sections
MORE

ജോലി തേടി ബോക്സിങ് റിങ്ങിലെത്തിയ കഥ പറഞ്ഞ് വിജേന്ദർ - വിഡിയോ

vijender-singh
വിജേന്ദർ സിങ് (ഫയൽ ചിത്രം)
SHARE

ഒരു ജോലി കണ്ടെത്താനുള്ള അദമ്യമായ ആഗ്രഹം – വിജേന്ദർ സിങ് ബോക്സിങ് കരിയറായി തിരഞ്ഞെടുക്കാനുള്ള പ്രഥമ കാരണം ഇതാണ്! പിതാവ് ബസ് ഡ്രൈവറും സഹോദരൻ സൈനികനുമായതിനാൽ, സുരക്ഷിതമായ ഒരു ജോലി വേണമെന്ന ചിന്തയിൽ നിന്നാണ് വിജേന്ദർ ബോക്സിങ് റിങ്ങിലേക്കെത്തുന്നത്. ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക‌യെന്നത് സ്വപ്നങ്ങളുടെ ഏഴയലത്തു പോലുമില്ലായിരുന്നെങ്കിലും ഒടുവിൽ അതും യാഥാർഥ്യമായി.

‘ദ് വീക്കി’ന്റെ ഒളിംപിക്സ് സ്പെഷൽ വിഡിയോ പരമ്പരയായ ‘നമസ്തേ ടോക്കിയോ’യിൽ വിജേന്ദർ സിങ് പങ്കുവച്ചതും ബോക്സിങ് റിങ്ങിലേക്കുള്ള ഈ വരവിനെക്കുറിച്ചായിരുന്നു. ‘എന്റെ ആദ്യത്തെ ആവശ്യം ഒരു ജോലിയായിരുന്നു. ഭാവി സുരക്ഷിതമായിരിക്കണമെന്നതായിരുന്നു അതിനു പിന്നിലെ ചിന്ത. എന്റെ ബോക്സിങ് കരിയറിന്റെ തുടക്കവും അതിൽ നിന്നാണ്’ – വിജേന്ദർ പറഞ്ഞു.

ആദ്യം റെയിൽവേയിൽ ഒരു ജോലിയായിരുന്നു മോഹം. അതു തള്ളിപ്പോയതോടെ ബോക്സിങ്ങിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് വളരാനായി ശ്രമം. ഈ മേഖലയിൽ രക്ഷപ്പെട്ടേക്കുമെന്ന വിശ്വാസമായിരുന്നു ബലം. എന്തായാലും ബോക്സിങ്ങിൽ വിജയക്കൊടി പാറിച്ചതോടെ 2004ലെ ഒളിംപിക്സിനു പിന്നാലെ വിജേന്ദറിന് അന്ന് തള്ളിക്കളഞ്ഞ അതേ റെയിൽവേയിൽ കൂടുതൽ നല്ല ജോലി ലഭിച്ചത് ചരിത്രം.

പിന്നീട് 2006ൽ കോമൺവെൽത്ത് ഗെയിംസിൽ വിജേന്ദർ സിങ് ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി. രണ്ടു വർഷങ്ങൾക്കുശേഷം ബെയ്ജിങ് ഒളിംപിക്സിൽ വെങ്കല മെഡൽ ഇടിച്ചിട്ട് ബോക്സിങ് റിങ്ങിൽ പുതു ചരിത്രമെഴുതി.

‘ഞാൻ ഒരിക്കലും മത്സരിക്കുന്ന സ്ഥലമോ നഗരമോ ഓർത്തിരിക്കാറില്ല. ആകെ മനസ്സിലുണ്ടാകുക ബോക്സിങ് മാത്രമാണ്. റിങ്ങിൽ ഇറങ്ങുക, എതിരാളിയെ തോൽപ്പിക്കുക, മെഡലുമായി തിരികെ കയറുക’ – ഇതാണ് എന്റെ ലക്ഷ്യം’ – വിജേന്ദർ പറയുന്നു.

2016ൽ പ്രഫഷനൽ ബോക്സിങ്ങിലേക്കു തിരിയാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചും സംഭാഷണത്തിൽ വിജേന്ദർ മനസ്സു തുറന്നു. ഇതോടെ ഒളിംപിക്സിൽ മത്സരിക്കാനുള്ള യോഗ്യത നഷ്ടമായെങ്കിലും തന്റെ തീരുമാനത്തിൽ യാതൊരു ഖേദവുമില്ലെന്ന് വിജേന്ദർ വ്യക്തമാക്കി.

English Summary: Olympian boxer Vijender Singh shares his inspiring story on Namaste Tokyo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA