിന്റെ കരുത്തു നിലനിർത്താൻ ഹോസ്റ്റൽ റൂമിനുള്ളിൽ വർ‌ക്കൗട്ടും പതിവാക്കി. ശരീരഭാരം വർധിക്കുന്നതിനെയും മാനസികമായ തളർച്ചയെയും അതിജീവിക്കാൻ ഇതിലൂടെ സാധിച്ചു. സ്പോർട്സ് സയൻസുമായി ബന്ധപ്പെട്ട ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകളിലും തായ്‌ലൻഡിലെ ലോക്ഡൗൺ കാലത്തിനിടയിൽ പങ്കെടുത്തു.’

∙ ഒന്നിൽ നിന്നുള്ള തുടക്കം 

തായ്‌ലൻഡിൽ പരിശീലനം പുനരാരംഭിക്കാൻ കഴിയാതായതോടെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ദുബായിലെത്തി. അക്വാ നാഷനൽ സ്പോർട്സ് അക്കാദമിയിൽ പരിശീലകൻ എസ്.പ്രദീപ് കുമാറിനു കീഴിലെത്തിയതോടെ ഇടവേളയുടെ മടുപ്പ് മാറി. കഠിന പരിശീലനത്തിനു തുടക്കമിടാൻ കഴിഞ്ഞു. 2020 ഓഗസ്റ്റ് 25 എന്ന ദിവസം സജൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല.

6 മാസത്തെ ഇടവേളയ്ക്കുശേഷം നീന്തൽക്കുളത്തിലേക്കു തിരിച്ചെത്തിയ ദിവസമായിരുന്നു അന്ന്. ഭാരമുള്ള കല്ല് വെള്ളത്തിലേക്കിട്ടതുപോലെയാണ് അന്ന് പൂളിൽ ആദ്യമിറങ്ങിയപ്പോൾ സജനു തോന്നിയത്. നീന്തലിന്റെ പ്രാഥമിക പാഠങ്ങളിൽനിന്നു വീണ്ടും തുടങ്ങേണ്ടി വന്ന പോലെ. 2 വർഷത്തെ ഇടവേളയ്ക്കുശേഷം അമ്മ വി.ജെ.ഷാന്റിമോളെ ദുബായിൽവച്ചു കാണാനായതും കോവിഡ് കാലത്തെ സജന്റെ മറക്കാനാകാത്ത അനുഭവങ്ങളിൽ ഒന്നാണ്. 

∙ ലക്ഷ്യം ഒളിംപിക്സ്

ഫെബ്രുവരി അവസാനം നടന്ന ലാത്വിയൻ ഓപ്പണിൽ സ്വർണവും വെങ്കലവും ഉസ്ബെക്കിസ്ഥാൻ ഓപ്പണിൽ 4 സ്വർണവും നേടിയതോടെ ആത്മവിശ്വാസം കൂടിയാണ്  സജൻ തിരിച്ചുപിടിച്ചത്. ഒളിംപിക് മെഡൽ എന്ന സ്വപ്നത്തിലേക്കു നീന്തുകയാണ് ഇപ്പോൾ കേരളത്തിന്റെ അഭിമാന താരം. പഴയ മികവിലേക്ക് ഇനിയും എത്തിയിട്ടില്ലെങ്കിലും അതിലേക്കുള്ള വഴി ഇപ്പോൾ സജനു വെറും ജലരേഖയല്ല, തെളിഞ്ഞു തന്നെ കാണാം.

Content Highlights: Sajan Prakash, COVID 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com