ADVERTISEMENT

സോൾ∙ ടോക്കിയോ ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ സ്വർണം നേടിയ ഇറാൻ താരം യുഎസ് വിലക്കേർപ്പെടുത്തിയ ഭീകര സംഘടനയിൽ അംഗമാണെന്ന് ആക്ഷേപം. പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടിയ ജവാദ് ഫൊറൂഖിയാണ് വിവാദത്തിൽ അകപ്പെട്ടത്. ജവാദിനെ മത്സരിക്കാൻ അനുവദിച്ചതിനെതിരെ ഒപ്പം മത്സരിച്ച ദക്ഷിണ കൊറിയൻ താരമാണ് ഏറ്റവുമൊടുവിൽ രംഗത്തുവന്നത്.  ഇറാനിലെ ‘ഇസ്‍ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സി’ൽ അംഗമാണ് ജവാദ് എന്നാണ് ഈ താരത്തിന്റെ വിമർശനം. 2013 മുതൽ 2015 വരെ സിറിയയിൽ നഴ്സായി സേവനം ചെയ്തിട്ടുള്ള ജവാദ്, മെഡൽ നേട്ടത്തിനു പിന്നാലെ പോഡിയത്തിൽവച്ച് മിലിട്ടറി സല്യൂട്ട് അടിച്ചതും വാർത്തയായിരുന്നു.

ശനിയാഴ്ചയാണ് പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റളിൽ ജവാദ് സ്വർണം നേടിയത്. നഴ്സായ ജവാദിന്റെ സുവർണ നേട്ടം മാധ്യമങ്ങൾ വലിയ രീതിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ജോലി ചെയ്തിരുന്ന ആശുപത്രിയുടെ ബേസ്മെന്റിൽ വച്ചാണ് ആദ്യമായി എയർ പിസ്റ്റൾ ഉപയോഗിക്കുന്നതെന്ന് ജവാദ് വെളിപ്പെടുത്തിയതും വാർത്തകളിൽ ഇടംപിടിച്ചു. ഈ വർഷം നടന്ന ഷൂട്ടിങ് ലോകകപ്പിലും ഇതേയിനത്തിൽ ജവാദ് സ്വർണം നേടിയിരുന്നു. നിലവിൽ ലോക റാങ്കിങ്ങിൽ നാലാം സ്ഥാനക്കാരനാണ് 41കാരനായ ജവാദ്.

ടോക്കിയോ ഒളിംപിക്സിൽ മത്സരിച്ചശേഷം തിരികെ നാട്ടിലെത്തിയപ്പോഴാണ് ജവാദിനെ മത്സരിക്കാൻ അനുവദിച്ചതിനെ കൊറിയൻ താരമായ ജിൻ ജോങ് ഓഹ് വിമർശിച്ചത്. ഇഞ്ചിയോൺ വിമാനത്താവളത്തിൽ വച്ച് മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് താരം പരസ്യമായി വിമർശനം ഉയർത്തിയത്. ‘ഒളിംപിക്സിൽ ഒരു ഭീകരവാദിക്ക് എങ്ങനെയാണ് സ്വർണ മെഡൽ സമ്മാനിക്കുക? ഏറ്റവും വലിയ വിഡ്ഢിത്തമല്ലേ അത്?’ – ജിൻ ജോങ് ചോദിച്ചു.

2012ലെ ലണ്ടൻ ഒളിംപിക്സിൽ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണവും 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ വെള്ളിയും നേടിയ താരമാണ് ജിൻ ജോങ്. ടോക്കിയോ ഒളിംപിക്സിൽ അദ്ദേഹം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാനാകാതെ പുറത്തായിരുന്നു.

ഇറാനിയൻ താരത്തിന്റെ സുവർണ നേട്ടത്തിനു പിന്നാലെ അദ്ദേഹത്തിന്റെ രാജ്യത്തുനിന്നു തന്നെയുള്ള മനുഷ്യാവകാശ പ്രവർത്തകരും വിമർശനവുമായി രംഗത്തെത്തിയിരുന്നു. 

‘ഇറാനിയൻ താരം ജവാദ് ഫൊറൂഖിക്ക് ഒളിംപിക്സ് സ്വർണം സമ്മാനിച്ച നടപടി ഇറാനിയൻ കായിക ലോകത്തിനു മാത്രമല്ല, രാജ്യാന്തര സമൂഹത്തിനു തന്നെ മഹാവിപത്താണ്. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ യശസ്സിനും ഇതു മങ്ങലേൽപ്പിക്കുന്നു. 41കാരനായ ഫൊറൂഖി ദീർഘകാലമായി ഒരു ഭീകരവാദ സംഘടനയിൽ അംഗമാണ്’ – അവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

‘ഇയാൾക്ക് മത്സരിക്കാൻ അനുവാദം ലഭിച്ചത് എങ്ങനെ എന്ന കാര്യത്തിൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി അന്വേഷണം നടത്തണമെന്നണ് ഞങ്ങൾ ആവശ്യപ്പെടുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ മെഡൽ സമ്മാനിക്കാനും പാടില്ല’ – പ്രസ്താവന ആവശ്യപ്പെടുന്നു.

ഇറാനു പുറത്ത് ഷാഡോ മിഷനുമായി പ്രവർത്തിക്കുന്ന സംഘടനയാണ് ദ് ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ്. ആഭ്യന്തര പ്രശ്നങ്ങൾ അടിച്ചമർത്തുന്നതും ഇവരുടെ ദൗത്യത്തിന്റെ ഭാഗമാണ്. 2019ൽ യുഎസ് ഈ സംഘടനയെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഏതാണ്ട് 1,25,000 അംഗങ്ങളാണ് ഈ സംഘടനയിലുള്ളത്. ഇവർ ഭീകരർക്ക് ആയുധങ്ങൾ എത്തിക്കുന്നതായും ആയുധ പരിശീലനം നൽകുന്നതായും ആക്ഷേപമുണ്ട്. 1983ലെ യുഎസ് എംബസി ആക്രമണത്തിൽ ഇവർക്കു പങ്കുണ്ടെന്ന് വ്യക്തമായിരുന്നു.  

English Summary: 'How can a terrorist win gold at the Tokyo Olympics': Korean slams IOC over Iranian shooter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com