ADVERTISEMENT

ടോക്കിയോ ∙ അർ‌ജന്റീന ഫെൻസിങ് താരം മരിയ ബെലൻ പെരസ് മൗറിസിന് ഇന്നലെ മെഡലൊന്നും കിട്ടിയില്ലെങ്കിലും ആഘോഷദിനമായിരുന്നു. കാരണം, മത്സരം കഴിഞ്ഞയുടൻ കിട്ടിയ വിവാഹഭ്യർഥന! പരിശീലകനായ ലൂക്കാസ് ഗ്വില്ലർമോ സോസെഡോയാണ് മരിയയെ അപ്രതീക്ഷിതമായി പ്രപ്പോസ് ചെയ്തത്. ഹംഗറിയുടെ അന്ന മാർട്ടനോടു തോറ്റ ശേഷം മരിയ മാധ്യമങ്ങളോടു സംസാരിക്കവേ പിന്നിൽ നിന്ന സോസെഡോ ‘എന്നെ വിവാഹം കഴിക്കാമോ..പ്ലീസ്?’ എന്നെഴുതിയ കടലാസ് ഉയർത്തിക്കാട്ടുകയായിരുന്നു.

മാധ്യമപ്രവർത്തകരുടെ ചിരി കണ്ടു തിരിഞ്ഞു നോക്കിയ മരിയ ആദ്യം ഒന്നമ്പരന്നു. പിന്നെ മാസ്ക് താഴ്ത്തി വിസ്മയത്തോടെ ചിരിച്ചു. സോസെഡോയെ കെട്ടിപ്പിടിച്ചു. ‘‘ഞാൻ യെസ് പറഞ്ഞു..’’ മരിയ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

17 വർഷമായി പരിചയക്കാരാണ് മുപ്പത്തിരാറുകാരിയായ മരിയയും അൻപത്തൊന്നുകാരനായ സോസെഡോയും. ദീർഘകാലമായി സോസെഡോയാണ് മരിയയുടെ പരിശീലകനും. 2010ലും സോസെഡോ മരിയയ്ക്കു മുന്നിൽ വിവാഹാഭ്യർഥന നടത്തിയിരുന്നു. അന്ന് ‘നോ’ പറഞ്ഞെങ്കിലും ഇത്തവണ മരിയ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

വിവാഹാഭ്യർഥന നടത്തണമെന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നെങ്കിലും എങ്ങനെ വേണമെന്ന് ധാരണയുണ്ടായിരുന്നില്ല. ഫെൻസിങ് മത്സരത്തിനായി വേദിയിലെത്തിയ ശേഷമാണ് വോളണ്ടിയർമാരിൽ ഒരാളോട് ചോദിച്ച് ഒരു പേപ്പർ ഒപ്പിച്ചത്. പിന്നീട് അതിൽ വിവാഹാഭ്യർഥന എഴുതി മരിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പൾ അതിന്റെ പിന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.

‘ഞങ്ങൾ പരസ്പരം വളരെയധികം ഇഷ്ടപ്പെടുന്നു. ഇടയ്ക്ക് തീർച്ചയായും വഴക്കുകളൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒരുമിച്ചുള്ള നിമിഷങ്ങൾ ഞങ്ങളെ സംബന്ധിച്ച് സന്തോഷപ്രദമാണ്. ഇനി ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കണം’ – മരിയ പറഞ്ഞു.

‘ഞാൻ അവളെ ഇഷ്ടപ്പെടുന്നു. ആദ്യ റൗണ്ടിൽ തോറ്റപ്പോൾ അവൾ കടുത്ത നിരാശയിലായിരുന്നു. ഈ വിവാഹാഭ്യർഥന അവള്‍ക്ക് സന്തോഷം പകരുമെന്ന പ്രതീക്ഷയിലാണ് ആ സമയത്ത് അങ്ങനെ ചെയ്തത്. ആദ്യ റൗണ്ടിൽ മരിയ ജയിച്ചിരുന്നെങ്കിൽ വിവാഹാഭ്യർഥന നടത്താൻ ഞാൻ കാത്തിരിക്കുമായിരുന്നു’ – സോസെഡോ പറഞ്ഞു.

English Summary: Fencing-For Argentina's Perez Maurice, an Olympic loss and marriage proposal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com