ADVERTISEMENT

ടോക്കിയോ ഒളിംപിക്സിനു യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരങ്ങളിലൊരാളായ ഒളിംപ്യൻ കെ.ടി.ഇർഫാൻ ലോക്‌ഡൗൺ കാലത്തെ ചെറിയ പെരുന്നാൾ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

‘ബ്രോസ്, ഇത്തവണയും പെരുന്നാളിന് എന്റെ മുറിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. കഴിഞ്ഞ വർഷത്തേതുപോലെ നമുക്കു തകർക്കണം. എല്ലാവർക്കും ഈദ് മുബാറക്’ – സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ബെംഗളൂരു കേന്ദ്രത്തിൽ ഒളിംപിക്സ് ലക്ഷ്യമാക്കി പരിശീലനം നടത്തുന്ന അത്‌ലീറ്റുകളുടെ വാട്സാപ് ഗ്രൂപ്പിലിടാൻ ഈ മെസേജ് ടൈപ് ചെയ്തു കാത്തിരിക്കുകയായിരുന്നു കെ.ടി.ഇർഫാൻ. പക്ഷേ, അതിനിടെ ഇർഫാനെ അന്വേഷിച്ച് അപ്രതീക്ഷിതമായി ഒരു വിരുന്നുകാരൻ വന്നു. ആ അതിഥിയെ സൽക്കരിക്കുന്ന തിരക്കിലായതിനാൽ ഇക്കുറി ഇർഫാനു പെരുന്നാൾ ആഘോഷമില്ല! 

സകുടുംബം ലോക്കായി

‘ഭാര്യ സഹ്‌ലയും മക്കളായ 4 വയസ്സുകാരൻ ഹമദ് സയറും രണ്ടര വയസ്സുകാരൻ ഹമദ് ഇലാനും കഴിഞ്ഞ വർഷം ബെംഗളൂരുവിലേക്കു വന്നതിനു തൊട്ടു പിന്നാലെയാണു ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. അവരെ എങ്ങനെ മാനേജ് ചെയ്യുമെന്ന ആശങ്ക‌യായിരുന്നു ആദ്യം മനസ്സിൽ. പക്ഷേ, പിന്നെ ഞാൻ അനുഭവിച്ചത് ജീവിതത്തിൽ ഇതുവരെ അറിയാത്ത സന്തോഷമായിരുന്നു. ഭാര്യയ്ക്കും മക്കൾക്കൊപ്പം ആഹ്ലാദത്തിന്റെ, സന്തോഷത്തിന്റെ, ആശ്വാസത്തിന്റെ കംപ്ലീറ്റ് ലോക്‌ഡൗൺ. ഞാൻ പ്രാക്ടീസ് ചെയ്യുമ്പോൾ ട്രാക്കിനരികെ എന്നെ അനുകരിച്ചു കയ്യും കാലും ഉയർത്തുന്ന സയറും ഇലാനും. സമീപം സഹ്‌ല. അങ്ങനെ സ്നേഹത്തിന്റെ പൂട്ടിലായി എന്റെ ജീവിതം.’ 

ബിരിയാണി ചാലഞ്ച്

‘കഴിഞ്ഞ വർഷത്തെ നോമ്പുകാലം കോവിഡ് പേടിയിലായിരുന്നു. സഹ്‍ല ഒപ്പമുണ്ടായിരുന്നതുകൊണ്ട് എല്ലാദിവസവും നോമ്പെടുക്കാനായി. വൈകുന്നേരങ്ങളിൽ അവൾക്കൊപ്പം ഞാനും ക്വാർട്ടേഴ്സിലെ അടുക്കളയിലേക്കു കയറും. നാടൻ വിഭവങ്ങളും ഇന്ത്യൻ, ചൈനീസ് മെനുവും പിന്നിട്ട് അറേബ്യൻ ഐറ്റംസ് വരെ ഞങ്ങളുടെ ‘പരീക്ഷണശാലയിൽ’ വിജയകരമായി പൂർത്തിയായി.

ബിരിയാണിയായിരുന്നു ഞങ്ങളുടെ പെരുന്നാൾ സ്പെഷൽ. കഴിഞ്ഞ ചെറിയ പെരുന്നാളിനു സായ് ക്യാംപസിലെ മലയാളികൾ ഉൾപ്പെടെ ഏതാണ്ടു 30 പേർക്കു ഞങ്ങൾ ചിക്കൻ ബിരിയാണി വിളമ്പി. ഒപ്പം ചിക്കൻ പൊരിച്ചതും. ഹോക്കി ക്യാപ്റ്റൻ ശ്രീജേഷ് ചേട്ടൻ ഉൾപ്പെടെയുള്ളവർ ആ രുചിയറിഞ്ഞു. സഹ്‍ലയും മക്കളും ഡിസംബറിൽ നാട്ടിലേക്കു മടങ്ങിയെങ്കിലും ഇത്തവണയും കഴിഞ്ഞ വർഷത്തേതു പോലെ എല്ലാവരെയും ക്ഷണിച്ചു പെരുന്നാൾ ആഘോഷിക്കാനിരിക്കുകയായിരുന്നു. 

ഓ, മൈ ഒളിംപിക്സ്! ‍

2012ലെ ലണ്ടൻ ഒളിംപിക്സിനുശേഷം കരിയറിലെ തന്റെ 2–ാമത്തെ ഒളിംപിക്സിനും കഴിഞ്ഞ വർഷം മാർച്ചിൽതന്നെ ഇർഫാൻ യോഗ്യത സ്വന്തമാക്കിയിരുന്നു. ടോക്കിയോ യോഗ്യത നേടിയ ഇന്ത്യയിലെ ആദ്യത്തെ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലീറ്റ്. ‘വർക്കൗട്ടും കാര്യങ്ങളുമെല്ലാം നന്നായി നടക്കുന്നുണ്ട്. ഒളിംപിക്സ് ഒന്നിങ്ങു വന്നാൽ മതിയായിരുന്നു.’– ഇർഫാൻ പറയുന്നു. 

പോസിറ്റീവ് അതിഥി

‘വിളിക്കാതെ വന്ന അതിഥിയെപ്പറ്റി ആദ്യമേ പറഞ്ഞല്ലോ. ‘ഇത്തവണയും നോമ്പുകാലം നന്നായി വരികയായിരുന്നു. സായ് ക്യാംപസിൽ പലതവണ കോവിഡ് പരിശോധന നടത്തിയിട്ടും വൈറസ് പിടിപെടാതെ ഞാൻ പിടിച്ചുനിന്നു. പിന്നീട് ആഴ്ചയിൽ ഒന്നുവീതമായി പരിശോധന. എന്റെ കൂടെയുള്ള നടത്തക്കാരിൽ പലരും ഇതിനിടെ പോസിറ്റീവായി. ഞങ്ങളുടെ കോച്ചിനും കോവിഡ് പിടിപെട്ടു.

പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാഴ്ച മുൻപു ‍ഞാനും വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചു. അതിനുശേഷം പിറ്റേ ആഴ്ചയിൽ നടത്തിയ പരിശോധനയിൽ ഞാൻ പോസിറ്റീവ്. ഇപ്പോൾ ക്വാറന്റീനിലാണ്. വാക്സീൻ എടുത്തതുകൊണ്ടാവണം വലിയ ക്ഷീണമൊന്നുമില്ല. ഈ പെരുന്നാൾ അടച്ചിട്ട മുറിക്കുള്ളിലാണ്. കഴിഞ്ഞ വർഷത്തെ ബിരിയാണിമണം വരാന്തകളിൽ ഇപ്പോഴുമുണ്ട്. ഈ കാലവും കടന്നുപോകും. മനസ്സുകളിൽ പ്രതീക്ഷ നിറയട്ടെ... നമുക്കു കൈകോർക്കാം... ഈദ് മുബാറക്...’ 

English Summary: Interview with athlete K.T. Irfan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com