ADVERTISEMENT

കാർസ്റ്റൺ വാർഹോമിന്റെ ഒളിംപിക്സ് റെക്കോർഡിൽ എഫ്‌വൺ വമ്പൻമാരായ മെഴ്സിഡീസിന് അഭിമാനിക്കാനെന്തിരിക്കുന്നു? ഈയിടെ സമാപിച്ച ടോക്കിയോ ഒളിംപിക്സിൽ 400 മീറ്റർ ഹർഡിൽസിലെ പുരുഷവിഭാഗം ജേതാവാണു നോർവേക്കാരനായ കാർസ്റ്റൻ വാർഹോം. പ്യൂമയ്ക്കൊപ്പം മെഴ്സിഡീസും ചേർന്നാണു കാർസ്റ്റന്റെ റണ്ണിങ് ഷൂസ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഷൂസിന്റെ മുകൾഭാഗത്തു കാർബൺ ഫൈബർ നൂലുകളും സോളിൽ കാർബൺ പ്ലേറ്റും ചേർത്താണു ഷൂസ് നിർമിച്ചിരിക്കുന്നത്. ഒരു ഷൂവിന്റെ ഭാരം 135 ഗ്രാം മാത്രം. ഷൂസിന്റെ ഡിസൈനിങ്ങിൽ നോർവേക്കാരനായ കാർസ്റ്റൺ വാർഹോമും കോച്ച് ലീഫ് ഒലാസ് ആൽനെസും സഹായികളായിരുന്നു. പുതിയ ലോക, ഒളിംപിക്സ് റെക്കോർഡുകൾ തന്നെയായിരുന്നു ഇരുവരുടെയും ലക്ഷ്യം. 45.94 സെക്കൻഡിൽ 400 മീറ്റർ ഹർഡിൽസ് ചെയ്തു തീർത്ത വാർഹോം പുതിയ ഒളിംപിക് റെക്കോർഡിനും ലോക റെക്കോർഡിനും ഉടമയായി.

ട്രാക്ക് സ്പൈക്കുകൾ കുതിച്ചോടാൻ താരത്തെ സഹായിക്കുന്നതാകണം, റേസിങ് കാറുകൾ കുതിക്കും പോലെ – മെഴ്സിഡീസ് ടീം തലവൻ ടോട്ടോ വുൾഫ് പറയുന്നു. ഒരു മത്സരക്കാർ നിർമിക്കാനും റണ്ണിങ് ഷൂസ് നിർമിക്കാനും മികച്ച എൻജിനീയറിങ്ങിന്റെ സഹായം വേണം. 

∙ സൂപ്പർ ഷൂസ് ട്രാക്ക് കയ്യടക്കുന്നു

വാർഹോമിന്റെ വിജയത്തിനു ശേഷം ഉയർന്ന വിലയിരുത്തൽ ഇങ്ങനെ: വാർഹോം മികച്ച അത്‌ലീറ്റാണ്. എന്നാൽ, ഈ വിജയത്തിൽ സാങ്കേതികവിദ്യയുടെ  മികവാണു മുൻപിൽ. വായുവിലൂടെ നടക്കും പോലെയാണു ട്രാക്കിലൂടെ ഇത്തരം ഷൂസിട്ട ഓട്ടം. സൂപ്പർ ഷൂസ് അത്‌ലറ്റിക്സിൽ സൂപ്പർതാരമായതു പെട്ടെന്നല്ല. എലിഡ് കിപ്ചോഗി 2 മണിക്കൂറിൽ താഴെ മാരത്തൺ ഓടിത്തീർത്തു ലോക റെക്കോർഡിട്ടപ്പോൾ മുതൽ ഓട്ടത്തിൽ സാങ്കേതികവിദ്യയുടെ അമിത ഇടപെടൽ വാർത്തയായിരുന്നു.

നൈക്കിയുടെ റണ്ണിങ് ഷൂസുകൾ ഇത്തരത്തിൽ താരങ്ങൾക്ക് ‘എക്സ്ട്രാ മൈൽ’ സമ്മാനിക്കുന്നു എന്ന ചിന്ത മറ്റു ഷൂ ബ്രാൻഡുകൾക്കും വാശി കയറ്റി. അങ്ങനെയാണു പ്യൂമയുടെ പുതിയ പരീക്ഷണം മെഴ്സിഡീസിന്റെ സഹായത്തോടെ വാർഹോമിന്റെ കാൽ സ്വർണമാക്കിയത്.

കാർബൺ പ്ലേറ്റ് പിടിപ്പിച്ചിട്ടുണ്ടെങ്കിലും എതിരാളിയായ ബെഞ്ചമിന്റെ ഷൂസിന്റെ ഇന്നർ സോളിനേക്കാൾ വളരെ നേരിയതായിരുന്നു വാർഹോമിന്റേത്. എന്നാൽ, മത്സരശേഷം വാർഹോമിന്റെ രോഷം ബെഞ്ചമിനോടായിരുന്നു. കാരണമെന്തെന്നല്ലേ, കാർബൺ പ്ലേറ്റ് പിടിപ്പിച്ച സ്പൈക്ക് ഉപയോഗിച്ചാണത്രെ ബെഞ്ചമിൻ ഓടിയത്. 

∙ ദീർഘദൂരത്തിൽ നിന്ന് സ്പ്രിന്റിലേക്കും

ദീർഘദൂര റോഡ് റേസുകളിലാണു സാധാരണ കാർബൺ പ്ലേറ്റ് ഘടിപ്പിച്ച കനമുള്ള സോളുള്ള റണ്ണിങ് ഷൂസുകൾ ഉപയോഗിച്ചിരുന്നത്. ഇപ്പോഴതു സ്റ്റേഡിയങ്ങളിലെ ട്രാക്കുകളിൽ നടക്കുന്ന സ്പ്രിന്റ് ഇനങ്ങൾക്കു അത്‌ലീറ്റുകൾ ഉപയോഗിക്കുന്ന സ്പൈക്കുകളിലും പ്രയോഗത്തിൽ വന്നിരിക്കയാണ്. ചുരുക്കത്തിൽ, അത്‌ലീറ്റിന്റെ കഴിവിനു നല്ലൊരു പുഷ് കൊടുക്കാൻ ഇത്തരം ഷൂസുകൾക്കാകുന്നു. കാലം കാത്തിരിക്കുന്നതു സ്പൈക്കുകൾ തമ്മിലുള്ള മത്സരത്തിനായിരിക്കും. 

English Summary: Shoe technology hurting athletes' credibility, says Karsten Warholm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com