ADVERTISEMENT

നയ്‌റോബി∙ അണ്ടർ 20 ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗം ലോങ് ജംപിൽ ഇന്ത്യയുടെ ശൈലി സിങ്ങിനു വെള്ളി. 6.59 മീറ്റർ ദൂരം ചാടി വെള്ളി മെഡൽ സ്വന്തമാക്കിയ 17കാരി ശൈലിക്ക് ഒരു സെന്റീമീറ്ററിന്റെ വ്യത്യാസത്തിലാണു സ്വർണം നഷ്ടമായത്. സ്വീഡന്റെ മാജ അസ്കാഗിനാണ് (6.60 മീറ്റർ) സ്വർണം.

2 വെള്ളിയും ഒരു വെങ്കലവും അടക്കം 3 മെഡൽ നേടിയ ഇന്ത്യ ചാംപ്യൻഷിപ്പിൽ 22–ാം സ്ഥാനത്തു ഫിനിഷ് ചെയ്തു. അതിഥേയരായ കെനിയ (8 സ്വർണം, 1 വെള്ളി 7 വെങ്കലം) ഒന്നാമതെത്തിയപ്പോൾ ഫിൻലൻഡ് രണ്ടും (4 സ്വർണം, 1 വെള്ളി), നൈജീരിയ മൂന്നും (4 സ്വർണം 3 വെങ്കലം) സ്ഥാനങ്ങളിലെത്തി. 

ആദ്യ രണ്ടു ശ്രമങ്ങളിലും 6.34 മീറ്റർ വീതം ദൂരം കണ്ടെത്തിയ ശൈലി മൂന്നാമത്തെ ചാട്ടത്തിൽ ദേശീയ ജൂനിയർ റെക്കോർഡോടെ (6.59) ലീഡ് നേടിയതാണ്. എന്നാൽ നാലാമത്തെ ചാട്ടത്തിൽ സ്വീഡിഷ് താരം 6.60 മീറ്റർ കണ്ടെത്തിയതോടെ ഒരു സെന്റീമീറ്ററിന്റെ വ്യത്യാസത്തിൽ ഇന്ത്യയ്ക്കു സ്വർണം നഷ്ടമാകുകയായിരുന്നു. 

ബെംഗളൂരുവിലെ അഞ്ജു ബോബി ജോർജ് അക്കാദമിയിലാണു ശൈലിയുടെ പരിശീലനം. അഞ്ജുവിന്റെ ഭർ‌ത്താവു ബോബി ജോർജ് പരിശീലിപ്പിക്കുന്ന താരമായ ശൈലി മുൻപു പലവട്ടവും ദേശീയ ജൂനിയർ റെക്കോർഡ് ഭേദിച്ചിട്ടുണ്ട്. 6.48 മീറ്ററായിരുന്നു ഇതിനു മുൻപു ശൈലിയുടെ ഏറ്റവും മികച്ച ദൂരം. 

ഭാവിയിൽ ഇന്ത്യയ്ക്ക് ഒട്ടേറെ മെഡലുകൾ നേടിത്തരാൻ സാധ്യതയുള്ള താരമായി അഞ്ജുതന്നെ ശൈലിയെ വിലയിരുത്തിയിട്ടുണ്ട്. ശനിയാഴ്ച 10,000 മീറ്റർ നടത്തത്തിൽ അമിത് ഖത്രി ഇന്ത്യയ്ക്കായി വെള്ളിയും 4x 400 മീറ്റർ മിക്സഡ് റിലേ ടീം വെങ്കലവും നേടിയിരുന്നു. 

English Summary: World Athletics U20 Championships: Shaili Singh Wins Silver Medal In Women's Long Jump, India Finishes With 3 Medals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com