ADVERTISEMENT

ടോക്കിയോ∙ ഒളിംപിക്സ് ഹോക്കിയിൽ ആരാധകരുടെ പ്രതീക്ഷകൾ കാത്ത് പുരുഷൻമാരുടെ ടീം ക്വാർട്ടർ ഫൈനലിൽ. പൂൾ എയിലെ നാലാം മത്സരത്തിൽ നിലവിലെ ചാംപ്യൻമാരും റാങ്കിങ്ങിൽ മുന്നിലുള്ളവരുമായി അർജന്റീനയെ തോൽപ്പിച്ചതോടെയാണ് ഇന്ത്യ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കിയത്. ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ അർജന്റീനയെ വീഴ്ത്തിയത്. പൂൾ എയിൽ ആതിഥേയരായ ജപ്പാനെതിരായ മത്സരം ബാക്കിനിൽക്കെയാണ് ഇന്ത്യ ക്വാർട്ടർ ഉറപ്പാക്കിയത്. നാളെയാണ് ജപ്പാനെതിരായ മത്സരം.

ഇന്ത്യയ്ക്കായി വരുൺ കുമാർ (43), വിവേക് സാഗർ പ്രസാദ് (58), ഹർമൻപ്രീത് സിങ് (59) എന്നിവരാണ് ഗോൾ നേടിയത്. ഇതിൽ വരുൺ കുമാർ, വിവേക് എന്നിവരുടെ ഒളിംപിക്സിലെ കന്നി ഗോളുകളാണ് അർജന്റീനയ്‌ക്കെതിരെ പിറന്നത്. അർജന്റീനയുടെ ആശ്വാസ ഗോൾ 47–ാം മിനിറ്റിൽ മയ്ക്കോ കാസെല്ല നേടി. ഈ വിജയത്തോടെ പൂൾ എയിൽ ഇന്ത്യ ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കി. കളിച്ച നാലു മത്സരങ്ങളും ജയിച്ച ലോക ഒന്നാം നമ്പർ ടീമായ ഓസ്ട്രേലിയയാണ് പൂൾ എയിൽ 12 പോയിന്റുമായി ഒന്നാമത്.

ന്യൂസീലൻഡിനെതിരായ ആദ്യ മത്സരത്തിൽ 3–2 വിജയത്തോടെ ടോക്കിയോ ഒളിംപിക്സിന് തുടക്കമിട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയോട് കനത്ത തോൽവി ഏറ്റു വാങ്ങിയിരുന്നു. ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ഓസ്ട്രേലിയ ഇന്ത്യയെ വീഴ്ത്തിയത്. എന്നാൽ അവിടെനിന്നും തിരിച്ചടിച്ച ഇന്ത്യ തുടർച്ചയായ മത്സരങ്ങളിൽ സ്പെയിനെ 3–0നും അർജന്റീനയെ 3–1നും തോൽപ്പിച്ച് ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി.

English Summary: Rejuvenated India beat Argentina to seal quarterfinal berth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com