ADVERTISEMENT

ഹർഡിൽസ് ലോക റാങ്കിങ്ങിൽ മൂന്നാമതെത്തി മലപ്പുറം താനൂർ സ്വദേശി. പ്ലസ് വൺ വിദ്യാർഥിയായ മുഹമ്മദ് ഹനാനാണ് വേൾഡ് അത്‌ലറ്റിക്സ് പുറത്തിറക്കിയ അണ്ടർ 18 ആൺകുട്ടികളുടെ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തിയത്. ഈ വർഷം ഫെബ്രുവരിയിൽ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന സൗത്ത് സോൺ ജൂനിയർ അത്‍ലറ്റിക്സ് മീറ്റിൽ 13.80 സെക്കന്റിൽ ഓടിയെത്തി ഹനാൻ സ്വർണം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ലോകരാജ്യങ്ങളിലെ യുവതാരങ്ങൾ മാറ്റുരയ്ക്കുന്ന റാങ്കിങ്ങിലും ഹനാൻ മുന്നിലെത്തിയത്.

പുതിയ റാങ്കിങ്ങിൽ ദക്ഷിണാഫ്രിക്കൻ താരങ്ങളായ മൈക്കൽ ജാൻ ഡെ ബീര്‍, ഇസ്മായിൽ മുജാഹിദ് എന്നിവരാണ് ഹനാന്റെ മുന്നിലുള്ളത്. മലപ്പുറം ദേവ്ധർ ഗവണ്‍മെന്റ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർഥിയാണ് ഹനാൻ. സഹോദരനായ മുഹമ്മദ് ഹർഷാദാണ് ഹനാനെ ഹർഡിൽസിൽ പരിശീലിപ്പിക്കുന്നത്. പരിശീലിക്കാൻ ഒരു നല്ല മൈതാനം ഹനാന് കിട്ടിയതുപോലും അടുത്ത കാലത്ത്, അതുവരെ താനൂരിലെ റോഡുകളിലായിരുന്നു ഈ യുവതാരത്തിന്റെ പരിശീലനം. അപ്രതീക്ഷിത നേട്ടത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും ഹനാൻ മനോരമ ഓൺലൈനുമായി സംസാരിക്കുന്നു...

∙ ഇൻസ്റ്റഗ്രാം വഴിയൊരുക്കി, നേട്ടം നേരിട്ടറിഞ്ഞു

അപ്രതീക്ഷിതമായിട്ടായിരുന്നു ലോകറാങ്കിങ്ങിൽ ഉൾപ്പെട്ട കാര്യം അറിഞ്ഞത്. ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിനിടെ പുറത്തുള്ള ചില താരങ്ങൾ ഈ റാങ്കിങ് വന്ന കാര്യവും അവരുടെ നേട്ടങ്ങളും കാണിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടിരുന്നു. അത് കണ്ടപ്പോൾ റാങ്കിങ് നോക്കിയേക്കാം എന്നു കരുതി പരിശോധിക്കുകയായിരുന്നു. നോക്കിയപ്പോൾ മൂന്നാമതായി എന്റെ പേര്. ഇതറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. സംഭവം അറിഞ്ഞയുടനെ സഹോദരൻ മുഹമ്മദ് ഹർഷാദിനെയാണു വിളിച്ചു പറഞ്ഞത്. സഹോദരനാണ് എന്റെ പരിശീലകൻ.

∙ പരിശീലനം തെരുവിലും ബീച്ചിലും

അടുത്ത കാലത്താണ് പരിശീലനത്തിനായി നല്ലൊരു ഗ്രൗണ്ട് ലഭിച്ചത്. അതിനു മുൻപ് റോഡിലും ബീച്ചിലുമൊക്കെയായിട്ടായിരുന്നു പരീശീലനം. അതിരാവിലെ തന്നെ പരിശീലനത്തിനായി പോകും. ഞങ്ങളുടെ കയ്യിൽ ഹർഡിൽ ഒന്നും ഇല്ല. പഠിക്കുന്ന സ്കൂളിലാണെങ്കിൽ‌ ഗ്രൗണ്ടും ഇല്ല. ഉള്ള ഗ്രൗണ്ട് പൊളിച്ച് അവിടെ കെട്ടിടം പണിതു. തിരൂർ രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ‌ പരിശീലനം തുടങ്ങിയിട്ട് ഒന്നര വർഷം ആകുന്നതേയുള്ളു. അവിടെ സിന്തറ്റിക് ട്രാക്ക് ഒക്കെയുള്ളതാണ്.

muhammed-hanan
മുഹമ്മദ് ഹനാൻ (നടുവിൽ) മത്സരത്തിനിടെ (ഫയൽ ചിത്രം)

പരിശീലനത്തിനായി എംഎൽഎ പത്ത് ഹർഡിലുകൾ തന്നിരുന്നു. എന്നാൽ അതെല്ലാം പിന്നീടു നശിച്ചു. കയറൊക്കെ കെട്ടിവച്ചാണു പരിശീലനം നടത്തിയത്. ഇപ്പോ പൊട്ടിപ്പൊളിഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായി. മത്സരങ്ങൾക്ക് ഉപയോഗിക്കുന്നതു നല്ല ക്വാളിറ്റി ഉള്ള ഹർഡിലുകളാണ്. എന്നാൽ പരിശീലിക്കുന്നത് വേറെ തരത്തിലുള്ളതാണ്. നല്ല ഹർഡിലുകൾ ഉപയോഗിച്ചാൽ കൂടുതൽ‌ മികച്ച രീതിയിൽ പരിശീലിക്കാന്‍ സാധിക്കും.

∙ സഹോദൻ കൈപിടിച്ചു, കൂടെയെത്തി നേട്ടങ്ങൾ

പ്രവാസിയായ സലീമിന്റെയും നൂർജഹാന്റെയും നാലു മക്കളിൽ‌ മൂന്നാമനാണ് ഹനാൻ. മുഹമ്മദ് ഹർഷാദ്, മുഹമ്മദ് ആഷിഖ്, നിത കരീം എന്നിവർ സഹോദരങ്ങളാണ്. ആഷിഖും അത്‍ലീറ്റാണ്. 13–ാം വയസ്സിലാണ് ഹര്‍ഡിൽസിൽ‌ പരിശീലനം ആരംഭിക്കുന്നത്. സഹോദരൻ കാരണമാണ് ഈ മത്സരയിനത്തിലേക്കു വരുന്നത്. നൂറ് മീറ്റര്‍ ഓട്ടത്തിലും ഹർഡിൽസിലും മത്സരിച്ചിട്ടുണ്ട്. കണ്ണൂര്‍ നടന്ന സംസ്ഥാന കായിക മേളയിൽ നൂറ് മീറ്ററിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പഞ്ചാബിൽ‌ ദേശീയ സ്കൂൾ‌ കായിക മേളയിൽ റെക്കോർഡോടെ മൂന്നാം സ്ഥാനം ലഭിച്ചു. 2017ൽ സൗത്ത് സോണിൽ കേരളത്തിനായി‌ സ്വർണം നേടി. ആദ്യത്തെ നാഷനൽ‌ മീറ്റും അതായിരുന്നു.

∙ മോഹങ്ങള്‍, വെല്ലുവിളികൾ

ഒളിംപിക്സിൽ ലോകറെക്കോർഡോടെ മെഡൽ സ്വന്തമാക്കണമെന്നാണു മോഹം. പക്ഷേ ആ ലക്ഷ്യത്തിലെത്താൻ വെല്ലുവിളികൾ ഏറെയാണ്. ഗ്രൗണ്ട് മുതൽ തുടങ്ങുന്നു പ്രശ്നങ്ങൾ. പരിശീലിക്കാൻ താനൂരിൽ നല്ല ഗ്രൗണ്ടില്ല. 15 കിലോമീറ്റർ യാത്ര ചെയ്താണു ദിവസവും രണ്ടു തവണ പരിശീലനത്തിനായി തിരൂരിലെ ഗ്രൗണ്ടിലെത്തുന്നത്. പരിശീലനത്തിന്റെ ചെലവെല്ലാം വീട്ടിൽനിന്നാണ് നോക്കുന്നത്. സ്പോൺസർ‌ഷിപ്പ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുണ്ട്. പരിശീലനത്തിനായി ഗുണനിലവാരമുള്ള ഉപകരണങ്ങളും ആവശ്യമാണ്. അതൊന്നും ഇല്ലാതെയാണ് ഇപ്പോൾ പരിശീലിക്കുന്നത്.

കഴിഞ്ഞ ദേശീയ ജൂനിയർ മീറ്റിന് അസമിൽ പോയപ്പോൾ ചെലവ് മുഴുവൻ നോക്കിയത് പിതാവായിരുന്നു. യാതൊരു പിന്തുണയും ആരും നൽകിയില്ല. പക്ഷേ മെഡൽ ലഭിച്ചതോടെ പലരും സഹായിച്ചു. താനൂരിലെ കലേഷ് എന്നൊരു പൊലീസ് ഉദ്യോഗസ്ഥൻ‌ സ്പൈക്സും സഹായങ്ങളും നൽകി. എന്നും വീട്ടിൽ‌നിന്ന് കാര്യങ്ങൾ ചെയ്ത് തരാൻ പറ്റിയെന്നു വരില്ല, ഇനിയും ഒരുപാട് മുന്നോട്ടു പോകണമെങ്കിൽ സ്പോണ്‍സറെ ലഭിക്കണം.

മുഹമ്മദ് ഹനാനെ ബന്ധപ്പെടേണ്ട നമ്പർ: 7034856394

English Summary: Interview with World No. 3 Muhammed Hanan, 17 year-old hurdler from Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com