ADVERTISEMENT

ടോക്കിയോ ∙ ഒളിംപിക്സ് പുരുഷ ഹോക്കിയിൽ പ്രതാപകാലത്തിന്റെ ഓർമകളുണർത്തിയ വിസ്മയക്കുതിപ്പിനുശേഷം ഇന്ത്യയ്ക്ക് സെമിയിൽ തോൽവി. ലോക രണ്ടാം നമ്പർ ടീമും യൂറോപ്യൻ ചാംപ്യൻമാരുമായ ബൽജിയമാണ് സെമിയിൽ ഇന്ത്യയെ തോൽപ്പിച്ചത്. പൊരുതിക്കളിച്ച ഇന്ത്യയെ രണ്ടിനെതിരെ അഞ്ചു ‌ഗോളുകൾക്കാണ് ബൽജിയം തോൽപ്പിച്ചത്. ഹാട്രിക് നേടിയ അലക്സാണ്ടർ ഹെൻഡ്രിക്സിന്റെ തകർപ്പൻ പ്രകടനമാണ് ബൽജിയത്തിന് വിജയം സമ്മാനിച്ചത്. 19, 49, 53 മിനിറ്റുകളിലായിരുന്നു ഹെൻഡ്രിക്സിന്റെ ഗോളുകൾ. ഇതോടെ ടോക്കിയോ ഗെയിംസിൽ ഹെൻഡ്രിക്സിന്റെ ഗോൾനേട്ടം 14 ആയി ഉയർന്നു.

ബൽജിയത്തിന്റെ ആദ്യ ഗോൾ രണ്ടാം മിനിറ്റിൽ ലോയിക് ലുയ്പേർട്ടും അഞ്ചാം ഗോൾ 59–ാം മിനിറ്റിൽ ജോൺ ദോമനും നേടി. ഹർമൻപ്രീത് സിങ് (ഏഴ്), മൻദീപ് സിങ് (എട്ട്) എന്നിവരുടെ വകയാണ് ഇന്ത്യയുടെ ഗോളുകൾ. തുടർച്ചയായി പെനൽറ്റി കോർണറുകൾ വഴങ്ങി ഇന്ത്യ വരുത്തിയ പിഴവാണ് ബൽജിയത്തിന് മികച്ച വിജയം സമ്മാനിച്ചത്. ബൽജിയം നേടിയ ആദ്യ നാലു ഗോളുകളും പെനൽറ്റി കോർണറുകളിൽനിന്നായിരുന്നു.

സുവർണ, വെള്ളി പ്രതീക്ഷകൾ അസ്തമിച്ച ഇന്ത്യയ്ക്ക് ഇനി വെങ്കലത്തിനായി മത്സരിക്കാം. എട്ടു സ്വർണമടക്കം 11 ഒളിംപിക് മെഡലുകൾ നേടിയ ചരിത്രമുള്ള ഇന്ത്യയ്ക്ക് ഇതോടെ ഒൻപതാം സ്വർണത്തിനായി ഇനിയും നാലു വർഷം കൂടി കാത്തിരിക്കണം. 1980ലെ മോസ്കോ ഒളിംപിക്സിലാണ് പുരുഷ ഹോക്കിയിൽ ഇന്ത്യ അവസാനം സ്വർണമണിഞ്ഞത്. ഹോക്കിയിൽ അവസാനം ലഭിച്ച മെഡലും ഇതു തന്നെ. ഓസ്ട്രേലിയ – സ്പെയിൻ രണ്ടാം സെമി ഫൈനൽ വിജയികളാണ് ഫൈനലിൽ ബൽജിയത്തിന്റെ എതിരാളികൾ. തോൽക്കുന്നവരുമായി ഇന്ത്യയ്ക്ക് വെങ്കലമെഡൽ പോരാട്ടം.

ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരും യൂറോപ്യൻ ചാംപ്യൻമാരുമായ ബൽജിയത്തിനെതിരെ കടുത്ത പോരാട്ടമാണ് ഇന്ത്യൻ താരങ്ങൾ കാഴ്ചവച്ചത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽത്തന്നെ ലീഡ് നേടിയ ബൽജിയത്തിനെതിരെ ആദ്യ ക്വാർട്ടറിൽതന്നെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് ഇന്ത്യ തിരികെ കയറിയത്. എന്നാൽ, രണ്ടാം ക്വാർട്ടറിലും നാലാം ക്വാർട്ടറിലുമായി അല്കസാണ്ടർ ഹെൻഡ്രിക്സ് ഹാട്രിക്കുമായി മിന്നിയതോടെ ഇന്ത്യ പിന്നിലായി. അവസാന നിമിഷങ്ങളിൽ ഗോൾകീപ്പർ ശ്രീജേഷിനെ പിൻവലിച്ച് ഒരു ഔട്ട്ഫീൽഡ് താരത്തെ അധികമായി ഇറക്കിയ ഇന്ത്യയുടെ ചൂതാട്ടത്തിന് തിരിച്ചടിയായി 59–ാം മിനിറ്റിൽ ബൽജിയം വക അഞ്ചാം ഗോളും.

നേരത്തെ, ക്വാർട്ടറിൽ ബ്രിട്ടനെ 3–1നു തകർത്താണ് ഇന്ത്യൻ ടീം സെമിയിലെത്തിയത്. ഗ്രൂപ്പ് മത്സരങ്ങളിൽ ഓസ്ട്രേലിയയോട് 7–1ന്റെ കൂറ്റൻ തോൽവി വഴങ്ങിയെങ്കിലും ബാക്കി നാലു മത്സരങ്ങളും ജയിച്ചായിരുന്നു ക്വാർട്ടർ പ്രവേശം.

ബൽജിയത്തിനെതിരെ അടുത്ത കാലത്ത് പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളിൽ ഇന്ത്യയ്ക്കായിരുന്നു മേധാവിത്വം. ഇതിനു മുൻപ് കണ്ടുമുട്ടിയ അവസാനത്തെ 5 കളികളിൽ നാലിലും ഇന്ത്യയാണു ജയിച്ചത്. കഴിഞ്ഞ മാ‍ർച്ചി‍ൽ ഏറ്റവും അവസാനം കണ്ടുമുട്ടിയപ്പോൾ ഇന്ത്യ 3–2നു ജയിച്ചു. എന്നാൽ, കഴിഞ്ഞ ഒളിംപിക്സിൽ 3–1ന് ബൽജിയത്തിനായിരുന്നു വിജയം. ഇതിന്റെ തുടർച്ചയായി ടോക്കിയോയിലും അവർക്ക് വിജയത്തോടെ ഫൈനൽ പ്രവേശം.

English Summary: India vs Belgium Men's Hockey Semifinal Live Score, Tokyo Olympics 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com