ADVERTISEMENT

ടോക്കിയോ∙ 100 മീറ്റർ ബാക് സ്ട്രോക്കിൽ മുങ്ങിയെടുത്ത സ്വർണവുമായി നീന്തൽ കുളത്തിൽനിന്നു കയറുമ്പോൾ ഓസ്ട്രേലിയയുടെ 20 വയസ്സുകാരി കായ്‌ലി മക്യൂന്റെ മനസ്സു നിറഞ്ഞിരിക്കും, അച്ഛനു നൽകിയ വാക്കു പാലിക്കാനായതോർത്ത്! അതുകൊണ്ടാകാം വിജയത്തിനു ശേഷം ആ കണ്ണുകൾ ഈറനണിഞ്ഞത്. 

നീന്തൽ താരങ്ങൾക്കു പേരു കേട്ട നാടായ ഓസ്ട്രേലിയയിൽനിന്നു വനിതാ ബാക് സ്ട്രോക് നീന്തലിൽ ഒളിംപിക് സ്വർണം നേടുന്ന ആദ്യ വനിതാ താരമായി പുതുചരിത്രം എഴുതിയപ്പോൾ കായ്‌ലി മെഡൽനേട്ടം സമ്മാനിച്ചതാകട്ടെ തനിക്ക് ഏറ്റവും അധികം പിന്തുണ നൽകിയ അച്ഛൻ ഷോർട്ടോയ്ക്കും. 

ബ്രെയിൻ ട്യൂമറിനോടു ദീർഘനാൾ പോരാടിയതിനു ശേഷം കഴി‍ഞ്ഞ ഓഗസ്റ്റിലായിരുന്നു ഷോൾട്ടോയുടെ മരണം. ഒളിംപിക്സ് പരിശീലനം മുടക്കരുതെന്നായിരുന്നു മുൻ നീന്തൽ താരം കൂടിയായ ഷോൾട്ടോ മരിക്കുന്നതിനു തൊട്ടു മുൻപു പോലും മകൾക്കു നൽകിയ ഉപദേശം. അച്ഛൻ നൽകിയ പ്രചോദനം ഉൾക്കൊണ്ടാണ് ഓരോ തവണയും നീന്തൽ കുളത്തിലേക്ക് ഊളിയിടുന്നതെന്നു 100 മീറ്റർ ബാക് സ്ട്രോക്കിലെ നിലവിലെ ലോക റെക്കോർഡുകാരി കൂടിയായ കായ്‌ലി മത്സരത്തിനു ശേഷം പറഞ്ഞു. ‌

അവസാന 10 മീറ്ററിലെ കുതിപ്പിൽ, കാനഡൻ താരം കൈലി മാസെ, യുഎസ്എയുടെ മുൻ ലോക റെക്കോർഡുകാരി റീഗൻ സ്മിത്ത് എന്നിവരെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ കായ്‌ലി 100 മീറ്റർ ബാക് സ്ട്രോക്കിൽ പുതിയ ഒളിംപിക് റെക്കോർഡും (57.87 സെക്കൻഡ്) സ്ഥാപിച്ചു. മൂന്നു സൂപ്പർ താരങ്ങളുടെ ആവേശപ്പോരാട്ടത്തിനായി ആരാധകരും ആവേശത്തോടെയാണു കാത്തിരുന്നത്. 

kayleemcquin1
കാ‌യ്‌ലി ഒളിംപിക് സ്വർണ മെഡലുമായി. Attila KISBENEDEK / AFP

∙ അച്ഛനാണു പ്രചോദനം

അച്ഛൻ നൽകിയ പ്രചോദനം ഉൾക്കൊണ്ടാണു കായ്‌ലി ഓരോ തവണയും നീന്തൽ കുളത്തിലേക്കു ഡൈവ് ചെയ്യുന്നതെന്നു നിസ്സംശയം പറയാം. കായ്‌ലിയുടെ കാലുകളിൽ ‘ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും’ (I will always be with you) എന്ന അച്ഛന്റെ വാക്കുകൾ പച്ചകുത്തിയിട്ടുണ്ട്. അച്ഛൻ പകർന്നു നൽകിയ വിശ്വാസവും കരുത്തും പൂളിൽ തന്നെ തുണയ്ക്കുമെന്നു കായ്‌ലി വിശ്വസിക്കുന്നു. 

‘ ഓരോരുത്തരും അവരവരുടേതായ പാതകൾ കണ്ടെത്തേണ്ടിയിരിക്കുന്നു. എറെ ദുർഘടമായ യാത്രയായിരുന്നു എന്റേത്. എന്നാൽ ഇതൊക്കെത്തന്നെയാണ് എന്നെ നേട്ടത്തിലെത്തിച്ചത്,’ മെഡൽ നേട്ടത്തിനു ശേഷം കായ്‌ലി പ്രതികരിച്ചു. 

‘അച്ഛന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടിരുന്നു. അച്ഛൻ എനിക്കൊപ്പം ഉണ്ടായിരുന്നെന്ന് ഉറപ്പാണ്. ഞാൻ മുന്നേറിയ അവസാന 10 മീറ്ററിൽ മാത്രമല്ല, മത്സരത്തിന്റെ ആദ്യാവസാനം അച്ഛൻ എനിക്കൊപ്പം ഉണ്ടായിരുന്നു,’ കായ്‌ലിയുടെ വാക്കുകൾ. 100 മീറ്റർ ബാക് സ്ട്രോക്കിനു പുറമേ ശനിയാഴ്ച 200 മീറ്റർ ബാക് സ്ട്രോക്കിലും കായ്‌ലി മത്സരത്തിനിറങ്ങും. ഈ ഇനത്തിലും രാജ്യത്തിന്റെ ഉറച്ച മെഡൽ പ്രതീക്ഷയാണു കായ്‌ലി. 

English Summary: Olympics: Kaylee McKeown Dedicates 100 Back Olympic Gold to Inspirational Father; Regan Smith Snares Bronze

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com