sections
MORE

അഭിനന്ദിക്കാൻ വിളിച്ച പ്രധാനമന്ത്രിക്കു മുന്നിൽ കണ്ണീരണിഞ്ഞ് താരങ്ങൾ- വിഡിയോ

women-hockey-team-modi
പ്രധാനമന്ത്രിയുമായി സംസാരിക്കുന്നതിനിടെ വിതുമ്പുന്ന താരങ്ങൾ (ട്വിറ്റർ ചിത്രം)
SHARE

ടോക്കിയോ∙ ഒളിംപിക്സ് വനിതാ ഹോക്കിയിൽ കന്നി മെഡലെന്ന ചരിത്രനേട്ടം കൈവിട്ടതിനു പിന്നാലെ ആശ്വസിപ്പിക്കാൻ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ കണ്ണീരണിഞ്ഞ് ഇന്ത്യൻ താരങ്ങൾ. ബ്രിട്ടനെതിരായ വെങ്കല മെഡൽ പോരാട്ടത്തിൽ തോറ്റതിനു പിന്നാലെയാണ് ഇന്ത്യൻ ടീമിന്റെ പോരാട്ട വീര്യത്തെ അഭിനന്ദിച്ചും കണ്ണീരണിഞ്ഞ താരങ്ങളെ ആശ്വസിപ്പിച്ചും പ്രധാനമന്ത്രി ഫോണിൽ വിളിച്ചത്. ടോക്കിയോ ഒളിംപിക്സിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യ സെമിയിൽ കടന്നിരുന്നു. അവിടെ അർജന്റീനയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റതോടെയാണ് വെങ്കല മെഡൽ പോരാട്ടത്തിൽ ബ്രിട്ടനെതിരെ കളത്തിലിറങ്ങിയത്. അവസാന നിമിഷം വരെ പൊരുതിയെങ്കിലും മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രിട്ടൻ ഇന്ത്യയെ തോൽപ്പിച്ചത്.

‘നിങ്ങളെല്ലാവരും നന്നായിത്തന്നെ കളിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി മറ്റെല്ലാം പരിത്യജിച്ച് രാജ്യത്തിനായി മെഡൽ നേടാൻ നിങ്ങൾ അധ്വാനിക്കുകയായിരുന്നു. നിങ്ങളുടെ അധ്വാനം മെഡൽ നേട്ടത്തിലെത്തിയില്ലെങ്കിലും നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് പെൺകുട്ടികൾക്ക് അതൊരു പ്രചോദനമാണ്. പരിശീലകൻ സ്യോർദ് മാരിനും നിങ്ങൾക്കോരോരുത്തർക്കും അഭിനന്ദനങ്ങൾ’ – പ്രധാനമന്ത്രി പറഞ്ഞു.

മികച്ച പ്രകടനം കാഴ്ചവച്ച ചില താരങ്ങളുടെ പേരെടുത്തു പ്രശംസിക്കാനും പ്രധാനമന്ത്രി മടിച്ചില്ല. ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്കായി ആദ്യ ഹാട്രിക്ക് നേടിയ വന്ദന കടാരിയ, സലീമ ടിറ്റെ തുടങ്ങിവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ടൂർണമെന്റിലാകെ നാലു ഗോളുകൾ നേടിയ കടാരിയയുടെ കുടുംബത്തെ, സെമി ഫൈനൽ തോൽവിക്കു പിന്നാലെ ഒരു വിഭാഗം ആളുകൾ ജാതീയമായി അധിക്ഷേപിച്ചത് വിവാദമായിരുന്നു.

‘വന്ദന ഉൾപ്പെടെ എല്ലാവരും നന്നായി കളിച്ചു. സലീമയുടെ പ്രകടനവും കൊള്ളാം’ – മോദി പറഞ്ഞു. ഫോൺ വിളിക്കിടെ വിതുമ്പിയ താരങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.

‘ദയവു ചെയ്ത് കരയരുത്. നിങ്ങളുടെ ഈ നേട്ടത്തിൽ രാജ്യമാകെ അഭിമാനിക്കുകയാണ്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷം ഹോക്കിയിൽ ഇന്ത്യ അഭിമാനാർഹമായ നേട്ടം കൈവരിച്ചിരിക്കുന്നു. നമ്മുടെ ഹോക്കി ടീം പുനർജനിച്ചിരിക്കുന്നു. നിങ്ങളുടെ അധ്വാനമാണ് ഈ നേട്ടത്തിന് കാരണം’ – പ്രധാനമന്ത്രി പറഞ്ഞു.

മത്സരത്തിനിടെ പരുക്കേറ്റ നവ്നീത് കൗറിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും അദ്ദേഹം പ്രത്യേകം അന്വേഷിച്ചു. നവ്നീത് കൗറിന് നാലു തുന്നലുകൾ വേണ്ടിവന്നതായി ടീം ക്യാപ്റ്റൻ റാണി രാംപാൽ പ്രധാനമന്ത്രിയെ അറിയിച്ചു.

പരിശീലകൻ സ്യോർദ് മാരിനെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ‘താങ്കൾ കഴിവിന്റെ പരമാവധി ശ്രമിച്ചു. താങ്കൾ എങ്ങനെയാണ് ഈ ടീമിനെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തെന്ന് ഞാൻ കണ്ടു. പ്രത്യേകം നന്ദി. ഭാവിയിലേക്ക് എല്ലാവിധ ആശംസകളും’ – പ്രധാനമന്ത്രി പറഞ്ഞു.

സ്യോർദ് മാരിന്റെ മറുപടി ഇങ്ങനെ: അഭിനന്ദനങ്ങൾക്ക് നന്ദി സർ. നമ്മുടെ കുട്ടികൾ അൽപം വിഷമത്തിലാണ്. ഈ നേട്ടത്തിൽ അഭിമാനിക്കുകയാണ് വേണ്ടതെന്ന് ഞാൻ അവരെ ഓർമിപ്പിക്കുന്നുണ്ട്.’

English Summary: Indian women's hockey team breaks down while talking to Prime Minister Narendra Modi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA