ADVERTISEMENT

ടോക്കിയോ∙ ഒളിംപിക് ബോക്സിങ് റിങ്ങിൽനിന്ന് ഇന്ത്യയ്ക്കു വീണ്ടും സന്തോഷ വാർത്ത. വനിതാ മിഡിൽ വെയ്റ്റ് വിഭാഗത്തിൽ (75 കിലോഗ്രാം) ഇന്ത്യയുടെ പൂജാ റാണി ക്വാർട്ടറിലെത്തി. അൽജീരിയയുടെ ഇച്റാക് ചായ്ബിനെ 5–0നു തകർത്താണു പൂജ ക്വാർട്ടറിലേക്കു മാർച്ച് ചെയ്തത്. ക്വാർട്ടറിൽ ജയിക്കാനായാൽ പൂജയ്ക്കു വെങ്കല മെഡൽ ഉറപ്പിക്കാം. വനിതാ വിഭാഗം 69 കിലോഗ്രാമിൽ മറ്റൊരു ഇന്ത്യൻ താരമായ ലവ്‌ലിന ബോർഗോഹെയ്നും നേരത്തേ ക്വാർട്ടറിൽ എത്തിയിരുന്നു. 

യുഎസ് താരം ജെന്നിഫർ ഫെർണാണ്ടെസിനെ 6–4നു കീഴടക്കി ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി ആർച്ചറി വ്യക്തിഗത വനിതാ വിഭാഗം മൂന്നാം റൗണ്ടിൽ എത്തിയിട്ടുണ്ട്. ആർച്ചറി പുരുഷ വിഭാഗം എലിമിനേഷൻ റൗണ്ടിൽ പ്രവീൺ ജാദവ് യൂഎസ്എയുടെ ബ്രാഡി എല്ലിസനോടു ക്വാർട്ടറിൽ കീഴടങ്ങി. 

ബാഡ്മിന്റൻ വനിതാ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ പി.വി. സിന്ധു തകർപ്പൻ വിജയത്തോടെ പ്രീക്വാർട്ടറിൽ കടന്നു. ഹോങ്കോങ്ങിന്റെ ഷാങ് ഗ്യാൻയിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോൽപ്പിച്ചത്. സ്കോർ: 21–9, 21–16. എന്നാൽ പുരുഷ സിംഗിൾസിൽ തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ സായ്പ്രണീത് പുറത്തായി. നെതർലൻഡ്സിന്റെ മാർക്ക് കാൽജോയോട് 21–14, 21–14നാണു കീഴടങ്ങിയത്. 

അതേസമയം, വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീം തുടർച്ചയായ മൂന്നാം തോൽവി വഴങ്ങി. ഇന്നു നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രിട്ടനോടാണ് ഇന്ത്യൻ വനിതകൾ തോറ്റത്. ബ്രിട്ടനു വേണ്ടി ഹന്ന മാർട്ടിൻ ഇരട്ടഗോൾ നേടി. 2, 19 മിനിറ്റുകളിലായിരുന്നു ഹന്നയുടെ ഗോളുകൾ. ലില്ലി ഓസ്‌ലി (41), ഗ്രെയ്സ് ബാൾസ്ഡൻ (57) എന്നിവരുടെ വകയാണ് മറ്റു ഗോളുകൾ. ഇന്ത്യയുടെ ആശ്വാസഗോൾ 23–ാം മിനിറ്റിൽ ഷർമിളാ ദേവി നേടി. ആദ്യ മത്സരത്തിൽ ലോക ഒന്നാം നമ്പർ ടീമായ നെതർലൻഡ്സിനോട് ഇന്ത്യ 5–1ന് തോറ്റിരുന്നു. രണ്ടാം മത്സരത്തിൽ ജർമനിയോട് 2–0നും തോറ്റു.

അമ്പെയ്ത്തിൽ വീണ്ടും നിരാശ സമ്മാനിച്ച് ഇന്ത്യയുടെ തരുൺദീപ് റായ് പുരുഷ വിഭാഗം വ്യക്തിഗത ഇനത്തിൽ എലിമിനേഷൻ റൗണ്ടിൽ പുറത്തായി. ഷൂട്ട് ഓഫിൽ ഇറ്റലിയുടെ ഷാന്നിയോട് 6–5ന് തോറ്റാണ് മടക്കം.

English Summary: Tokyo Olympics 2021 Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com