ADVERTISEMENT

ടോക്കിയോ∙ നീന്തലും സൈക്ലിങ്ങും ഓട്ടവുമുൾപ്പെടുന്ന ട്രയാത്‌ലൺ ഫൈനലിൽ നോർവേക്കാരൻ ക്രിസ്റ്റ്യൻ ബ്ലമ്മൻഫെൽറ്റിന് അപ്രതീക്ഷിത സുവർണ നേട്ടം. മത്സരത്തിന്റെ മൂന്നാം ഘട്ടമായ ഓട്ടം തുടങ്ങുമ്പോൾ ഒരുമിച്ചെത്തിയ നാൽപതോളം താരങ്ങളിൽ പിന്നിലായിരുന്ന ഈ ഇരുപത്തേഴുകാരൻ അവസാനം പറന്നു കയറി ഒരു മണിക്കൂർ 45 മിനിറ്റ് 04 സെക്കൻഡിൽ ഒന്നാമതായി ഫിനിഷ് ചെയ്തു. ബ്രിട്ടന്റെ അലക്സ് യീ വെള്ളിയും ന്യൂസീലൻഡിന്റെ ഹെയ്ഡൻ വൈൽഡ് വെങ്കലവും നേടി. 2016 ഒളിംപിക്സിൽ വെള്ളി നേടിയ ബ്രിട്ടിഷ് താരം ജോണി ബ്രൗൺലീ അഞ്ചാമതായാണു ഫിനിഷ് ചെയ്തത്.

1500 മീറ്റർ നീന്തലും തുടർന്ന് 40 കിലോമീറ്റർ സൈക്ലിങ്ങും ഒടുവിൽ 10 കിലോമീറ്റർ ഓട്ടവും ഉൾപ്പെടുന്ന ട്രയാത്‌ലണിന്റെ തുടക്കം ഫോൾസ് സ്റ്റാർട്ടോടെയായിരുന്നു. നീന്തലിനായി ഡൈവ് ചെയ്ത അത്‌ലീറ്റുകളുടെ തൊട്ടരികിൽ, മത്സര സംപ്രേഷണത്തിനായുള്ള ക്യാമറ സംഘം സഞ്ചരിച്ച ബോട്ട് പെട്ടതാണ് പ്രശ്നമായത്. ഇതോടെ നീന്തൽ മത്സരം വീണ്ടും ആരംഭിച്ചു. തുടർന്നു നടത്തിയ സൈക്ലിങ് പൂർത്തിയാകുമ്പോഴേക്കും നാൽപതോളം താരങ്ങൾ കടുത്ത പോരാട്ടത്തിലായിരുന്നു.

സ്വർണ മെ‍‍‍‍ഡൽ നേടുമെന്നു കരുതപ്പെട്ടിരുന്ന ബ്രിട്ടിഷ് താരം യീ ഓട്ടമത്സരത്തിൽ ഏറെ നേരം മുന്നിട്ടുനിന്നു. പക്ഷേ, അയൺമാൻ ഹാഫ് ട്രയാത്‌ലണിൽ ലോക റെക്കോർഡിന് ഉടമയായ ബ്ലമ്മൽഫെൽറ്റ് അവസാന ഒരു കിലോമീറ്ററിൽ കുതിച്ചുകയറിയപ്പോൾ പിന്തുടരാൻ മാത്രമേ എതിരാളികൾക്കു കഴി‍ഞ്ഞുള്ളൂ. സർവകരുത്തും സമാഹരിച്ച് ഓടി ഫിനിഷ് ടേപ്പിൽ തൊട്ട് തളർന്നു വീണ ബ്ലമ്മൻഫെൽറ്റ് ഛർദിച്ച് അവശനായതോടെ വീൽചെയറിലാണ് താരത്തെ വേദിയിൽ നിന്നു കൊണ്ടുപോയത്.

English Summary: Triathlon hero Christian Blumenfeld

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com