ADVERTISEMENT

ന്യൂഡൽഹി ∙ ചില ‘അജൻഡ’കളുടെ ഭാഗമായുള്ള വിവാദങ്ങളിലേക്കും വിദ്വേഷ പ്രചാരണങ്ങളിലേക്കും തന്റെ പേരു വലിച്ചിഴയ്ക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ ടോക്കിയോ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ഇന്ത്യൻ കായിക മേഖലയുടെ പൂർണ പിന്തുണ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നീരജ് പറഞ്ഞ വാക്കുകൾ വളച്ചൊടിച്ച്, പാക്കിസ്ഥാൻ താരം നീരജിന്റെ ജാവലിനിൽ കൃത്രിമം കാട്ടിയെന്ന് സ്ഥാപിക്കാൻ ഒരു വിഭാഗം ആളുകൾ ശ്രമിച്ചിരുന്നു. ഇതിനെതിരെയാണ് നീരജ് രൂക്ഷമായി പ്രതികരിച്ചത്. നീരജിന്റെ നിലപാടാണ് ശരിയെന്ന് ചൂണ്ടിക്കാട്ടി ടോക്കിയോയിൽ മെഡൽ നേടിയ ഗുസ്തി താരം ബജ്‌രംഗ് പൂനിയ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

ഒരാൾ പാക്കിസ്ഥാൻകാരനായതുകൊണ്ടു മാത്രം വിമർശിക്കണമെന്ന് നിർബന്ധമുണ്ടോയെന്ന് ബജ്‌രംഗ് പൂനിയ ചോദിച്ചു. ‘ഒരു കായിക താരം പാക്കിസ്ഥാൻകാരനാണെങ്കിലും അല്ലെങ്കിലും അയാൾ ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നയാളാണ്. ഒരാൾ പാക്കിസ്ഥാൻകാരനായതുകൊണ്ട് അയാൾക്കെതിരെ എന്തെങ്കിലുമൊക്കെ പറയാമെന്ന് ചിന്തിക്കുന്നത് ശരിയാണോ? കായികതാരങ്ങളോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കണം’ – പൂനിയ പറഞ്ഞു.

ടോക്കിയോ ഒളിംപിക്സ് ഫൈനലിനിടെ പാക്കിസ്ഥാൻ താരം അർഷാദ് നദീം തന്റെ ജാവലിൻ എടുത്തിരുന്നെന്നും തുടർന്നു അതു തിരിച്ചുവാങ്ങിയെന്നും കഴിഞ്ഞദിവസം ഒരു അഭിമുഖത്തിൽ നീരജ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ, സമൂഹമാധ്യമങ്ങളിൽ പാക്ക് താരത്തിനെതിരെ വ്യാപക വിമർശനമുയർന്നു. നീരജിന്റെ ജാവലിനിൽ അർഷാദ് നദീം കൃത്രിമം കാട്ടാൻ ശ്രമിച്ചുവെന്നായിരുന്നു പ്രചാരണം. ഇതിനെത്തുടർന്നാണു വാസ്തവം വെളിപ്പെടുത്തി ഇന്ത്യൻ താരം രംഗത്തെത്തിയത്.

ഫൈനലിലെ ആദ്യ ഊഴമെത്തിയപ്പോൾ ജാവലിൻ കണ്ടില്ലെന്നും പാക്ക് താരത്തിൽനിന്ന് അതു തിരികെ വാങ്ങാൻ സമയമെടുത്തതോടെ ആദ്യ ഊഴം വേഗത്തിൽ പൂർത്തിയാക്കേണ്ടി വന്നുമെന്നുമാണ് നീരജ് അഭിമുഖത്തിൽ പറഞ്ഞത്. മത്സരത്തിൽ 5–ാം സ്ഥാനത്തായിരുന്നു പാക്ക് താരം. ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് കായിക മത്സരങ്ങൾ പകർന്നു നൽകുന്നതെന്നും തന്റെ പേര് ഉപയോഗിച്ചുള്ള വിവാദങ്ങൾ ഏറെ വേദനിപ്പിച്ചുവെന്നും നീരജ് ചോപ്ര വ്യക്തമാക്കി.

‘സ്ഥാപിത താൽപര്യങ്ങളുടെയും അജൻഡകളുടെയും ഭാഗമായുള്ള വിദ്വേഷ പ്രചാരണത്തിന്റെ എന്റെ വാക്കുകളെ വളച്ചൊടിച്ച് ഉപയോഗിക്കരുതെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു. ഒരുമയുടെ പാഠമാണ് സ്പോർട്സ് നൽകുന്നത്. എന്റെ ചില പ്രസ്താവനകൾ വളച്ചൊടിച്ച് നടക്കുന്ന കുപ്രചാരണങ്ങൾ നിരാശപ്പെടുത്തുന്നു’ – നീരജ് ചോപ്ര പറഞ്ഞു.

English Summary: Bajrang backs Neeraj protest over ‘agenda’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com