ADVERTISEMENT

ടോക്കിയോ ∙ ചക്രക്കസേരയിലിരുന്ന് ടേബിൾ ടെന്നിസ് കളിക്കുന്ന ഗുജറാത്തുകാരി ഭാവിനാബെൻ പട്ടേലിലൂടെ ടോക്കിയോ പാരാലിംപിക്സിൽ ആദ്യ മെഡൽ ഉറപ്പിച്ച് ഇന്ത്യ. വനിതാ സിംഗിൾസിലെ ആദ്യ മത്സരത്തിൽ തോറ്റശേഷം തുടർച്ചയായി നാലു മത്സരങ്ങളിൽ വിജയം നേടി ഫൈനലിൽ കടന്നാണ് മുപ്പത്തിനാലുകാരി ഭാവിന രാജ്യത്തിനായി മെഡൽ ഉറപ്പിച്ചത്. സെമിയിൽ കടന്നപ്പോൾത്തന്നെ ഭാവിന മെഡൽ ഉറപ്പിച്ചിരുന്നു. പാരാലിംപിക്സ് ചരിത്രത്തി‍ൽ ടേബിൾ ടെന്നിസിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് ഭാവിനയിലൂടെ സ്വന്തമാകുന്നത്. ക്ലാസ് 4 (അരയ്ക്കു താഴോട്ടു തളർന്നവർ) വിഭാഗത്തിലാണു ഭാവിനയുടെ മുന്നേറ്റം.

ഇന്നു രാവിലെ നടന്ന സെമി പോരാട്ടത്തിൽ ചൈനയുടെ ലോക മൂന്നാം നമ്പർ താരം ഷാങ് മിയാവോയെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് തകർത്താണ് ഭാവിന ഫൈനലിൽ കടന്നത്. 7-11, 11-7, 11-4, 9-11, 11-8 എന്ന സ്കോറിനാണ് ഭാവിനയുടെ വിജയം. വെറും 34 മിനിറ്റിലാണ് ഭാവിന എതിരാളിയെ തകർത്തുവിട്ടത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ചൈനയുടെ തന്നെ യിങ് സൂവാണ് ഭാവിനയുടെ എതിരാളി.

ക്വാർട്ടറിൽ സെർബിയയുടെ ലോക 5–ാം നമ്പറും റിയോ ഒളിംപിക്സിലെ സ്വർണജേത്രിയുമായ ബോറിസ്ലാവ റാങ്കോവിച്ചിനെയാണ് ഇന്ത്യൻ താരം അട്ടിമറിച്ചത് (11–5, 11–6, 11–7). ഗ്രൂപ്പിലെ ആദ്യ മത്സരം തോറ്റാണു ഭാവിന തുടങ്ങിയത്. പക്ഷേ, 2–ാം മത്സരം ജയിച്ചതോടെ പ്രീക്വാർട്ടറിലേക്ക്. അവിടെയും ജയം നേടി ക്വാർട്ടർ ഫൈനലിൽ. ക്വാർട്ടറിൽ അട്ടിമറിയോടെ സെമിയിലേക്ക്; മെഡലും ഉറപ്പാക്കി.

വനിതാ സിംഗിൾസിൽ മത്സരിച്ച മറ്റൊരു ഇന്ത്യക്കാരി സോണാൽബെൻ പട്ടേൽ ഗ്രൂപ്പിലെ 2 മത്സരങ്ങളും തോറ്റു നേരത്തേ പുറത്തായിരുന്നു. വനിതാ ഭാരോദ്വഹനത്തിൽ സക്കീന ഖാത്തും 5–ാം സ്ഥാനം നേടി. പുരുഷ അമ്പെയ്ത്തിൽ രാകേഷ് ശർമ റാങ്കിങ് റൗണ്ടിൽ മൂന്നാമതെത്തി.

∙ ഭാവിന ജയിച്ചു; പോളിയോ തോറ്റു

ഒന്നാം വയസ്സിൽ പോളിയോ ബാധിച്ചാണു ഭാവിനാബെൻ പട്ടേലിന്റെ അരയ്ക്കുതാഴേക്കു തളർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലെ വഡനഗറിലാണു ഭാവിനയുടെ ജനനം. 12–ാം ക്ലാസ് വരെ നാട്ടിലെ സ്കൂളിൽ പഠിച്ചശേഷം അഹമ്മദാബാദിലേക്കു മാറി. അവിടെ ആദ്യം കംപ്യൂട്ടർ പഠനം. അതിനൊപ്പം ടേബിൾ ടെന്നിസും കളിച്ചു തുടങ്ങി. ഗുജറാത്ത് സർവകലാശാലയിൽനിന്നു ഡിഗ്രി നേടിയതിനൊപ്പം മത്സരവേദികളിലും തിളങ്ങി.

ബെംഗളൂരുവിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ പാരാ ടേബിൾ ടെന്നിസിൽ ജേതാവായതോടെ കഥ മാറി. 2016ൽ റിയോ പാരാലിംപിക്സിനു യോഗ്യത നേടിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ മത്സരിക്കാൻ പറ്റിയില്ല. അതിന്റെ സങ്കടം മറികടന്നു പരിശീലനം തുടർന്നു. 2018ൽ ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ. ഒടുവിൽ ടോക്കിയോ പാരാലിംപിക്സിനു യോഗ്യത. മെഡൽ ഉറപ്പിച്ച് ചരിത്രത്തിന്റെ ഭാഗമാകുമ്പോൾ ഭർത്താവ് നികുൽ പട്ടേൽ പിന്തുണയുമായി ഒപ്പമുണ്ട്.

∙ ഉത്തേജകം; വിലക്ക്

പാരാലിംപിക്സിൽ സൈക്ലിങ്ങിൽ വെങ്കലം നേടിയ പോളണ്ടിന്റെ മാർസിൻ പോളക്കിനു ഉത്തേജക ഉപയോഗത്തിന്റെ പേരിൽ വിലക്ക്. 3 ആഴ്ച മുൻപു ശേഖരിച്ച പോളക്കിന്റെ സാംപിളിലാണു നിരോധിത വസ്തുവിന്റെ അംശം കണ്ടെത്തിയത്. താരത്തിന്റെ മെഡൽ തിരിച്ചെടുക്കും.

English Summary: Bhavinaben Patel Reaches Final, Assured Of At Least Silver Medal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com