ADVERTISEMENT

മഴ ചാറിയ വേനൽ രാവിൽ കാണികളില്ലാത്ത വേദിയെ സാക്ഷി നിർത്തി ടോക്കിയോ 2020 പാരാലിംപിക് ചടങ്ങുകൾക്ക് പ്രൗഢ ഗംഭീരമായ തുടക്കം. ഏതു പ്രതിസന്ധിയിലും കൊടുങ്കാറ്റിലും ചിറകു വിടർത്താൻ ശ്രമിക്കുന്ന പാരാളിമ്പിയൻമാരുടെ ഒരിക്കലും കീഴടങ്ങാത്ത ആത്മ ധൈര്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തിൽ ‘ഞങ്ങൾക്ക് ചിറകുകൾ ഉണ്ട്’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു മൂന്നു മണിക്കൂർ നീണ്ട ഉൽഘാടന ചടങ്ങ് . 57 വർഷത്തിനുശേഷം പാരാലിംപിക്സ്‌ ജപ്പാനിൽ തിരിച്ചെത്തുമ്പോൾ ലോകത്താദ്യമായി പാരാലിംപിക് ഗെയിംസിനു രണ്ടു തവണ ആതിഥേയത്വം വഹിക്കുന്ന ആദ്യ നഗരമായി ടോക്കിയോ ചരിത്രത്തിൽ പേരെഴുതി ചേർത്തു.

ഗെയിംസ് ഓർമ്മയിൽ നടത്തിയ ബ്ലൂ ഇമ്പൽസ് ആയിരുന്നു പകലിലെ പ്രധാന ആകർഷണം. 1964 ലെ ടോക്യോ ഗെയിംസിനും, 1998 ലെ നാഗാനോ വിൻറ്റർ ഗെയിംസിനും, 2021 ലെ ടോക്യോ ഗെയിംസിനും ശേഷം ഇത് നാലാം തവണയാണ് ജപ്പാനിലെ ആകാശത്ത് ബ്ലൂ ഇംപൾസ് എന്ന പേരിലുള്ള ഒളിമ്പിക് വളയങ്ങൾ ആകാശ കാഴ്ചയായി വിരിഞ്ഞത് . ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ എയറോബാറ്റിക് സംഘമാണ് ഇത്തവണയും ആകാശവിരുന്നൊരുക്കിയത്. മഴക്കാറും കോവിഡ് നിയന്ത്രണങ്ങളും നിഴൽ വീഴ്ത്തിയ പകലിൽ അതിശയ വളയങ്ങളിലേക്ക് സ്മാർട്ട് ഫോണേന്തിയ കൈകളും പ്രതീക്ഷ നിറഞ്ഞ കണ്ണുകളും ഒന്നുകൂടി ഉയർന്നു. പ്രവൃത്തി ദിനമായതു കൊണ്ട് കൂടിയാകണം ഒളിമ്പിക്സ് ദിനം അപേക്ഷിച്ചു സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം ചെറുതായിരുന്നു.

paralympics-inauguration-2
ടോക്കിയോ പാരാലിംപിക്സ് ഉദ്ഘാടന ചടങ്ങിൽനിന്ന് (പാരാലിംപിക്സ് ട്വീറ്റ് ചെയ്ത ചിത്രം)

ദേശീയ സ്റ്റേഡിയത്തിന് മുകളിൽ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നു പ്രയോഗത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങിയത്. ജപ്പാൻ പ്രധാനമന്ത്രി യൊഷിഹിദേ സുഗ, ചക്രവർത്തി നരുഹിതോ, അന്താരഷ്ട്ര പാരാലിമ്പിക്സ്‌ കമ്മറ്റി ചെയർമാൻ ആൻഡ്രൂ പാർസൺ തുടങ്ങി നിരവധി വിശിഷ്‌ട വ്യക്തികൾ പങ്കെടുത്തു .

കയറുകൾ ഉപയോഗിച്ചുള്ള കരകുറി എന്ന സർക്കസ് പ്രകടനത്തിനു ശേഷം അന്ധനായ പിയാനിസ്റ്റും സംഗീതസംവിധായകനുമായ നോബുയുകിയുടെ പ്രകടനം നടക്കുമ്പോൾ ആതിഥേയ രാജ്യത്തിൻറെ പതാകയേന്തി വീല്ചെയറിൽ ജപ്പാനിലെ പരാലിമ്പ്യന്മാർക്കൊപ്പം ആരോഗ്യ പ്രവർത്തകരും വേദിയിലെത്തി. ദേശീയ ഗാനം ആലപിച്ചതും ജാപ്പനീസ് പതാക ഉയർത്തിയതും അന്ധ കലാ കായിക താരങ്ങളായിരുന്നു. തുടർന്ന് വർണ്ണാഭമായ ലേസർ കാറ്റിന് ശേഷം ചുവപ്പ് നീല പച്ച നിറങ്ങളിലുള്ള വലിയ ബലൂണ് കൊണ്ടുണ്ടാക്കിയ പാരാലിമ്പിക്സ്‌ ചിഹ്നവുമായുള്ള നൃത്ത പ്രകടനം .

പിന്നീട് കണ്ണഞ്ചിപ്പിക്കുന്ന ലേസർ പ്രകാശ വിരുന്നിൽ പാരാ എയർപോർട്ട് എന്ന സങ്കൽപ്പത്തിൽ നിർമ്മിച്ച ഉൽഘാടന വേദിയിൽ പാരാലിമ്പിക്സ്‌ പരേഡ് തുടങ്ങി. സ്വന്തമായി രാജ്യമില്ലാതായിപ്പോയ അഭയാര്‍ത്ഥികളുടെ സംഘമായിരുന്നു ആദ്യം. പിന്നാലെ ജാപ്പനീസ് അക്ഷരമാല ക്രമത്തിൽ ഐസ് ലാൻഡ് ആയിരുന്നു തൊട്ടു പിന്നിൽ. രാഷ്ട്രീയ അട്ടിമറി കാരണം അവസാന നിമിഷം വിട്ടു നിന്ന അഫ്‌ഘാൻ പതാകയേന്തി വന്നത് UNHCR എന്ന അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ സംഘടനയുടെ ഉദ്യോഗസ്ഥനാണ്. നമ്മുടെ ത്രിവർണ്ണ പാതകയേന്തി പാര ജാവലിൻ താരം തേക് ചന്ദ് !

paralympics-inauguration-1
ടോക്കിയോ പാരാലിംപിക്സ് ഉദ്ഘാടന ചടങ്ങിൽനിന്ന് (പാരാലിംപിക്സ് ട്വീറ്റ് ചെയ്ത ചിത്രം)

54 അംഗ ടീമിനെ പ്രതിനിധീകരിച്ചു ഒരൊറ്റ കളിക്കാരനായി അദ്ദേഹവും കൂടെ അനുഗമിച്ചത് 8 ഉദ്യോഗസ്ഥരും. ഇറാനിലെ രണ്ടര മീറ്റർ ഉയരമുള്ള താരവും, വായിൽ റാക്കറ്റ് പിടിച്ചു കാലുകൊണ്ട് പന്തുയർത്തി ടേബിൾ ടെന്നീസിൽ പങ്കെടുക്കുന്ന ഈജിപ്ഷ്യൻ സെയ്നി ഹമദോതുവും, പാരാലിമ്പിക്സിന്റെ ജന്മസ്ഥലക്കാരായ ഇംഗ്ലണ്ടും, ആദ്യമായി വനിതാ താരങ്ങളുമായി വന്ന സൗദി അറേബ്യൻ ടീമും, അന്ധവിശ്വാസങ്ങൾ ജീവൻ വരെ അപകടത്തിലാക്കുന്ന ആൽബിനോ അവസ്ഥയുള്ള സാംബിയൻ അന്ധ താരം മോണിക്ക മുങ്കയും, ഉത്തേജക പ്രശ്നങ്ങൾ കാരണം രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിക്കാത്ത റഷ്യൻ ടീമും, ലോകത്തിലെ ഒന്നാം നമ്പർ ട്രയാത്‌ലോൺ, സ്പാനിഷ് അന്ധ താരം സൂസന റോഡ്രിഗസ് എന്ന ഡോക്ടറും, 240 -ലധികം താരങ്ങളുമായി വന്ന ചൈനയും, പതാക വാഹകർ മാത്രമായി വന്ന ന്യൂസിലാൻഡും, കിമോണോ ഡിസൈൻ വസ്ത്രമിട്ടു വന്നു ആതിഥേയരുടെ ഹൃദയം കവർന്ന ഹംഗറിയും, ആദ്യമായി പാരാലിംപിക്‌സിനു വന്ന ഭൂട്ടാനും, 15 വയസുള്ള താരം പതാക വഹിച്ച പോർച്ചുഗലും, ഒടുവിൽ 2028 ആതിഥേയ രാജ്യമായ അമേരിക്ക, പിന്നിൽ 2024 ആതിഥേയരായ ഫ്രാൻസ്, ഏറ്റവും പിന്നിൽ ആതിഥേയർ ജപ്പാൻ ടീം.

വൈകല്യങ്ങളെ അതിജീവിച്ചു വിവിധ രാജ്യങ്ങുടെ കൊടികൾ പോലെ പല നിറത്തിലും വംശത്തിലും പെട്ട മനുഷ്യരുടെ ഘോഷയാത്ര പോലെ മനോഹരമായ കാഴ്ച വേറെന്തുണ്ട് എന്ന് ചിന്തിച്ച ചന്തമുള്ള നേരം! സഹായ നായയും, വീൽ ചെയറുകളും, സഹായ വടികളും നിഷ്പ്രഭമാക്കിയ ചിരികൾ!

കണ്ണഞ്ചിപ്പിക്കുന്ന ലേസർ പ്രകാശ വിരുന്നിൽ പാരാ എയർപോർട്ടായി മാറിയ വേദി!! ഒരുനാൾ മറ്റുള്ളവരെ പോലെ ആകാശത്തു പറന്നുയരണമെന്ന് സ്വപ്നം കാണുന്ന ഒറ്റച്ചിറകുള്ള കുഞ്ഞു വിമാനത്തിൻ്റെ വ്യഥകൾ ഹൃദയ സ്പര്ശിയായി വൈകല്യമുള്ള കലാസംഘം അവതരിപ്പിച്ചതിന് ലോകത്തിലെ അഭയാർത്ഥികളുടെ ടീം ഉൾപ്പടെ 162 രാജ്യങ്ങളിലെ 4400-ലധികം പാരാളിമ്പ്യൻമാരുടെ പ്രതിനിധികൾ സാക്ഷിയായി. തുടർന്ന് സംസാരിച്ച ഗെയിംസ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഹാഷിമോതോ സംസാരിച്ചത്

paralympics-inauguration-3
ടോക്കിയോ പാരാലിംപിക്സ് ഉദ്ഘാടന ചടങ്ങിൽനിന്ന് (പാരാലിംപിക്സ് ട്വീറ്റ് ചെയ്ത ചിത്രം)

വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞു പിന്തുണയ്ക്കാനും യാതൊരു വിവേചനമോ തടസ്സങ്ങളോ ഇല്ലാതെ എല്ലാവർക്കും സുഗമമായി ജീവിക്കാൻ കഴിയുന്ന ഒരു സഹവർത്തിത്വ സമൂഹം കെട്ടിപ്പടുക്കുന്നതിനു വേണ്ടിയുള്ള പ്രതീക്ഷയെ കുറിച്ചുമാണ് . പാരാലിമ്പിക്‌സ്‌ കായിക താരങ്ങളോട് അനന്തമായ സാധ്യതകളെയും പരിമിതികൾ മറികടക്കാനുള്ള കഴിവിനെയും കാണിച്ചു കൊടുത്തുക്കാൻ ആഹ്വനം ചെയ്തു.

ആഗോള ജനസംഖ്യയുടെ 15 % വൈകല്യമായുള്ളവരാണ് . ലോകമെങ്ങും മനുഷ്യനെ നാലു ചുമരുകൾക്കകത്തേക്ക് ചുരുക്കിയ മഹാമാരിക്കാലത്ത് വൈകല്യമുള്ള ജനവിഭാഗം ഒന്നുകൂടി പുറകിലേക്ക് മാറ്റപ്പെട്ടു, പല സേവനങ്ങളും നിഷേധിക്കപ്പെട്ടു. വൈകല്യമുള്ളവരെ കേന്ദ്ര സ്ഥാനത്തു നിർത്തി അവരുടെ ശബ്ദം കേൾപ്പിക്കുന്ന ഒരേയൊരു ആഗോള പരിപാടിയാണ് പാരാലിമ്പിക്സ്‌. #WeThe15 എന്ന വൈകല്യമുള്ള 1.2 ബില്യൺ മനുഷ്യർക്കെതിരെയുള്ള വിവേചനത്തിനെതിരെ നടന്ന ലോകത്തിലെ ഏറ്റവും വലിയ ക്യാമ്പയ്ൻ ഹാഷ്ടാഗ് വേദിയിൽ തെളിഞ്ഞു .

അതിനു ശേഷം അഭിവാദ്യം അർപ്പിച്ചു പാരാലിംപിക്സ് കമ്മിറ്റി പ്രസിഡന്റ് ആൻഡ്രൂ പാർസൺ പറഞ്ഞത് ഏതൊരു കായികമത്സത്തിനും മുകളിലാണ് പാരാലിംപിക്സ്‌ എന്നാണ് . പാര-അത്ലറ്റുകളുടെ പ്രതിസന്ധികൾ മറികടക്കാനുള്ള കഴിവ് ലോകമെമ്പാടുമുള്ള നിരവധി ആളുകളെ ശാക്തീകരിക്കുമെന്ന പ്രതീക്ഷ പങ്കു വച്ചു . തുടർന്ന് 2020 ടോക്യോ പാരാലിമ്പിക്സ് ആരംഭിച്ചതായി ചക്രവർത്തി നരുഹിതോ പ്രഖ്യാപിച്ചു . പിന്നാലെ ഭിന്നശേഷിക്കാർ നയിച്ച ഓർക്കസ്ട്രയുടെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള താരങ്ങൾ പാരാലിമ്പിക് പതാകയേന്തി വേദിയിലെത്തി. പതാകയുയത്തി "പാര-സ്പോർട്ടുകളിലൂടെ ലോകത്തെ മികച്ച സഹവർത്തിത്വ സമൂഹമാക്കാൻ പാരാലിമ്പിക്സിൽ പങ്കെടുക്കുമെന്ന് താരങ്ങൾ പ്രതിജ്ഞ ചെയ്തു .

വീണ്ടും വൈകല്യങ്ങളുള്ള നർത്തകർ, സംഗീതജ്ഞർ, ഡൗൺസ് സിൻഡ്രോം, ലൈംഗിക ന്യൂനപക്ഷങ്ങൾ ഒക്കെ ചേർന്നുള്ള വർണ്ണോജ്വലമായ റോക് നൃത്ത ശിൽപം, അക്രോബാറ്റിക് നൃത്ത പ്രകടനം. പാരാലിമ്പിക്സിന്റെ ജന്മസ്ഥലമായ ഇംഗ്ലണ്ടിലെ സ്റ്റോക്ക് മാൻഡെവില്ലിലും ജപ്പാനിലുടനീളമുള്ള 880 ലധികം സ്ഥലങ്ങളിലും ഓരോ പ്രദേശത്തിന്റെയും തനതായ രീതികൾ അനുസരിച്ച് പന്തം കത്തിക്കുന്ന പശ്ചാത്തലത്തിൽ ദീപശിഖ വേദിയിൽ എത്തിച്ചു . പാരാ കായിക താരങ്ങൾ ഡോക്ടർ നേഴ്‌സ് വൈകല്യ പരിശീലകൻ തുടങ്ങിയവർ കൈമാറി ദീപം! വീൽചെയർ ടെന്നീസ് താരം യുയി കാമിജി, ബോക്സർ ഷുൻസുകെ ഉച്ചിദ, പാരപവർലിഫ്റ്റിംഗ് കതാരം കബയാഷി മോറിസാക്കി എന്നിവർ ചേർന്ന് ദീപശിഖ കത്തിച്ചു.വീണ്ടും വേദിയിൽ നിന്ന് മാനം മുട്ടെ ഉയർന്ന വെടിക്കെട്ട്. പാരാലിമ്പിക്സ്‌ ന് തിരി തെളിഞ്ഞു. ഇനി ലോകമെങ്ങുമുള്ള മനുഷ്യർക്ക് വീണിടത്തു നിന്ന് എഴുന്നേറ്റ് പറക്കാനുള്ള ശക്തിയും പ്രതീക്ഷയും നൽകുകാനായി പാരാ -കായിക മത്സരത്തിന്റെ 13 ദിവസങ്ങൾ !!

English Summary: Paralympics begin in Tokyo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com