ADVERTISEMENT

ടോക്കിയോ∙ ഉദയസൂര്യന്റെ നാട്ടിൽ നടക്കുന്ന ഒളിംപിക്സിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായി ഉദിച്ചുയർന്ന് ഡിസ്കസ് ത്രോ താരം കമൽപ്രീത് കൗർ. മുൻപ് രാജ്യാന്തര വേദികളിൽ മത്സരിച്ച് അത്ര പരിചയമൊന്നുമില്ലാത്ത കൗർ, ടോക്കിയോയിൽ യോഗ്യതാ റൗണ്ടിൽ മത്സരിച്ച 31 താരങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയ പ്രകടനത്തോടെയാണ് ഇന്ത്യൻ മെഡൽ സ്വപ്നങ്ങളുടെ തലപ്പത്ത് എത്തിയത്. അവസാന ശ്രമത്തിൽ ഫൈനലിനുള്ള ഓട്ടോമാറ്റിക് യോഗ്യതാ മാർക്കായ 64 മീറ്റർ ദൂരം കണ്ടെത്താനും കൗറിനായി. ഓഗസ്റ്റ് രണ്ടിന് ടോക്കിയോയിൽ ഫൈനൽ പോരാട്ടം അരങ്ങേറുമ്പോൾ, കൗറിന്റെ കരങ്ങൾ മെഡലിലേക്ക് ഡിസ്കസ് പായിക്കുന്നത് കാത്ത് കോടിക്കണക്കിന് ആരാധകർ ഇങ്ങ് ഇന്ത്യയിൽ കാത്തിരിക്കും.

രണ്ടു ഗ്രൂപ്പുകളിലായി നടന്ന യോഗ്യതാ റൗണ്ടിൽ വെറ്ററൻ താരം സീമ പൂനിയയും കമൽപ്രീത് കൗറും ഇന്ത്യൻ പ്രതീക്ഷകളിലേക്ക് ഡിസ്കസ് പായിച്ചത്. ആദ്യം നടന്ന ഗ്രൂപ്പ് എയിലെ യോഗ്യതാ പോരാട്ടത്തിലാണ് സീമ പൂനിയ കളത്തിലിറങ്ങിയത്. പൂനിയയ്ക്ക് കണ്ടെത്താനായ ഏറ്റവും മികച്ച ദൂരം 60.57 മീറ്റർ. ഗ്രൂപ്പ് എയിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും ഗ്രൂപ്പ് ബിയിലെ യോഗ്യതാ മത്സരം കൂടി കഴിഞ്ഞാലേ ഫൈനൽ ചിത്രം വ്യക്തമാകുമായിരുന്നുള്ളൂ.

ഗ്രൂപ്പ് ബിയിൽ പക്ഷേ, കടുത്ത പോരാട്ടമായിരുന്നു. രണ്ടാം ശ്രമത്തിൽത്തന്നെ 63.97 മീറ്റർ ദൂരത്തേക്ക് ഡിസ്കസ് പായിച്ച കമൽപ്രീത് സിങ്, ഫൈനൽ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. അതിലും തൃപ്തയാകാതെ അവസാന ശ്രമത്തിൽ ഫൈനൽ യോഗ്യതയ്ക്കുള്ള 64 മീറ്റർ ദൂരത്തേക്ക് കമൽപ്രീത് കൗർ ഡിസ്കസ് പായിച്ചു. ഇതോടെ, യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിലും ബിയിലുമായി മത്സരിച്ച 31 താരങ്ങളിൽ ഏറ്റവും മികച്ച രണ്ടാമത്തെ ദൂരവും കമൽപ്രീതിന്റെ പേരിൽ കുറിക്കപ്പെട്ടു.

ലണ്ടൻ, റിയോ ഒളിംപിക്സുകളിൽ സ്വർണം നേടിയ ക്രോയേഷ്യൻ താരം സാന്ദ്ര പെർകോവിച്ചും ഇവിടെ യോഗ്യതാ റൗണ്ടിൽ കമൽപ്രീതിനു പിന്നിലാണ്. ടോക്കിയോയിൽ യോഗ്യതാ റൗണ്ടിൽ സാന്ദ്ര കുറിച്ച മികച്ച ദൂരമായ 63.75 മീറ്ററിനു മുകളിലാണ് ഇന്ത്യൻ താരം കമൽപ്രീത് കൗറിന്റെ രണ്ട് ശ്രമങ്ങളും.

നിലവിൽ ഡിസ്കസ് ത്രോയിൽ ഇന്ത്യൻ റെക്കോർഡ് ഇരുപത്തഞ്ചുകാരിയായ ഈ പഞ്ചാബി പെൺകുട്ടിയുടെ പേരിലാണ്. ഡിസ്കസ് ത്രോയിൽ 65 മീറ്റർ ദൂരം പിന്നിടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന റെക്കോർഡും കൗറിനു തന്നെ. ഈ വർഷം നാലു മാസത്തിനിടെ രണ്ടു തവണയാണ് കൗർ ദേശീയ റെക്കോർഡ് തിരുത്തിയത്. മാർച്ചിൽ ഫെഡറേഷൻ കപ്പിൽ 65.06 മീറ്റർ ദൂരം കണ്ടെത്തിയാണ് കൗർ ദേശീയ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. പിന്നീട് ഈ വർഷം ജൂണിൽ പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീ 4ൽ 66.59 മീറ്റർ ദൂരം കുറിച്ച് തന്റെ തന്നെ റെക്കോർഡ് പുതുക്കി!

ദേശീയ റെക്കോർഡ് തിരുത്തിയ കമൽപ്രീത് സിങ്ങിനാണ് പൂനിയയേക്കാൾ മെഡൽ സാധ്യതയെന്ന് രണ്ടു ദിവസം മുൻപു തന്നെ ദ്രോണാചാര്യ പുരസ്കാര ജേതാവായ പരിശീലകൻ  വീരേന്ദ്ര പൂനിയ പ്രവചിച്ചിരുന്നു. അതേസമയം, കോൺവെൽത്ത് ഗെയിംസിലോ ഏഷ്യൻ ഗെയിംസിലോ ഒളിംപിക്സിലോ മത്സരിച്ച മുൻപരിചയമില്ലാത്തത് താരത്തിന് തിരിച്ചടയായേക്കാമെന്ന മുന്നറിയിപ്പും വീരേന്ദ്ര പൂനിയ നൽകുന്നു.

‘ഇന്ത്യയിൽവച്ച് ദേശീയ റെക്കോർഡ് കുറിച്ച ദൂരമായ 66.59 മീറ്റർ പ്രകടനം ടോക്കിയോയിൽ ആവർത്തിക്കാൻ കഴിഞ്ഞാൽ കമൽപ്രീതിന് മെഡൽ ഉറപ്പാണ്. മുന്നോട്ടു പോകുന്തോറും സ്വന്തം പ്രകടനം മെച്ചപ്പെടുത്തുന്നതാണ് കമൽപ്രീതിന്റെ രീതി. മാർച്ചിൽ 65.06 മീറ്റർ ദൂരം കുറിച്ച് റെക്കോർഡിട്ട കൗർ, ജൂണിൽ അത് 66.59 മീറ്ററാക്കി മെച്ചപ്പെടുത്തി. അത് ശുഭസൂചനയാണ്’ – വീരേന്ദ്ര പൂനിയ പറയുന്നു.

‘രാജ്യാന്തര വേദിയിൽ മുൻപരിചയമില്ലാതെ ഒളിംപിക്സിൽ മെഡൽ നേടിയ ചുരുക്കം താരങ്ങളേ ഉള്ളൂ. കോമൺവെൽത്ത് ഗെയിംസിലോ ഏഷ്യൻ ഗെയിംസിലോ ഒളിംപിക്സിലോ ഒന്നും മുൻപരിചയമില്ലാത്തതാണ് കൗറിന്റെ ഏറ്റവും വലിയ മൈനസ് പോയിന്റ്’ – വീരേന്ദ്ര പൂനിയ ചൂണ്ടിക്കാട്ടി.

പട്യാലയിൽ നടന്ന നാഷനൽ ഇന്റർ–സ്റ്റേറ്റ് ചാംപ്യൻഷിപ്പിൽ 63.72 മീറ്റർ ദൂരം കണ്ടെത്തിയാണ് 38കാരിയായ സീമ ഒളിംപിക്സിന് യോഗ്യത നേടിയത്. തുടർച്ചയായ നാലാം ഒളിംപിക്സിൽ പങ്കെടുക്കുന്ന സീമ, ഇവിടെ 60.57 മീറ്റർ ദൂരം കണ്ടെത്തി യോഗ്യതാ റൗണ്ടിൽ 16–ാം സ്ഥാനത്തായി. ആദ്യ 12 പേരാണ് ഓഗസ്റ്റ് രണ്ടിന് ഫൈനലിൽ മത്സരിക്കുക.

English Summary: Kamalpreet Kaur qualifies for discus throw final at Tokyo Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com