ADVERTISEMENT

ടോക്കിയോ∙ ഒളിംപിക്സിൽ നിരാശപ്പെടുത്തുന്ന വാർത്തകൾക്കിടെ ആഹ്ലാദം പകർന്ന് വനിതകളുടെ ബോക്സിങ്ങിൽ ഇന്ത്യൻ താരം ലവ്‌ലിന ബോർഗോഹെയ്ൻ ക്വാർട്ടർ ഫൈനലിൽ. 69 കിലോഗ്രാം വിഭാഗത്തിലാണ് ലവ്‌ലിന ക്വാർട്ടറിൽ കടന്നത്. അടുത്ത റൗണ്ടും ജയിച്ചാൽ ലവ്‌ലിനയ്ക്ക് മെഡൽ ഉറപ്പാക്കാം. പ്രീക്വാർട്ടറിൽ ജർമനിയുടെ വെറ്ററൻ താരം നാദീൻ അപ്പെറ്റ്സിനെയാണ് ലവ്‌ലിന തോൽപ്പിച്ചത്. ഇരുപത്തിമൂന്നുകാരിയായ ലവ്‌ലിന 3–2നാണ് 35കാരിയായ നാദീനെ വീഴ്ത്തിയത്. ഒളിംപിക്സിൽ ബോക്സിങ്ങിന് യോഗ്യത നേടുന്ന ആദ്യ ജർമൻ വനിതാ താരമായിരുന്നു നാദീൻ. ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ മുൻ ലോക ചാംപ്യനായ നാലാം സീഡ് നിയെൻ ചിൻ ചെനാണ് ലവ്‌ലിനയുടെ എതിരാളി. ജൂലൈ 30നാണ് മത്സരം.

ലവ്‌ലിനയുടെ വിജയവും പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യ സ്പെയിനെ 3–0ന് തോൽപ്പിച്ചതും മാറ്റിനിർത്തിയാൽ ഇന്ന് ടോക്കിയോയിൽനിന്ന് വരുന്നത് നിരാശപ്പെടുത്തുന്ന വാർത്തകൾ മാത്രം. ഇന്ത്യ ഏറ്റവും പ്രതീക്ഷ പുലർത്തി അപ്രതീക്ഷിത തിരിച്ചടി നേരിട്ട ഷൂട്ടിങ്ങിൽ, തുടർച്ചയായ നാലാം ദിവസവും ഇന്ത്യയ്ക്ക് മെഡൽ വരൾച്ച. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മത്സരിച്ച മനു ഭാക്കർ–സൗരഭ് ചൗധരി സഖ്യം ആദ്യ റൗണ്ട് കടന്നെങ്കിലും, രണ്ടാം റൗണ്ടിൽ പുറത്തായി. ആദ്യ നാലു ടീമുകൾക്ക് മെഡൽ പോരാട്ടത്തിന് അർഹതയുണ്ടായിരുന്ന രണ്ടാം റൗണ്ടിൽ സൗരഭ് – ഭാക്കർ സഖ്യം ഏഴാം സ്ഥാനത്തായി. ഇതേ ഇനത്തിൽ മത്സരിച്ച അഭിഷേക് വർമ–യശസ്വിനി ദേശ്വാൾ സഖ്യത്തിന് ആദ്യ റൗണ്ട് കടക്കാനായില്ല.

10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ എളവേണി വാളറിവാൻ – ദിവ്യാൻഷ് സിങ് പൻവാർ സഖ്യവും അൻജും മുദ്ഗിൽ – ദീപക് കുമാർ സഖ്യവും മെഡൽ റൗണ്ടിന് യോഗ്യത നേടാനാകാതെ പുറത്തായി. ഇന്ത്യൻ ഷൂട്ടർമാർക്ക് ഒരു മെഡൽ പോലും നേടാനാകാതെ പോയ റിയോ ഒളിംപിക്സിന്റെ വഴിയിലാണ് ടോക്കിയോയിലും ഇന്ത്യൻ സംഘം. ഇതിനു മുൻപ് ലണ്ടനിൽ ഗഗൻ നാരംഗ് (റൈഫിൾ), വിജയ് കുമാർ (പിസ്റ്റൾ) എന്നിവർ ഇന്ത്യയ്ക്കായി മെഡൽ നേടിയിരുന്നു. ബെയ്ജിങ്ങിലാകട്ടെ, അഭിനവ് ബിന്ദ്രയിലൂടെ സ്വർണം നേടി ചരിത്രമെഴുതി.

ബാഡ്മിന്റൻ ഡബിൾസിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിച്ചിട്ടും ഇന്ത്യയുടെ സാത്വിക് – ചിരാഗ് റെഡ്ഡി സഖ്യത്തിന് ക്വാർട്ടറിൽ കടക്കാനായില്ല. ബ്രിട്ടന്റെ ബെൻ ലെയ്ൻ – സീൻ വെൻഡി സഖ്യത്തെ 21–17, 21–19 എന്ന സ്കോറിനാണ് സാത്വിക്–ചിരാഗ് സഖ്യം തോൽപ്പിച്ചത്. ടേബിൾ ടെന്നിസ് പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ശരത് കമൽ മൂന്നാം റൗണിടൽ പുറത്ത്. ലോക മൂന്നാം നമ്പർ താരം ചൈനയുടെ മാ ലോങ്ങാണ് ശരത്തിനെ തോൽപ്പിച്ചത്. റിയോ ഒളിംപിക്സിൽ ഈ ഇനത്തിൽ സിംഗിൾസിലും ടീം വിഭാഗത്തിലും സ്വർണം നേടിയ താരമാണ് മാ ലോങ്. സ്കോർ: 7–11, 11–8, 11–13, 4–11, 4–11. ടോക്കിയോയിൽ നിന്നുള്ള പുതിയ വിശേഷങ്ങൾ അറിയാം.

English Summary: Tokyo Olympics 2020, Day 5 - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com