ADVERTISEMENT

ടോക്കിയോ ∙ ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ലോകകായികമേളയായ പാരാലിംപിക്സിന് ഇന്നു തുടക്കമാകാനിരിക്കെ, ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തേണ്ട ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു ക്വാറന്റീനിൽ. ടോക്കിയോയിലേക്കുള്ള യാത്രയിൽ വിമാനത്തിൽവച്ച് കോവിഡ് ബാധബാധിതനുമായി സമ്പർക്കമുണ്ടായെന്ന സംശയത്തെ തുടർന്നാണ് താരം ക്വാറന്റീനിൽ പ്രവേശിച്ചത്. റിയോ പാരാലിംപിക്സിൽ ഹൈജംപിൽ സ്വർണം നേടിയ താരമാണ് മാരിയപ്പൻ തങ്കവേലു. ഇതോടെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്താൻ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവായ ടെക്ചന്ദിനെ നിയോഗിച്ചു.

‘ടോക്കിയോയിലേക്കുള്ള യാത്രയിൽ വിമാനത്തിൽവച്ച് കോവിഡ് ബാധിതനായ വിദേശിയുമായി മാരിയപ്പൻ തങ്കവേലുവിന് സമ്പർക്കമുണ്ടായതായി സംശയിക്കുന്നു. ഒളിംപിക് വില്ലേജിലെത്തിയശേഷം അദ്ദേഹത്തെ ആറു തവണ കോവി‍ഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എല്ലാ പരിശോധനയിലും ഫലം നെഗറ്റീവാണ്. എങ്കിലും ഇന്നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തങ്കവേലുവിനെ പങ്കെടുപ്പിക്കേണ്ടെന്നാണ് തീരുമാനം’ – പാരാലിംപിക് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

∙ ടോക്കിയോയിലേക്കു വീണ്ടും

കോവിഡ് ഉയർത്തിയ വെല്ലുവിളികളെ മറികടന്ന് ഒളിംപിക്സ് എന്ന വിശ്വകായികമേള വിജയകരമായി സംഘടിപ്പിച്ച ടോക്കിയോയിൽ മറ്റൊരു മഹാമാമാങ്കത്തിനാണ് ഇന്നു തിരി തെളിയുന്നത്.‌ ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടനച്ചടങ്ങ്. paralympic.org എന്ന സൈറ്റിൽ ലൈവ് സ്ട്രീമിങ്ങുണ്ടാകും. സെപ്റ്റംബർ 5 വരെയാണു മേള. മത്സരങ്ങൾ നാളെ തുടങ്ങും. ഇന്ത്യയുടെ മത്സരങ്ങൾ ദൂരദർശനിൽ കാണാം. ശരീരത്തിന്റെ പരിമിതികളെ ആത്മവിശ്വാസത്തിന്റെ കരുത്തിൽ മറികടന്ന താരങ്ങളുടെ വിസ്മയ പ്രകടനം കണ്ട് ഇന്നു മുതൽ കയ്യടിക്കാം.

അഞ്ച് അത്‌ലീറ്റുകളും 6 ഒഫിഷ്യലുകളും ഉൾപ്പെടുന്ന 11 അംഗ സംഘമാകും മാർച്ച് പാസ്റ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. കോവിഡ് മൂലം സമോവ, കിരിബാത്തി, വനൗതു, ടോംഗ എന്നിവിടങ്ങളിലെ പാരാലിംപിക് കമ്മിറ്റികൾ ടീമിനെ അയച്ചിട്ടില്ല. ആഭ്യന്തരപ്രശ്നങ്ങൾമൂലം അഫ്ഗാൻ ടീമും പിൻമാറിയിട്ടുണ്ട്. കർശന നിയന്ത്രണങ്ങളോടെയാണു ഗെയിംസ് നടത്തുന്നത്. വേദികളിലേക്കു കാണികൾക്കു പ്രവേശനമുണ്ടാകില്ല. മത്സരാർഥികളുടെ അംഗപരിമിതിയുടെ തോതനുസരിച്ചാണു മത്സരവിഭാഗങ്ങൾ തീരുമാനിക്കുന്നത്. ആകെ 22 കായികയിനങ്ങളിലായി 540 മത്സരവിഭാഗങ്ങളുണ്ട്.

∙ മെഡൽ പ്രതീക്ഷയിൽ ഇന്ത്യൻ സംഘം

ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് (54) ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. 5 സ്വർണമുൾപ്പെടെ 15 മെഡലുകളാണു രാജ്യം നോട്ടമിടുന്നത്. 9 കായികയിനങ്ങളിലാണ് ഇന്ത്യൻ പാരാ അത്‌ലീറ്റുകൾ മത്സരിക്കുക. റിയോ പാരാലിംപിക്സിൽ 2 സ്വർണവും ഒന്നുവീതം വെള്ളിയും വെങ്കലവുമായി മെഡൽ പട്ടികയിൽ 43–ാം സ്ഥാനത്തായിരുന്നു ഇന്ത്യ. റിയോയിൽ സ്വർണം നേടിയ ദേവേന്ദ്ര ഝജാരിയ (ജാവലിൻ ത്രോ), മാരിയപ്പൻ തങ്കവേലു (ഹൈജംപ്) എന്നിവർ ഇത്തവണയും രംഗത്തുണ്ട്. തന്റെ മത്സരവിഭാഗത്തിലെ ലോക റെക്കോർഡുകാരനാണു നാൽപതുകാരനായ ഝജാരിയ.

മാരിയപ്പൻ തന്റെയിനത്തിൽ ലോക റാങ്കിങ്ങിൽ 2–ാം സ്ഥാനത്തുണ്ട്. ജാവലിനിൽ വിവിധ വിഭാഗങ്ങളിൽ മത്സരിക്കുന്ന ലോക ചാംപ്യൻ സന്ദീപ് ചൗധരി, സുന്ദർ സിങ് ഗുർജർ, അജീത് സിങ്, നവ്‌ദീപ് സിങ് എന്നിവർക്കു മെഡൽ സാധ്യതയുണ്ട്. ബാഡ്മിന്റനിൽ മത്സരിക്കുന്ന പ്രമോദ് ഭഗത്, കൃഷ്ണ നാഗർ, പാരുൾ പാർമർ, പാലക് കോലി എന്നിവരും പ്രതീക്ഷയാണ്. രാകേഷ് കുമാർ, ശ്യാം സുനദർ, വിവേക് ചിക്കാര, ഹർവീന്ദർ സിങ്, ജ്യോതി ബാലിയൻ (അമ്പെയ്ത്ത്) എന്നിവരിലും ഇന്ത്യ പ്രതീക്ഷ വയ്ക്കുന്നു.

∙ ഇന്ത്യൻ ടീമിൽ മലയാളിയും

പാരാലിംപിക്സിൽ പങ്കെടുക്കുന്ന 54 അംഗ ഇന്ത്യൻ സംഘത്തിൽ മലയാളി സാന്നിധ്യമായി തിരുവനന്തപുരം സ്വദേശി സിദ്ധാർഥ ബാബുവുണ്ട്. കരാട്ടെ ചാംപ്യനായിരുന്നു സിദ്ധാർഥ. 2002ൽ ഉണ്ടായ അപകടത്തിൽ അരയ്ക്കു താഴേക്കു തളർന്നു. പിന്നീടാണു ഷൂട്ടിങ്ങിൽ പരിശീലനം തുടങ്ങിയത്. ദേശീയ പാരാഷൂട്ടിങ് ചാംപ്യനാണ്. ദുബായിൽ നടന്ന ലോക പാരാഷൂട്ടിങ് ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയതോടെയാണു പാരാലിംപിക്സിനു യോഗ്യത നേടിയത്. 

English Summary: India’s flag-bearer Mariyappan Thangavelu in quarantine after possible exposure to Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com