ADVERTISEMENT

രണ്ട് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പുകളിൽ മെഡൽ നേട്ടത്തിനു താരങ്ങളെ ഒരുക്കിയ ആദ്യ ഇന്ത്യൻ പരിശീലകനായി റോബർട്ട് ബോബി ജോർജ്

2017ലെ ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ലോങ്ജംപിൽ പതിനെട്ടാം സ്ഥാനത്തെത്തിയ 13 വയസ്സുകാരിയെ തങ്ങളുടെ അക്കാദമിയിലേക്കു തിരഞ്ഞെടുക്കുമ്പോൾ ഒരു പരിശീലകന്റെ ദീർഘവീക്ഷണവും ആത്മവിശ്വാസവും മാത്രമായിരുന്നു റോബർട്ട് ബോബി ജോർജിന്റെ കൈമുതൽ. 2003ൽ തന്റെ ഭാര്യ അഞ്‌ജു ബോബി ജോർജിനെ ലോക ചാംപ്യൻഷിപ് മെഡൽ നേട്ടത്തിന് അർഹയാക്കി ചരിത്രമെഴുതിയ റോബർട്ട് ബോബി ഇപ്പോഴിതാ അണ്ടർ 20 ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ശൈലി സിങ്ങിനെ വിജയപീഠം കയറ്റി അപൂർവ റെക്കോർഡിൽ നിൽക്കുന്നു. യശ്ശശരീനായ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ ഇളയസഹോദരനാണ് ബോബി.

ബെംഗളൂരുവിലെ അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷനിൽ പരിശീലിക്കുന്ന പതിനേഴുകാരിയായ ശൈലിയുടെ കുതിപ്പ് പടിപടിയായിരുന്നുവെന്ന് അഞ്‌ജുവും ബോബിയും പറയുന്നു. 2017ൽ 4.50 മീറ്റർ മാത്രം ചാടിയിരുന്ന ശൈലിയുടെ പേരിലാണ് ഇപ്പോൾ അണ്ടർ 16, 18, 20 പ്രായവിഭാഗങ്ങളിലെ ദേശീയ റെക്കോർഡ്. 'കോച്ചിന്റെ വാക്കുകൾക്കു പൂർണമായും ചെവികൊടുക്കുന്ന, വിജയത്തിനായി ആത്മാർഥതയോടെ അധ്വാനിക്കുന്ന അത്‌ലീറ്റ്’ - ശൈലിയെപ്പറ്റി അഞ്‌ജു പറയുന്നു.

യുപിയിലെ ത്സാൻസിയിൽ തയ്യൽക്കാരിയുടെ മകളായി കഷ്ടതകൾക്കു നടുവിൽ പിറന്ന ശൈലിക്ക് അത്‌ലറ്റിക്സ് വിനോദമല്ല; ജീവിതമാണ്. 2 വർഷമായി ശൈലി വീട്ടിലേക്കു പോയിട്ട്. ബെംഗളൂരുവിലെ തങ്ങളുടെ വീടിനു തൊട്ടപ്പുറത്തുള്ള വീട്ടിൽ ശൈലിക്കു താമസവും ഭക്ഷണവും ഒരുക്കിയ അഞ്‌ജുവും ബോബിയും കുടുംബത്തിന്റെ അസാന്നിധ്യം കുട്ടിയെ അറിയിച്ചതേയില്ല.

1998ൽ ദേശീയ ക്യാംപിലെ പരിശീലകർ കൈവിട്ടപ്പോഴാണ് അഞ്‌ജുവിന്റെ ശിക്ഷണം ബോബി ഏറ്റെടുത്തത്. മെക്കാനിക്കൽ എൻജിനീയറായ ട്രിപ്പിൾ ജംപ് ചാംപ്യൻ സ്വന്തം കരിയർ വേണ്ടെന്നു വച്ചെങ്കിലും അഞ്‌ജുവിലൂടെ ലോക മെഡലുകൾ ഇന്ത്യയ്ക്കു സമ്മാനിച്ചു. ഇപ്പോഴിതാ ശൈലിയിലൂടെ അതു തുടരുന്നു...

English Summary: Shaili Singh's coach Robert Bobby George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com