sections
MORE

ഒളിംപിക്സാണ് അഭയം; അഭയാ‍ർഥി ടീമിൽ മത്സരിക്കുന്നത് 29 അത്‌ലീറ്റുകൾ

585034442
യുസ്ര മാർദിനി
SHARE

കഴിഞ്ഞ റിയോ ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത് റെഫ്യൂജി ടീം എന്ന ബോർഡിനു പിന്നിൽ ഒളിംപിക് പതാക പിടിച്ച് അണിനിരന്ന 10 അത്‌ലീറ്റുകളാണ്. യുദ്ധവും ദാരിദ്ര്യവും വെല്ലുവിളിയായപ്പോൾ പിറന്ന നാട്ടിൽനിന്ന് അഭയാർഥികളായി അന്യദേശങ്ങളിലേക്കു കുടിയേറിയവർ. ജൻമനാട്ടിലെ പീഡനങ്ങളും തിരസ്കാരങ്ങളും പിന്നിട്ട്, മനക്കരുത്ത് മാത്രം ആയുധമാക്കി, പോരാട്ടത്തിന് ഇറങ്ങിപ്പുറപ്പെട്ടവർ. ജൻമനാടിന്റെയോ ഇപ്പോ‍ൾ താമസിക്കുന്ന രാജ്യത്തിന്റെയോ പേരിലല്ല, മറിച്ച് ഒളിംപിക് പതാകയ്ക്കു കീഴിലാണ് ഇവർ മത്സരിക്കാനിറങ്ങുന്നത്. ഇവർ സ്വർണ മെഡൽ നേടിയാൽ മുഴങ്ങുക ദേശീയഗാനമല്ല, ഒളിംപിക് ആന്തമാണ്. ഒളിംപിക് റെഫ്യൂജി ഫൗണ്ടേഷനാണ് ഇവരുടെ പരിശീലനച്ചെലവു വഹിക്കുന്നത്. ഇത്തവണ 29 പേരാണ് അഭയാർഥി ടീമിലുള്ളത്. അവരിൽ ചിലർ ഇതാ: 

കടൽ കൊടുത്ത ജീവിതം: യുസ്ര മാർദിനി, സിറിയ 

ആഭ്യന്തരയുദ്ധത്തിൽ സിറിയയിലെ ജൻമഗ്രാമം തകർന്നപ്പോൾ സഹോദരിയെയും ഒപ്പംകൂട്ടി നാടുവിടുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു പതിനെട്ടുകാരി യുസ്രയ്ക്കു മുന്നിൽ. മറ്റു 18 പേർക്കൊപ്പം ഇരുവരും ഒരു ബോട്ടിൽ ഗ്രീസിലേക്കു യാത്ര തുടങ്ങി. കാറ്റിലും കോളിലുംപെട്ട് ആടിയുലഞ്ഞ ബോട്ടിൽ മറ്റുള്ളവർക്കു ധൈര്യം പകർന്ന് തലയുയർത്തി നിന്നതു നീന്തൽ വശമുള്ള യുസ്ര മാത്രമായിരുന്നു.   ഒടുവിൽ ഗ്രീസിലെത്തി. അവിടെനിന്നു ജർമനിയിലേക്ക്. നീന്തൽ പരിശീലത്തിലായിരുന്നു ഏക പ്രതീക്ഷ. സ്വപ്നം വെറുതെയായില്ല. റിയോയിൽ ആദ്യ ഒളിംപിക്സ്. ഇത്തവണ ടോക്കിയോയിൽ രണ്ടാംവട്ടം.

കല്ലേറിൽ വീഴാതെ: മസോമ അലി സദാ, അഫ്ഗാനിസ്ഥാൻ

അഫ്ഗാനിലെ അരക്ഷിതാവസ്ഥയിൽനിന്നു പലായനം ചെയ്ത് ഇറാനിലെത്തിയപ്പോഴാണ് അലി സദാ സൈക്ലിങ് പരിശീലനം തുടങ്ങിയത്. പിന്നീടു കാബൂളിൽ മടങ്ങിയെത്തിയപ്പോഴും പരിശീലനം തുടർന്നു. ഹെൽമറ്റും ട്രാക് സ്യൂട്ടുമണിഞ്ഞ് അഫ്ഗാനിലെ തെരുവുകളിലൂടെ സൈക്കിൾ ചവിട്ടിയ സദായ്ക്കു നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. അസഭ്യവർഷം ചൊരിഞ്ഞു. ദേഹത്തു കൈവച്ചു. കുടുംബത്തെപ്പോലും വെറുതെ വിടില്ലെന്നായപ്പോൾ ഫ്രാൻസിലേക്കു രക്ഷപ്പെടേണ്ടി വന്നു. പരിശീലനം തുടർന്നു. സിവിൽ എൻജിനീയറിങ്ങിൽ ബിരുദപഠനവും നടത്തുന്നു. ടോക്കിയോയിലെ സൈക്ലിങ് ട്രാക്കിൽ സദായുമുണ്ടാവും; മെഡൽ പ്രതീക്ഷയോടെ.

585261748
പൊപോലി മിസങ്ക

‘അടി’തെറ്റാതെ: പൊപോലി മിസങ്ക, കോംഗോ

കൺമുന്നിൽ അമ്മ വെടിയേറ്റു വീണപ്പോൾ ഒൻപതു വയസ്സുകാരൻ മിസങ്ക കോംഗോയിലെ സ്വന്തം നാട്ടിൽനിന്ന് ഓട്ടം തുടങ്ങിയതാണ്. ഒരാഴ്ചയ്ക്കുശേഷം കാട്ടിൽനിന്നു കണ്ടെത്തി അനാഥാലയത്തിലാക്കി. അവിടെവച്ചാണു ജൂഡോ പരിശീലിക്കുന്നത്. ദേശീയ മത്സരങ്ങളിൽ വരെ ചാംപ്യനായി. 2013ൽ ലോക ജൂഡോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനായി ബ്രസീലിൽ എത്തിയപ്പോൾ മിസങ്കയെയും കൂട്ടുകാരനെയുംപരിശീലകൻ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടു. ആഹാരവും വെള്ളവും കിട്ടാതെ വലഞ്ഞ മിസങ്ക ഒടുവിൽ ഒരു തീരുമാനമെടുത്തു. ഇനി നാട്ടിലേക്കില്ല. താരത്തിനു ബ്രസീൽ അഭയം കൊടുത്തു. ടോക്കിയോയിൽ മിസങ്ക പോരാട്ടത്തിനുണ്ടാകും.

584893566
എയ്ഞ്ചലീന നദായ് ലൊഹാലിത്

ട്രാക്കിലാണ് ജീവിതം: എയ്ഞ്ചലീന നദായ് ലൊഹാലിത്, ദക്ഷിണ സുഡാൻ

കലാപകാരികളുടെ വെടിയുണ്ടകളിൽനിന്നു രക്ഷപ്പെട്ടാണു 2002ൽ 8–ാം വയസ്സിൽ ലൊഹാലിത് ദക്ഷിണ സുഡാനിൽനിന്നു കെനിയയിലേക്കു പലായനം ചെയ്തത്. അവിടെ അഭയാർഥി ക്യാംപിൽ കഷ്ടപ്പാടുകളുടെ നടുവിൽ ജീവിതം. സ്കൂൾ പഠനകാലത്തു മധ്യദൂര ഓട്ടത്തിൽ കരിയർ വളർത്തിയെടുത്തു. ടോക്കിയോയിൽ 1500 മീറ്ററിൽ മത്സരിക്കും. ഇവിടെ മെഡൽ നേടിയാലും ഇല്ലെങ്കിലും താരത്തിന് ഒരൊറ്റ മോഹമേയുള്ളൂ: ‘ജൻമനാട്ടിലേക്കു തിരിച്ചുപോകണം. മാതാപിതാക്കളെ ഒരിക്കൽക്കൂടി കാണണം...

English Summary: Refugee Olympic team Tokyo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA