sections
MORE

കോവിഡിനിടെ ഒളിംപിക്സിനു നാളെ തിരി തെളിയും; താരങ്ങളെ നിയന്ത്രിക്കുമെന്ന് ഇന്ത്യ

TOPSHOT-OLY-2020-2021-TOKYO
SHARE

ടോക്കിയോ ∙ ഭൂമിയിലെ ഏറ്റവും വലിയ കായികോത്സവത്തിനു നാളെ ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ ഔദ്യോഗിക തുടക്കമാകും. കോവിഡ് മഹാമാരിക്കാലത്തു ലോകജനതയ്ക്കു പ്രതീക്ഷയുടെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്നാകും വിശ്വകായികമേളയ്ക്കു തിരശീല ഉയരുക. ജപ്പാൻ സമയം രാത്രി 8നാണ് (ഇന്ത്യൻ സമയം വൈകിട്ടു 4.30) ഉദ്ഘാടന പരിപാടി തുടങ്ങുന്നത്. സോണി ടെൻ ചാനലുകളിൽ ഉദ്ഘാടനച്ചടങ്ങ് തൽസമയം കാണാം. 1964ലെ ഒളിംപിക്സിന്റെ മുഖ്യവേദിയായ ഒളിംപിക് സ്റ്റേഡിയത്തിലാകും ഉദ്ഘാടനച്ചടങ്ങ് അരങ്ങേറുക.

കോവിഡ് ഉയർത്തുന്ന ഭീഷണിക്കിടയിൽ അത്‍ലീറ്റുകളുടെ എണ്ണം പരമാവധി കുറച്ചാകും ഉദ്ഘാടനം നടത്തുകയെന്ന സൂചനകൾ സംഘാടകർ നൽകിക്കഴിഞ്ഞു. പതിവുപോലെ പാട്ടും ആട്ടവും മേളവുമെല്ലാം ഒളിംപിക്സിന്റെ 32–ാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിനു കൊഴുപ്പു കൂട്ടുമെങ്കിലും ഗാലറികളിൽ കാണികളുടെ ആരവമോ ഗ്രൗണ്ടിൽ അത്‍ലീറ്റുകളുടെ നിറസാന്നിധ്യമോ ഉണ്ടാകില്ല.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഉൾപ്പെടെ 15 രാഷ്ട്രത്തലവൻമാർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കുമെന്നാണു സംഘാടക സമിതിയുടെ അറിയിപ്പ്. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തി ടീമിനെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിങ്ങും ബോക്സിങ് ലോക ചാംപ്യൻ എം.സി.മേരി കോമുമാണ്. കോവിഡ് പിടിക്കാതിരിക്കാൻ ഉദ്ഘാടന മാർച്ച് പാസ്റ്റിൽ 30 താരങ്ങളെ മാത്രം ഇറക്കുകയുള്ളൂവെന്നു ബ്രിട്ടൻ ടീം അറിയിച്ചു.

olympics-ring
മലയാളി നീന്തൽ താരം സജൻ പ്രകാശ് ടോക്കിയോ ഗെയിംസ് വില്ലേജിൽ സ്ഥാപിച്ച ഒളിംപിക് വളയങ്ങൾക്കു സമീപം (മനോരമയ്ക്കായി പകർത്തിയ ചിത്രം).

∙ ഒളിംപിക് വില്ലേജിൽ 2 കോവിഡ് കൂടി

ടോക്കിയോ ∙ ഒളിംപിക് വില്ലേജിൽ താമസിക്കുന്ന നെതർലൻഡ്സിൽ നിന്നുള്ള സ്കേറ്റ്ബോർഡ് താരത്തിനും ചിലെയിൽ നിന്നെത്തിയ വനിതാ തയ്ക്വാൻ‌ഡോ താരത്തിനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും ഒളിംപിക്സ് നഷ്ടമാകും. ഒളിംപിക് വില്ലേജിൽ ഇതുവരെ 6 പേർക്കാണ് കോവിഡ് ബാധിച്ചത്. അത്‍ലീറ്റുകൾക്കു പുറമേ ഒളിംപിക്സുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 8 പേർക്കുകൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

∙ താരങ്ങളെ നിയന്ത്രിക്കും: ഇന്ത്യ

ഉദ്ഘാടനച്ചടങ്ങിൽ 6 ഒഫിഷ്യലുകളെ മാത്രമേ ഒരു രാജ്യത്തുനിന്ന് അനുവദിക്കുകയുള്ളൂവെന്ന സംഘാടക സമിതിയുടെ അറിയിപ്പു ലഭിച്ചതായി ഇന്ത്യയുടെ ഉപ സംഘത്തലവൻ പ്രേംകുമാർ വർമ പറഞ്ഞു. അത്‍ലീറ്റുകളുടെ എണ്ണത്തിൽ നിയന്ത്രണം പറഞ്ഞിട്ടില്ലെന്നും എന്നാൽ, വളരെക്കുറച്ചു താരങ്ങളെ മാത്രമേ കോവിഡ്മൂലം ഇന്ത്യ ചടങ്ങിന് ഇറക്കുകയുള്ളൂവെന്നും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അറിയിച്ചു. നാളെ മത്സരമുള്ളവരും പങ്കെടുക്കില്ല. നാളെ മത്സരമുള്ളതിനാൽ ഷൂട്ടിങ് താരങ്ങളായ സൗരഭ് ചൗധരി, മനു ഭാക്കർ, അഭിഷേക് വർമ, അപൂ‍ർവി ചന്ദേല എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കില്ല.

English Summary: Tokyo Olympics begins

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA