ADVERTISEMENT

ടോക്കിയോ∙ നീന്തൽക്കുളത്തിലെ ലിറ്റ്മസ് പരീക്ഷയിൽ ഓസ്ട്രേലിയയുടെ ആരിയാൻ ടിറ്റ്മസിനു വിജയം. ലോകം ഉറ്റുനോക്കിയ വനിതാ വിഭാഗം 400 മീറ്റർ ഫ്രീ സ്റ്റൈൽ ഫൈനലിൽ നിലവിലുള്ള ചാംപ്യനും ലോകറെക്കോർഡുകാരിയുമായ യുഎസ് താരം കെയ്റ്റി ലെഡക്കിയെ ടിറ്റ്മസ് രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി. ‘ടെർമിനേറ്റർ’ എന്നറിയപ്പെടുന്ന ഇരുപതുകാരി 3 മിനിറ്റ് 56.69 സെക്കൻഡിലാണ് ഒന്നാമതായി ഫിനിഷ് ചെയ്തത്. സ്വർണമെഡൽ പ്രതീക്ഷയോടെ ഇറങ്ങിയ ലെഡക്കിയുടെ സമയം 3 മിനിറ്റ് 57.36 സെക്കൻഡ്. ചൈനയുടെ ലീ ബിൻങ്ജിക്കാണു വെങ്കലം.

ഒളിംപിക്സിൽ വ്യക്തിഗത ഫൈനലിൽ ലെഡക്കി ഫൈനലിൽ തോൽക്കുന്നത് ആദ്യമാണ്. ടിറ്റ്മസിന്റെ പ്രകടനം ഉജ്വലമായിരുന്നുവെന്ന് അഭിനന്ദിച്ച ലെഡക്കി മത്സരം പൂർത്തിയായതിനു പിന്നാലെ ഓസ്ട്രേലിയൻ താരത്തെ ചേർത്തു പിടിച്ച് ആശ്ലേഷിക്കുകയും ചെയ്തു. മധ്യദൂര നീന്തൽ ഇനങ്ങളിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായ ലെഡക്കിയാണ് തന്റെ പ്രചോദനമെന്നായിരുന്നു ടിറ്റ്മസിന്റെ പ്രതികരണം.

ലെഡക്കിയെ പിന്തള്ളി വിജയത്തിലേക്കു ടിറ്റ്മസ് നീന്തിക്കയറുന്ന ദൃശ്യങ്ങൾക്കൊപ്പം കോച്ച് ഡീൻ ബോക്സലിന്റെ ആവേശപ്രകടനങ്ങളും വൈറലായി. വായുവിൽ മുഷ്ടി ചുരുട്ടി ഇടിച്ചും അങ്ങോട്ടുമിങ്ങോട്ടും ഓടിയും പ്രോത്സാഹിപ്പിച്ച പരിശീലകൻ വിജയനിമിഷത്തിൽ ആവേശഭരിതനായി കുതിച്ചു ചാടി ആർത്തുവിളിച്ചു.

പുരുഷ വിഭാഗം 4–100 ഫ്രീസ്റ്റൈൽ റിലേയിൽ സൂപ്പർതാരം കാലെബ് ഡ്രെസൽ ഉൾപ്പെടുന്ന യുഎസ് ടീമിനു സ്വർണം. ബ്ലേക്ക് പിയറോണി, ബോവൻ ബെക്കർ, സാക്ക് ആപ്പിൾ എന്നിവർ ഉൾപ്പെടുന്ന ടീം 3 മിനിറ്റ് 08.97 സെക്കൻഡിൽ ഒന്നാമതെത്തി. ഇറ്റലിക്കാണു വെള്ളി. യുഎസിനു വെല്ലുവിളിയാകുമെന്നു കരുതപ്പെട്ടിരുന്ന ഓസ്ട്രേലിയൻ സംഘം 3–ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

English Summary: Swimming-Australia's Titmus wins women's 400 freestyle gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com