ADVERTISEMENT

ടോക്കിയോ ∙ ഒളിംപിക്സിനെത്തിയ ബെലാറൂസ് താരം നാട്ടിലേക്കു മടങ്ങാതെ ടോക്കിയോയിലെ പോളണ്ട് എംബസിയിൽ അഭയം തേടി. താരത്തിനു പോളണ്ട് വീസ അനുവദിക്കുകയും ചെയ്തു. വനിതാ സ്പ്രിന്റർ ക്രിസ്റ്റ്സിന സിമാനൊസ്കായയാണു നാട്ടിലേക്കു മടങ്ങാൻ വിസമ്മതിച്ചത്. 200 മീറ്റർ ഹീറ്റ്സിൽ പങ്കെടുക്കേണ്ടിയിരുന്ന തന്നെ നാട്ടിലേക്കു മടങ്ങാൻ നിർബന്ധിക്കുകയായിരുന്നെന്ന് ഇരുപത്തിനാലുകാരിയായ താരം പറഞ്ഞു. ക്രിസ്റ്റ്സിനയ്ക്ക് സ്പോർട്സ് കരിയർ തുടരാനാവശ്യമായ എല്ലാ സഹായവും പോളണ്ട് നൽകുമെന്ന് വിദേശകാര്യ സഹമന്ത്രി മാർസിൻ പൈഡാക്സ് അറിയിച്ചു.

പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുടെ ഭരണത്തിനെതിരെ ബെലാറൂസിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു സംഭവം. 1994 മുതൽ ഭരണത്തിലുള്ള ലുകാഷെങ്കോയ്‌ക്കെതിരെ കുറച്ചുനാളായി നാട്ടിൽ പ്രതിഷേധം ശക്തമാണ്. രാജ്യത്തെ കായിക താരങ്ങളിൽ ചിലരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ടോക്കിയോയിലെ നാടകീയ സംഭവങ്ങൾ.

ദേശീയ ടീം പരിശീലകർക്കെതിരെ ക്രിസ്റ്റ്സിന പരസ്യമായി വിമർശനം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതോടെ താരത്തെ നാട്ടിലേക്ക് മടക്കി അയയ്ക്കാൻ ടീം അധികൃതർ നിർബന്ധപൂർവം വിമാനത്താവളത്തിൽ എത്തിച്ചു. എന്നാൽ, വിമാനത്തിൽ കയറാൻ വിസമ്മതിച്ച ക്രിസ്റ്റ്സിന ജപ്പാൻ പൊലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് അവർ പോളണ്ട് എംബസിയിൽ അഭയം തേടി.

അതേസമയം, ക്രിസ്റ്റ്സിനയുടെ മാനസിക നിലയിൽ പ്രശ്നങ്ങളുള്ളതിനാൽ ടീം ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് താരത്തെ മത്സരിക്കുന്നതിൽനിന്ന് വിലക്കിയതെന്ന് ബെലാറൂസ് ഒളിംപിക് കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

English Summary: Belarusian sprinter refuses to leave Tokyo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com