ADVERTISEMENT

ടോക്കിയോ ∙ ഓസ്ട്രേലിയയ്ക്കെതിരെ അവിസ്മരണീയ വിജയത്തിനു ശേഷം ഇന്ത്യൻ വനിതാ ഹോക്കി ടീമിനൊപ്പം ബസിൽ മടങ്ങുന്ന ചിത്രം ട്വീറ്റ് ചെയ്ത പരിശീലകൻ സ്യോർദ് മാരിൻ കുറിച്ച വാക്കുകൾ വൈറൽ. ഒളിംപിക്സ് ക്വാർട്ടറിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യൻ ടീം സെമിയിൽ കടന്നതിനു പിന്നാലെയാണ് മാരിൻ ട്വിറ്ററിൽ പോസ്റ്റിട്ടത്. ഇന്ത്യൻ താരങ്ങൾക്കൊപ്പം ടീം ബസിൽ മടങ്ങുന്ന ചിത്രം സഹിതം കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്ത് മാരിന്റെ വാക്കുകൾ ഇങ്ങനെ: ‘സോറി, ഞാൻ പെട്ടെന്നു വീട്ടിലേക്കു വരുന്നില്ല..’.

ക്വാർട്ടർ ഫൈനലിൽ ലോക രണ്ടാം നമ്പർ ടീമായ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ അപ്രതീക്ഷിത വിജയം കുറിച്ച സാഹചര്യത്തിലായിരുന്നു. ‘ഉടനെ വീട്ടിലേക്കു വരുന്നില്ല’ എന്ന മാരിന്റെ വാക്കുകൾ. ഈ ട്വീറ്റിനു പുറമെ ഇന്ത്യൻ വിജയത്തിനുശേഷം പ്രിയപ്പെട്ടവരെ വിഡിയോ കോൾ വിളിച്ച് കണ്ണീരോടെ ആഹ്ലാദം പങ്കുവയ്ക്കുന്ന മുൻ നെതർലൻഡ്സ് താരം കൂടിയായ മാരിന്റെ വിഡിയോയും ആരാധകർ ഏറ്റെടുത്തു.

ഇതിനിടെ, മാരിന്റെ ട്വീറ്റിന് മറുപടിയുമായി നടൻ ഷാരൂഖ് ഖാൻ രംഗത്തെത്തിയത് രസകരമായി. ‘നോ പ്രോബ്ലം. വരുന്ന വഴി സ്വർണവും കൊണ്ടു വരിക. നൂറു കോടി കുടുംബാംഗങ്ങൾക്കു വേണ്ടി. എന്ന് മുൻ കോച്ച് കബീർ ഖാൻ’’– ചിത്രം റീട്വീറ്റ് ചെയ്ത് ഷാറൂഖ് കുറിച്ചു. ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കഥ പറയുന്ന ‘ചക്ദേ ഇന്ത്യ’ എന്ന സിനിമയിൽ താൻ അഭിനയിച്ച കേന്ദ്രകഥാപാത്രം പരിശീലകൻ കബീർ ഖാന്റെ ഓർമയിലായിരുന്നു ഷാറൂഖിന്റെ ട്വീറ്റ്.

‘എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി. ജയിക്കാൻ വേണ്ടതെല്ലാം ഇനിയും ഞങ്ങൾ ചെയ്യും– യഥാർഥ കോച്ച്..’ – ഇതായിരുന്നു മാരിന്റെ മറുപടി.

English Summary: Shah Rukh Khan reacts to coach Sjoerd Marijne tweet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com